വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഗിരിജ പുഷ്‌കരനും(സി.പി.ഐ) വൈസ് പ്രസിഡന്റായി ടി പ്രസാദും (സി.പി.എം) തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ രാജലക്ഷ്മിയെയാണ് അഞ്ചിനെതിരെ പത്ത് വോട്ടുകൾക്ക് ഗിരിജ പരാജയപ്പെടുത്തിയത്.ബി.ജെ.പിയുടെ ഒരംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.സ്വതന്ത്ര അംഗം യോഗത്തിൽ ഹാജരായില്ല. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ് യു.ഡി.എഫിലെ പി ഡി ജോർജിനെയുമാണ് പരാജയപ്പെടുത്തിയത്.ഉദയനാപുരം പഞ്ചായത്ത് പതിനേഴാം വാർഡ് അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗിരിജ പുഷ്‌കരൻ.ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രസാദ് ഒന്നാം വാർഡിന്റെ പ്രതിനിധിയാണ്. വിജയികളെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. യോഗത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി ആർ ബിജു അദ്ധ്യക്ഷത വഹിച്ചു.ഇടതു മുന്നണി നേതാക്കളായ കെ.വേണുഗോപാൽ, ടി.ടി സെബാസ്റ്റ്യൻ, കെ.ജി രാജു, സാബു പി.മണലൊടി, അഡ്വ.എം.ജി രഞ്ജിത്ത്, എ.പി നന്ദകുമാർ, കെ.രവികുമാർ, പി.എസ് മോഹനൻ, പി.കെ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.