
ചങ്ങനാശേരി : സർക്കാർ പ്രഖ്യാപിച്ച തറവിലയും താങ്ങാകാതായതോടെ കർഷകർ കണ്ണീർക്കയത്തിൽ. ഏത്തക്കുലയ്ക്ക് വില കുത്തനെ ഇടിയുകയാണ്. ഓണക്കാലത്ത് 65 മുതൽ 70 രൂപ വരെയായിരുന്നു വില. കർഷകർക്ക് 40 മുതൽ 45 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ ലഭിക്കുന്നതാകട്ടെ 20 രൂപയാണ്. മാർക്കറ്റിൽ 23, 25 എന്നിങ്ങനെയാണ് കച്ചവടക്കാർക്ക് ലഭിക്കുന്നത്. വയനാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് വാഴക്കുലകൾ എത്തുന്നത്. ഇതോടെ പ്രദേശികമായി ഉത്പാദിപ്പിച്ച കുലകൾ വിറ്റഴിക്കാനാകാതെ കർഷകർ നെട്ടോട്ടമോടുകയാണ്. വരും മാസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ ഏത്തക്കുലകൾ വിപണിയിൽ എത്തി തുടങ്ങും.
സബ്സിഡിയെങ്കിലും കിട്ടുമോ
കർഷകന് സബ്‌സിഡി ലഭിക്കാത്തതും ഇരുട്ടടിയാകുന്നു. വിത്ത് ഒന്നിന് പ്രദേശികമായി വാങ്ങുമ്പോൾ 15 മുതൽ 18 രൂപ വരെ നൽകണം. ഇതിന് പുറമെ വലിയൊരു തുക പണിക്കൂലിയായും മുടക്കണം. വളം, വിത്ത് എന്നിവ സബ്സിഡി നിരക്കിൽ കിട്ടിയിരുന്നെങ്കിൽ പ്രശ്നത്തിന് ചെറിയ ആശ്വാസം കിട്ടും. ത്രിതല പഞ്ചായത്ത് തലത്തിൽ പ്രദേശിക ലേലവിപണികൾ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. വഴിയോരക്കച്ചവടം വർദ്ധിച്ചത് മാർക്കറ്റിലെ കച്ചവടക്കാർക്ക് ഇരുട്ടടിയായി.
കൃഷി അവസാനിപ്പിക്കാൻ കർഷകർ
ഏത്തവാഴ, കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്യുന്ന ചെറുകിട കർഷകരുമാണ് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. പാട്ടത്തിനെടുത്തും കടംവാങ്ങിയും സ്വന്തമായും സംഘമായും കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് ബുദ്ധിമുട്ടിലായത്. പ്രദേശികമായി ഉത്പാദിപ്പിക്കുന്ന വിളകൾക്ക് വില കിട്ടാതെയായതോടെ കൃഷി അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഭൂരിഭാഗം കർഷകരും.
വഴിയോരക്കച്ചവടം വർദ്ധിച്ചതും വില കുറച്ച് വില്ക്കുന്നതും മാർക്കറ്റിലെ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ചെറുപഴങ്ങളുടെയും സമാന സ്ഥിതിയാണ്. വില കൂടുമെന്നാണ് പ്രതീക്ഷ.
(നടരാജൻ, മാർക്കറ്റ് വാഴക്കുല കച്ചവടക്കാരൻ)
ന്യായവില കിട്ടാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്. മുടക്ക് മുതൽ പോലും ലാഭകരമല്ലാത്ത സ്ഥിതിയാണ്.
(ബേബിച്ചൻ, ചെറുകിട കർഷകൻ)
ഇങ്ങനെ വാടരുതേ പൊന്നേ...
ചങ്ങനാശേരി : വിലയും വിളവും കരിഞ്ഞു വീണതോടെ ജില്ലയിലെ കുരുമുളക് കർഷകർ പ്രതിസന്ധിയിൽ. വിളവെടുപ്പ് കാലത്തെ വിലത്തകർച്ചയാണ് കൂടുതൽ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് 700 രൂപ വരെ കിലോയ്ക്ക് വിപണിയിൽ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 390 രൂപയായി കുറഞ്ഞു. എന്നാൽ കുരുമുളകുമായി വിപണിയിൽ എത്തുന്ന കർഷകന് ഗുണനിലവാരം അനുസരിച്ച് 300 രൂപയിൽ കൂടുതൽ ലഭിക്കുന്നില്ല. മുൻപുണ്ടായിരുന്ന പകുതി വിളവും ഇപ്പോൾ ലഭിക്കുന്നില്ല.
കാലാവസ്ഥവ്യതിയാനവും വില്ലൻ
കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഉത്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വെയിൽ കടുത്തതോടെ മുളക് വേഗത്തിൽ പഴുക്കാൻ തുടങ്ങി. ഇത് കൊഴിയുന്നതിനും ഇടയാക്കുന്നു. ഉത്പാദനം കുറഞ്ഞെങ്കിലും കൂലിയിലുണ്ടായ വർദ്ധനവ് കർഷകന് താങ്ങാവുന്നതിലും അധികമാണ്. കുരുമുളക് പറിക്കുന്നതിന് ആയിരം രൂപ കൊടുക്കണം. കൊവിഡിനെ തുടർന്ന് തോട്ടങ്ങളിൽ പണിക്കാരെ കിട്ടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
പിന്തിരിഞ്ഞ് കർഷകർ
പ്രതിദിനം പത്തു കിലോയിൽ താഴെ മുളക് മാത്രമേ പറിക്കാൻ സാധിക്കുന്നുള്ളൂ. ഇത് ഉണങ്ങിവരുമ്പോൾ കൂലി കൊടുത്തുകഴിഞ്ഞ് തുച്ഛമായ തുകയാണ് കർഷകന് ലഭിക്കുന്നത്. മുടക്കുമുതൽ തിരിച്ചുകിട്ടാത്തതിനാൽ പരമ്പരാഗത കർഷകർ പോലും കുരുമുളക് കൃഷിയിൽനിന്ന് പിന്തിരിയുകയാണ്.