sky

കോട്ടയം : ഇന്ന് പുതുവർഷത്തിലേക്ക് കടക്കുമ്പോഴും ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെ " ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമെന്ന്" പറയാവുന്ന നിരവധി വികസന പദ്ധതികളാണ് കോട്ടയത്ത് എങ്ങുമെത്താതെ നിൽക്കുന്നത്. റെയിൽ മാർഗം ഇന്ത്യയിൽ എവിടെ നിന്ന് ശബരിമലയിൽ ഭക്തലക്ഷങ്ങൾക്ക് എത്താൻ കഴിയുന്ന ശബരി റെയിൽപ്പാത ശബരിമല വികസനത്തിന് ഏറെ സഹായകമായ പദ്ധതിയായിരുന്നു. ബി.ജെ.പി സർക്കാരിന് ഏറെ താത്പര്യമുള്ള പദ്ധതിയെന്ന നിലയിൽ ഫണ്ടിനും മറ്റ് അനുമതിക്കും ബുദ്ധിമുട്ടില്ലായിരുന്നു. പദ്ധതിക്ക് ടോർപ്പ‌ഡോവച്ചത് കേരളത്തിലെ രാഷ്ട്രീയക്കാരായിരുന്നു. സർവേ പോലും ജനകീയ സമരത്തിന്റെ പേരിൽ തടസപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കാതെ ശബരി പാത ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോൾ. ശബരി വിമാനത്താവളത്തിനുള്ള ബിലീവേഴ്സ് ചർച്ച് വക ഏരുമേലിയിലെ റബർ തോട്ടം ഏറ്റെടുക്കാനുള്ള നടപടി കോടതി കയറി നിൽക്കുകയാണ്. വിമാനത്താവളത്തിനുള്ള സ്പെഷ്യൽ ഓഫീസറെ നിയമിച്ചതല്ലാതെ മറ്റു പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അതിവേഗ റെയിൽപാതയുടെ സർവേ തന്നെ പ്രതിഷേധത്തിനിടയാക്കി. പാതയ്ക്കെതിരെ സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങളെ സംഘടിപ്പിച്ച് യു.ഡി.എഫാണ് രംഗത്തെത്തിയത്. ഇനി യു.ഡി.എഫാണ് അധികാരത്തിൽ വരുന്നതെങ്കിൽ അതിവേഗ പാത പരണത്തുവയ്ക്കുമെന്ന് ഉറപ്പ്.

ഏറ്റുമാനൂർ - ചിങ്ങവനം റൂട്ടിൽ 17 കിലോമീറ്റർ കൂടി റെയിൽപ്പാത പൂർത്തിയായാൽ കായംകുളം - എറണാകുളം റൂട്ടിൽ ഇരട്ടപ്പാതയാകും. പാതയ്ക്കായി പൊളിച്ചിട്ട പാലങ്ങൾ ശരിയാക്കിയിട്ടില്ല. മണ്ണെടുപ്പ് പൂർത്തിയായിട്ടില്ല. ഇതെല്ലാം കഴിഞ്ഞ് ഇരട്ട പാതയിലൂടെ സമീപകാലത്തൊന്നും ട്രെയിൻ ഓടുമെന്ന് തോന്നുന്നില്ല.

പ്രതീക്ഷയ്ക്കും വകയുണ്ട്

വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് വെളുത്ത പുക ഉയരുമെന്നുറപ്പായി. റബർ പാർക്ക് അടക്കം നിരവധി വികസന പദ്ധതികളാണ് അനുബന്ധമായി ആരംഭിക്കുക. നാട്ടകം സിമന്റ്സ് ആധുനികവത്ക്കരിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സർക്കാർ അനുമതിയായി. ഗ്രേസിമന്റ്സ് അടക്കം വൻ വികസനപദ്ധതികളാണിവിടെ നടക്കുക.

എങ്ങുമെത്താത്ത പദ്ധതികൾ

ശബരി റെയിൽപാത

ശബരിമല വിമാനതാവളം

അതിവേഗ റെയിൽ പാത

ഏറ്റുമാനൂർ -ചിങ്ങവനം ഇരട്ട റെയിൽപാത

കോട്ടയം കെ.എസ്.ആർ.ടി.സി കോംപ്ലക്സ്

കോടിമത പുതിയ പാലം

ആകാശ പാത

ചിങ്ങവനം സ്പോർട്സ് കോംപ്ലക്സ്

കച്ചേരിക്കടവ് ബോട്ട് ജെട്ടി നവീകരണം

കോട്ടയം കുമരകം റോഡ് വികസനം