
കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്ക് വോട്ടിംഗ് ശതമാനം കൂടിയതിന്റെ തുടർച്ച നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് പല മണ്ഡലങ്ങളിലും അട്ടിമറി ജയം നേടുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോട്ടയത്തെ രാഷ്ട്രീയം മാറിയെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പിണറായി സർക്കാരിന്റെ സദ്ഭരണത്തിനും യു.ഡി.എഫ് വിട്ട കേരളകോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം ജനങ്ങൾ അംഗീകരിച്ചതുമാണ് ഈ ചരിത്ര വിജയത്തിന് കാരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ഇടതുമുന്നണി ജില്ലാ ചെയർമാൻ എം.ടി ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ 22 ൽ 14 സീറ്റ് എൽ.ഡി.എഫ് നേടി. നേരത്തേ 7 സീറ്റ് മാത്രമാണുണ്ടായിരുന്നത്. അരലക്ഷത്തിലേറെ വോട്ടുകളുടെ വ്യത്യാസം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫുമായുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ 11 ൽ 10 ലും ജയിച്ചു. അര ലക്ഷത്തിലേറെ വോട്ടുകളുടെ വ്യത്യാസം ബ്ലോക്കിൽ യു.ഡി.എഫുമായുണ്ട്. ഗ്രാമപഞ്ചായത്തിൽ 71ൽ 51ലും ഭരണത്തിലെത്തി. നഗരസഭകളിൽ പാലായിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടി. കോട്ടയത്തും ചങ്ങനാശേരിയിലും ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചതും, പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, കോട്ടയം, എന്നിവിടങ്ങളിൽ കൂടുതൽ വോട്ട് ലഭിച്ചതും എൽ.ഡി.എഫിനാണ്. ഈരാറ്റുപേട്ടയിൽ 1000ൽ താഴെ വോട്ടുമാത്രമാണ് യു.ഡി.എഫിന് നേടാനായത്. വിമതരെയും സ്വതന്ത്രരെയും ചാക്കിട്ടു പിടിച്ച് അധാർമ്മികമായാണ് യു.ഡി.എഫ് നഗരസഭയിൽ മുന്നിലെത്തിയത്. കോട്ടയത്ത് കോൺഗ്രസ് വിമതയുടെ മുന്നിൽ കീഴടങ്ങിയാണ് അഞ്ചു വർഷത്തെ അദ്ധ്യക്ഷ സ്ഥാനമടക്കം നൽകിയത്. മുത്തോലിയിൽ യു.ഡി.എഫ് സഹായത്താലാണ് ബി.ജെ.പി ഭരണം പിടിച്ചതെന്നും നേതാക്കൾ പറഞ്ഞു.