പാലാ: കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇനി ഈ കമ്പ്യൂട്ടർ എൻജിനീയറുടെ കൈയിൽ ഭദ്രം. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് കമ്പ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദധാരിയും സ്വകാര്യ എഞ്ചിനീയറിംഗ് കോളജിൽ അദ്ധ്യാപികയുമാണ്.
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വനിതാ സാരഥികളിൽ കമ്പ്യൂട്ടർ എഞ്ചിനീയറായ ഏക പ്രസിഡന്റാണ് നിമ്മി. കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ ഈ 35 കാരി കൊഴുവനാൽ പഞ്ചായത്തിന്റെ എട്ടാം വാർഡ് തോടനാൽ വെസ്റ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളജിൽ നിന്നും ബി.ടെക്കും, തിരുനെൽവേലി എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്നും ഉയർന്ന മാർക്കോടെ എം.ടെക്കും പാസായ നിമ്മി പൈനാവ് ഗവ. എൻജിനീയറിംഗ് കോളജിലും കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലും അദ്ധ്യാപികയായിരുന്നു. കഴിഞ്ഞ 12 വർഷമായി ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപികയാണ്. തോടനാൽ വാക്കപ്പുലത്ത് കുടുംബാംഗമാണ് നിമ്മി.ഭർത്താവ് ട്വിങ്കിൾ രാജിന് ബിസിനസാണ്. ഭർതൃപിതാവ് വി.എസ് രാഘവൻ നായർ ദീർഘകാലം തോടനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥി ദിയാ രാജും ഒന്നാം ക്ലാസുകാരി ദയാ രാജുമാണ് മക്കൾ.