
വയറ് നിറയുന്നതെപ്പോഴാണ്? ഒഴിയുന്നതെപ്പോഴാണ്? അടിക്കടി വാച്ചിൽ നോക്കാറുണ്ടെങ്കിലും അധികമാരും അക്കാര്യം ചിന്തിക്കാറില്ല. മനുഷ്യൻ നിത്യവും രണ്ടോമൂന്നോ നേരം വയറ് നിറയെ ഭക്ഷണം കഴിച്ചെന്നുവരാം. ചിലജീവികൾ രണ്ടോ മൂന്നോദിവസം കൂടുമ്പോൾ മാത്രം. ആഴ്ചയിലൊരിക്കൽ ഇരതേടുന്ന മൃഗങ്ങളുമുണ്ട്. വയറ് നിറയുമ്പോൾ ലഭിക്കുന്ന സുഖം ക്ഷണികമാണെങ്കിലും വർണിക്കാനാവില്ല. പ്രത്യേകിച്ച് ഇഷ്ടഭക്ഷണമാണെങ്കിൽ.
ഭക്ഷണം കഴിച്ചില്ലെങ്കിലും വയറ് നിറഞ്ഞ പ്രതീതി നമുക്കനുഭവപ്പെടാറുണ്ട്. ഇഷ്ടപ്പെട്ടവരുമായി സംസാരിക്കുമ്പോൾ, ഇഷ്ടപ്പെട്ട കലകളിലും വിനോദങ്ങളിലും ഏർപ്പെടുമ്പോൾ ഇങ്ങനെ വയർ നിറഞ്ഞെന്ന തോന്നലുണ്ടാക്കുന്ന പ്രതിഭാസം പ്രകൃതിയുടെ മറ്റൊരു രഹസ്യകോഡ് തന്നെയാകാം.
ജലം വീഞ്ഞാക്കുകയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തുകയും ചെയ്ത ക്രിസ്തുദേവന്റെ സുവിശേഷം നാം ബൈബിളിൽ കാണുന്നു. പ്രകൃതിയുടെ അജ്ഞാതമായ കോഡ് ഭാഷയുമായി ചേർത്തുവായിച്ചാലേ അതിന്റെ സാരാംശം ഗ്രഹിക്കാനാകൂ.
മഹാഭാരതത്തിലുമുണ്ട് ഇതുമായി ബന്ധപ്പെട്ട ചില അതിശയങ്ങൾ. വനവാസകാലത്ത് സൂര്യദേവൻ പാഞ്ചാലിക്ക് നൽകുന്നതാണ് അക്ഷയപാത്രം. എത്രപേർ കഴിച്ചാലും ഒഴിയില്ല. ഒറ്റവ്യവസ്ഥയേയുള്ളൂ. പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ മാത്രം അന്നത്തേക്ക് പാത്രം ശൂന്യമാകും. ഈ പാത്രം പാണ്ഡവരുടെ പക്കലുള്ളതിൽ കൗരവർക്ക് തികഞ്ഞ അസഹിഷ്ണുതയുണ്ടായിരുന്നു. എങ്ങനെയെങ്കിലും അക്ഷയപാത്രം നിർവീര്യമാക്കണം. ആ സമയത്താണ് മൂക്കിൻത്തുമ്പത്ത് കോപമിരിക്കുന്ന ദുർവാസാവ് മഹർഷി എത്തുന്നത്. ദുര്യോധനൻ മഹർഷിയെ പൂജിച്ചും സത്ക്കരിച്ചും സംതൃപ്തനാക്കി. സൂത്രത്തിൽ മദ്ധ്യാഹ്നനേരത്ത് പാണ്ഡവരുടെ അടുത്തുപോകണമെന്നും അപേക്ഷിച്ചു. മഹർഷി സമ്മതിച്ചു. ദുർവാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം കിട്ടിയില്ലെങ്കിൽ അദ്ദേഹം ശപിക്കും.  മഹർഷിയെ ഊട്ടിയാൽ പാണ്ഡവർ ഉച്ച പട്ടിണിയിലാകുമല്ലോ ഇതായിരുന്നു ദുര്യോധനന്റെ കണക്കുകൂട്ടൽ.
ഉച്ചയ്ക്ക് മൃഷ്ടാന്നം കഴിച്ച് പാണ്ഡവർ വിശ്രമിക്കുമ്പോഴാണ് ദുർവ്വാസാവിന്റെവരവ്. പാഞ്ചാലി അമ്പരന്നു. ഇനിയെങ്ങനെ ഭക്ഷണം നൽകും. കോപവും ശാപവും ഉറപ്പ്. എന്തായാലും നകുലസഹദേവന്മാർ മഹർഷിയെയും ശിഷ്യന്മാരെയും നീരാട്ടിനായി ക്ഷണിക്കുന്നു. അതുകഴിഞ്ഞാകാം ഭക്ഷണം. മനമുരുകി പാഞ്ചാലി ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിച്ചു. കൃഷ്ണൻ അക്ഷയപാത്രത്തിന്റെ വശങ്ങളിൽ പറ്റിയത് സ്പർശിച്ച് രുചിച്ചു. പ്രകൃതിയുടെ അതിശയം വിശ്വാസവുമായി കലർന്ന് പ്രവർത്തിക്കുന്നു. നീരാടുമ്പോൾ തന്നെ വയറ് നിറഞ്ഞെന്ന് ദുർവാസാവിനും ശിഷ്യന്മാർക്കും തോന്നുന്നു. പാഞ്ചാലി ഭക്ഷണത്തിനു ക്ഷണിക്കുമ്പോൾ വയറ് നിറഞ്ഞു. ഇനി ഒരിഞ്ചു സ്ഥലം ബാക്കിയില്ലെന്ന് ദുർവാസാവ്.
വയറ് നിറയുന്നത് ഭക്ഷണം കൊണ്ടുമാത്രമല്ല. എന്തൊക്കെ വിഭവങ്ങൾ വിളമ്പിയാലും അനവസരത്തിലെ  ഒരു പിഴയോ  മൊഴിയോ മതി അത് ദഹിപ്പിക്കാൻ. ഒരു തുള്ളിവെള്ളം പോലും കുടിച്ചില്ലെങ്കിലും മനസും വയറും നിറഞ്ഞു എന്ന തോന്നലുണ്ടാക്കാൻ നിഷ്കളങ്കമായ സ്നേഹം മതി. അതിന്റെ രുചിയാകട്ടെ ഒരു ശാസ്ത്രവും ഇതുവരെ നിർവചിച്ചിട്ടുമില്ല.
(ഫോൺ : 9946108220)