
ഫോട്ടോഗ്രാഫേഴ്സ് രംഗത്തേറെയുണ്ടങ്കിലും സൗരയൂഥചിത്രങ്ങൾ എടുക്കുന്നവർ വിരളമാണ്. കാരണം വാനനിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള ടെലസ്കോപ്പിക്ക് കാമറകളിലൂടെ മാത്രമേ ഇതിനു കഴിയൂ. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന വലിയ ഗ്രഹങ്ങളായ സൂര്യചന്ദ്രൻമാരുടെ ചിത്രങ്ങൾ എടുക്കാൻ പറ്റും. പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സൂര്യരശ്മികൾക്കു തീവ്രത കുറവായതിനാൽ സൂരോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും പ്രകൃതി ദൃശ്യങ്ങൾ മിക്കവരും പകർത്താറുണ്ടല്ലോ. എന്നാൽ സൂര്യനെ അപേക്ഷിച്ച് ചന്ദ്രന്റെ രശ്മികൾക്ക് വെളിച്ചം നന്നേ കുറവാണ്. പോരെങ്കിൽ അത് നന്നായി കാണുന്നത് രാത്രിയിലുമാണല്ലോ. ചന്ദ്രന്റെ ഫോട്ടോ സാധാരണ കാമറയിൽ വളരെ ചെറുതായ ഇമേജ് മാത്രമേ കിട്ടുകയുള്ളു. അല്ലെങ്കിൽ ഉയർന്നതരം കാമറയും പ്രത്യേകതരം വലിയ ലെൻസുകളും ഉപയോഗിക്കേണ്ടി വരും. എന്നാൽ ഇതുപരിഹരിക്കാൻ ചില കമ്പനിക്കാർ ഇപ്പോൾ സെൽഫോണിൽ അറ്റാച്ചു ചെയ്യാൻ പറ്റുന്നരീതിയിൽ പ്രത്യേക ലെൻസുകൾ രൂപകൽപ്പന ചെയ്തു വിപണിയിൽ എത്തിക്കുന്നുണ്ട്. അവയ്ക്ക് ഹയർ എൻഡ് ലെൻസിന്റെ വ്യക്തതയൊന്നും അവകാശപ്പെടാനാവില്ല, എങ്കിലും കുറെ വലുതായ ഇമേജ് കിട്ടും. 
കൂടുതൽ മാഗ്നിഫിക്കേഷൻ കിട്ടുമെന്നുള്ളതിനാൽ യുവാക്കൾ പലരും ഇത് വാങ്ങി തങ്ങളുടെ സെൽഫോണിൽ പരീക്ഷിക്കാറുണ്ട്. ഇതിനും പ്രകാശത്തെക്കുറിച്ചു കുറച്ചെങ്കിലും അറിവുണ്ടായിരിക്കുന്നത് നല്ലത്. സ്വാഭികമായും കൂടുതൽ എക്സ്പോഷർ അഥവാ പ്രകാശം ആവശ്യമായി വരുന്നു. അതിനാൽ തീർച്ചയായും കുറഞ്ഞ ഷട്ടർ സ്പീഡിലെ ഫോട്ടോയെടുക്കാൻ കഴിയൂ. തന്മൂലം ഷേക്കുവരാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല വളരെ ദൂരത്തിലുള്ളവ ഫോക്കസ് ചെയ്യുമ്പോൾ നൂറുശതമാനവും ഷേക്കുണ്ടാകുമെന്നും ഉറപ്പാണ്. അപ്പോൾ ട്രൈപ്പോഡ് ആവശ്യമാണ്. പൗർണമി ദിവസവും അതിനു തൊട്ടു മുമ്പും പിമ്പുമുള്ള ദിവസങ്ങളിലും ചന്ദ്രന്റെ പ്രകാശം ഒരു വിധം കൂടുതലായിക്കിട്ടും.
സൂര്യന്റെ ചിത്രങ്ങൾ നേരിട്ടെടുക്കുന്നത് കണ്ണിനും കാമറയ്ക്കും അപകടകരമാണ് .ഭൂതക്കണ്ണാടി ഉപയോഗിച്ച് പഞ്ഞി കത്തിക്കുമ്പോൾ സൂര്യ രശ്മികൾ ഒരു പോയിന്റിലേക്കു കേന്ദ്രീകരിക്കുകയും അവിടെ തീക്ഷ്ണമായ ചൂട് ഉണ്ടായി പഞ്ഞി തീപിടിക്കുകയുമാണ് ചെയ്യുന്നത്. അതുപോലെ സൂര്യന് നേരെ കാമറ പിടിച്ചു ഫോക്കസ് ചെയ്യുമ്പോൾ ആ രശ്മികൾ ഷാർപ്പായി സെൻസറിലേക്കും വ്യൂഫൈൻഡറിലൂടെ നമ്മുടെ കണ്ണിലേക്കുനേരിട്ടും പതിക്കും. ഇതാണ്  ഈ പറഞ്ഞ രണ്ട് കാര്യങ്ങൾക്കും തകരാറുണ്ടാക്കുന്നത്. അതുകൊണ്ടാണ് ലെൻസിലൂടെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണണമെന്നു കാമറ കമ്പനികൾ കാറ്റലോഗുകളിൽ മുന്നറിയിപ്പായി എഴുതുന്നത്. സൂര്യനോളം വലിയ ഒരു പ്രകാശസ്രോതസും ലോകത്തില്ല. ഈ ഫോട്ടോ എന്തിന്റേതാണെന്നു പറഞ്ഞില്ല. ചന്ദ്രന്റെ ഫോട്ടോ ആകുമ്പോൾ ചില കറുത്തപാടുകൾ നമുക്കു നേരിട്ടുകാണാം എന്നാൽ ഇതിൽ അതൊന്നും കാണുന്നില്ലല്ലോ എന്നാണ് ഇത് കണ്ടവർ പലരും ചോദിക്കുന്നത്. പക്ഷേ ഇത് രാവിലെ ഒമ്പതു മണിക്ക് ശേഷം ശക്തമായ മൂടൽ മഞ്ഞിനുള്ളിലൂടെ എടുത്ത സൂര്യന്റെ ചിത്രമാണ്. കൂടുതൽ പരിചയം ഇല്ലാത്തവർ ദയവായി ഇത് പരീക്ഷിച്ചു നോക്കരുത്.