
ഉർവശിയെപോലെ തന്നെ തിലോത്തമയും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലൂടെ ജനിച്ച് അപ്സരസായി തീർന്ന ഒരു സുന്ദരിയാണ്. ഹിരണ്യകശിപുവിന്റെ വംശത്തിൽ സുന്ദൻ എന്നും ഉപസുന്ദൻ എന്നും പേരായ സഹോദരന്മാരായ രണ്ടസുരന്മാർ ജനിച്ചു. ബ്രഹ്മാവിനെ തപസ് ചെയ്തു അനേകം വരങ്ങൾ വാങ്ങിയ ഇവർക്ക് വീണ്ടും വിചിത്രമായ ഒരാഗ്രഹമുണ്ടായി. ദേവന്മാരോ അസുരന്മാരോ ഗന്ധർവന്മാരോ മനുഷ്യരോ മൃഗങ്ങളോ ആരുംതന്നെ അവരെ വധിക്കാൻ പാടില്ലെന്നതായിരുന്നു ആഗ്രഹം. ബ്രഹ്മാവിനെ തപസ് ചെയ്ത് പ്രീതിപ്പെടുത്തി. പ്രത്യക്ഷനായ ബ്രഹ്മാവ് ആവശ്യം കേട്ടശേഷം നിലവിലുള്ള നിയമാവലി പ്രകാരം അത്തരം ഒരുവരം നൽകാൻ കഴിയില്ലെന്നും വേറെ എന്തെങ്കിലും വരം ചോദിച്ചു കൊള്ളാനും ഉപദേശിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ പരസ്പരം യുദ്ധം ചെയ്താൽ മാത്രമേ മരണം സംഭവിക്കാൻ പാടുള്ളൂ എന്ന വരം ചോദിച്ചു. ബ്രഹ്മാവ് വരം അരുളിയ ശേഷം മറഞ്ഞു.
ബ്രഹ്മാനുഗ്രഹം നേടിയ സുന്ദന്മാർ ഒരു കാരണവശാലും അവർ രണ്ടുപേരും തമ്മിൽ യുദ്ധം ചെയ്യാനുള്ള ഒരു സാഹചര്യവും ഉണ്ടാകരുതെന്ന് പരസ്പരം ഉറപ്പുചെയ്ത് ലോകങ്ങളോരോന്നായി ആക്രമിച്ചു കീഴടക്കാൻ തുടങ്ങി. ഭൂമിയും സ്വർഗവും പാതാളവുമെല്ലാം അവരുടെ കീഴിലായി. ദേവന്മാരും മറ്റും ദേവലോകത്തുനിന്നും രക്ഷപ്പെട്ട് ബ്രഹ്മപുരിയിൽ അഭയം തേടി. ഭൂമിയിലെ മനുഷ്യരെ ഭക്ഷിക്കാവുന്നിടത്തോളം അവരും കൂട്ടരുമായി ഭക്ഷിച്ചുതീർക്കാൻ തുടങ്ങി. ദേവലോകത്തെ അപ്സരസുകൾ അവർക്കൊപ്പം ചേർന്ന് അവരെ രസിപ്പിക്കാനും  സന്തോഷിപ്പിക്കാനും സമയം കണ്ടെത്തി. ഗതിമുട്ടിയ ദേവകളും മഹർഷിമാരും ബ്രഹ്മാവിനെകണ്ട് സങ്കടം പറഞ്ഞു. അസുരന്മാർക്ക് വരം കൊടുക്കുമ്പോൾ ഒരുപരിധിയൊക്കെ വേണ്ടേ എന്ന കുറ്റപ്പെടുത്തലും ദേവകൾ ഉന്നയിച്ചു. സങ്കടം ശ്രവിച്ച ബ്രഹ്മാവ് 'അവർക്ക് വരം കൊടുത്ത ഞാൻ തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കിക്കൊള്ളാം" എന്ന് പറഞ്ഞ് ആഗതരെ സമാധാനിപ്പിച്ച് യാത്രയാക്കി.
ചിന്താമഗ്നനായ ബ്രഹ്മാവ് ദേവശില്പിയായ വിശ്വകർമ്മാവിനെ സ്മരിച്ചു വരുത്തി. പ്രശ്നം എന്തെന്നു പറയാതെ ഇപ്പോൾ ദേവലോകത്തുള്ള അപ്സരസുകളെ പിന്നിലാക്കുംവിധം സൗന്ദര്യമുള്ള ഒരു സ്ത്രീ രൂപത്തെ നിർമ്മിച്ചു നൽകണമെന്നപേക്ഷിച്ചു. വിശ്വകർമ്മാവ് സ്വർഗത്തിൽ നിന്നും ലഭ്യമായ വിശിഷ്ടമായ വസ്തുക്കളിൽ നിന്നെല്ലാം എള്ളോളം വീതം (തിലസമം) എടുത്ത് അതി സുന്ദരിയായ ഒരു സ്ത്രീരൂപത്തെ നിർമ്മിച്ച് ബ്രഹ്മാവിന് മുമ്പിൽ ഹാജരാക്കി.
സ്ത്രീരൂപം കണ്ട് ഇഷ്ടമായ ബ്രഹ്മാവ് അവൾക്ക് ജീവൻ നൽകി അനുഗ്രഹിച്ചശേഷം തിലസമം വസ്തുക്കളാൽ രൂപപ്പെട്ട ഉത്തമയായ സ്ത്രീ ആയതിനാൽ തിലോത്തമ എന്ന പേരും നൽകി. അതിനുശേഷം തിലോത്തമയോട് അവൾ നിർവഹിക്കേണ്ട ചുമതല എന്തെന്ന് ബ്രഹ്മാവ് പറഞ്ഞു മനസിലാക്കി. ബ്രഹ്മാജ്ഞ കേട്ട തിലോത്തമ അസുരന്മാരെ അന്വേഷിച്ച് സ്വർഗത്തെത്തി. സൗന്ദര്യവതിയായ ഒരു സ്ത്രീരത്നം അവരുടെ സമീപമെത്തുന്നതുകണ്ട സുന്ദരന്മാർ ഓടിയെത്തി അവളുടെ ഇരുകൈകളിലും പിടിച്ച് സ്വീകരിച്ചു. തിലോത്തമയുടെ സൗന്ദര്യത്തിൽ മതിമറന്ന ജ്യേഷ്ഠൻ അനുജനോട് പറഞ്ഞു: ' അനുജാ, എനിക്കിവളെ വളരെയേറെ ഇഷ്ടപ്പെട്ടുപോയി. ഞാൻ ഇവളെ എന്റെ ഭാര്യയാക്കാനുദ്ദേശിക്കുന്നു."
'ജ്യേഷ്ഠാ അനുജന്മാരുടെ ആഗ്രഹം സാധിപ്പിച്ചു തരേണ്ടത് ജ്യേഷ്ഠന്റെ കടമയല്ലേ? എനിക്കിവളെ അത്രത്തോളം ഇഷ്ടമായതുകൊണ്ടല്ലേ ഞാനോടിപ്പോയി ആദ്യം അവളുടെ കരം പിടിച്ചത്."
അനുജനും പറഞ്ഞു.
തിലോത്തമയുടെ കാര്യത്തിൽ അനുജനും ജ്യേഷ്ഠനും ഒരു അനുരഞ്ജനത്തിനും തയ്യാറായില്ല. തർക്കം മൂത്ത് പരസ്പരം യുദ്ധത്തിൽ കലാശിച്ചു. ഗദായുദ്ധത്തിൽ രണ്ടുപേരും വീറോടെ പൊരുതി പരസ്പരം വധിച്ചും വധിക്കപ്പെട്ടും വിഷയത്തിനു വിരാമമായി. തിലോത്തമയെ ഏല്പിച്ച ദൗത്യം വളരെ ഭംഗിയായി അവൾ നിർവഹിച്ചു. സുന്ദന്മാരെ ഭയന്ന് ദേവലോകം വിട്ടോടിപ്പോയ ദേവകൾ നന്ദി അറിയിക്കാനായി ബ്രഹ്മാവിനെ സമീപിച്ചു. ഞാൻ മൂലം നിങ്ങൾക്കുണ്ടായ പ്രയാസങ്ങൾക്ക് പരിഹാരമായി ഈ തിലോത്തമയെ ഞാൻ നിങ്ങൾക്ക് സമ്മാനിക്കുന്നു. അവൾ ഉത്തമയായ അപ്സരസായി നിങ്ങൾക്കൊപ്പം ഇനി സ്വർഗത്തിലുണ്ടാകും. സന്തോഷത്തോടെ ദേവന്മാർ തിലോത്തമയേയും കൂട്ടി ദേവലോകത്തേക്ക് തിരിച്ചു.
(തുടരും)