
രാക്ഷസന്മാരിൽ പ്രധാനികളായ ത്രിശിരസും ദൂഷണനും നിഗ്രഹിക്കപ്പെട്ടതുകണ്ട് ഖരന് ഭയം തോന്നി. ശ്രീരാമന്റെ പരാക്രമം അപാരമാണല്ലോ. അല്ലെങ്കിൽ ദൂഷണനെയും ത്രിശിരസിനെയും ഇത്ര വേഗം വധിക്കാനാകുമായിരുന്നില്ല. ഒരുവശത്ത് അതിശക്തന്മാരായ പതിനാലായിരം പേരുള്ള രാക്ഷസപ്പട. എതിരിടാൻ മനുഷ്യനായ ശ്രീരാമൻ ഏകനായും. എന്നിട്ടും നാശനഷ്ടമെല്ലാം രാക്ഷസന്മാർക്കും. ഖരന്റെ മനസ് ചഞ്ചലമായി. സമയവും സാഹചര്യവും തീരെ അനുകൂലമല്ല. രാക്ഷസവീരനായ നമുചിയാണ് പിന്നെ ശ്രീരാമനെ എതിരിടാൻ എത്തിയത്.
നമുചിയുടെ യുദ്ധതന്ത്രം അതിശയിപ്പിക്കുന്നതായിരുന്നു. മിന്നൽവേഗത്തിൽ പായുന്ന രഥം. ദുഷ്ടസർപ്പം പോലുള്ള ശരവർഷം. ശ്രീരാമൻ ഒരു ഭാവഭേദവുമില്ലാതെ അതിനെ നേരിടും. രാക്ഷസന്മാരുടെ അസ്ത്രങ്ങൾ കൂട്ടിമുട്ടി തീ പറന്നു. ശരവർഷത്താൽ ആകാശം മൂടി. ശരബാഹുല്യം കാരണം സൂര്യപ്രകാശം പോലും തടയപ്പെട്ടു. അതുകണ്ട് ഖരന്റെ വാശിയും വീറും കോപവും വർദ്ധിച്ചു. ഗത്യന്തരമില്ലാതെ പല ദിവ്യായുധങ്ങളും പ്രയോഗിച്ചു. മദിച്ചുപുളച്ചു നിൽക്കുന്ന കരിവീരനിൽ നിരവധി തോട്ടികൾപോലെ ശ്രീരാമന്റെ ശരീരത്തിൽ ശരങ്ങൾ പതിച്ചു. കാലപാശവുമായി യമൻ വരും പോലുള്ള പ്രതീതി. ഖരന്റെ ആഗമനം കണ്ട് ദിക്കുകൾ വിറച്ചു. രാക്ഷസവീരന്മാരെയും ഭടന്മാരെയും നിഗ്രഹിച്ച ശ്രീരാമന് ക്ഷീണം ഉണ്ടായോ എന്നും ഖരൻ സംശയിച്ചു. എന്നാൽ ഖരനെ നിസാരഭാവത്തിലാണ് ശ്രീരാമൻ വീക്ഷിച്ചത്. മൃഗേന്ദ്രൻ മുയലിനെ നോക്കുംപോലെ. താൻ മഹാപരാക്രമിയും അജയ്യനുമാണെന്ന ഭാവമായിരുന്നു ഖരന്. തിളങ്ങുന്ന തേരിലിരിക്കുന്ന ഖരൻ അജയ്യനായ രാഘവന്റെ സമീപമെത്തിയത് ഈയാംപാറ്റ അഗ്നികുണ്ഡത്തിനടുത്തെത്തുംപോലെ.