
കഥ ഇതുവരെ
ഒരേ അപാർട്മെന്റ് കോംപ്ലക്‌സിലെ ഒരേ നിലയിലാണ് സുമിയും ഭർത്താവ് വിശ്വനാഥനും, സുപർണയും ഭർത്താവ് സജീവും താമസിക്കുന്നത്. തൊട്ടുതൊട്ട ഫ്ലാറ്റുകളിൽ. സുമിയുടെ അനിയത്തിയാണ് സുപർണ. ഉദ്യോഗസ്ഥയായ സുപർണയ്‌ക്കും സജീവിനും ട്രാൻസ്‌ഫറായി. അവർ ഫ്ലാറ്റ് ശബരി എന്ന ആർക്കിടെക്‌ടിന് വാടകയ്‌ക്ക് നൽകുന്നു. ശബരി ഒരു മജിഷ്യൻ കൂടിയാണെന്ന് സുമി അമ്പരപ്പോടെ തിരിച്ചറിയുന്നു.
............................ ........................... ........................ ........................... ........................... ........................... ........................... ........................... ...........................
രഹസ്യങ്ങളുടെ ആഴക്കടലിനെക്കുറിച്ച് അവിചാരിതമായി കടന്നുവരുന്ന അമ്പരപ്പുകളെക്കുറിച്ച് സുമി വായിച്ചിട്ടുണ്ട്. കുട്ടിക്കഥകളിൽ കേട്ടിട്ടുണ്ട്. അത്തരമൊരനുഭവം ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കയറിവരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല. പക്ഷേ, അതാണല്ലോ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
താക്കോൽ വളയത്തിലെ പൂക്കൾ...നിഴലിന്റെ ദുരൂഹത...താമരപ്പൂവിന്റെ വിസ്‌മയം.
''സുമിയെന്താ വല്ലാതെ? "
ഡെയ്സി ചോദിച്ചു.
''വല്ലാതെ വിയർക്കുന്നല്ലോ "
സുമിയുടെ സ്വീകരണമുറിയിൽ അവൾക്കൊപ്പം അല്‌പനേരം. അതുകഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതിയെന്ന് അവൾ നിശ്ചയിച്ചു. നൊമ്പരമുണ്ടായാലും പുറത്തുകാണിക്കാത്ത സദാ പ്രസാദം നടിക്കുന്ന കൂട്ടുകാരിക്ക് എന്തോ അസ്വസ്ഥതയുണ്ട്. ഒരുതരം ഭയം, സംഭ്രമം.
നെറ്റിയിലെ വിയർപ്പ് ചാലിലേക്ക് നോക്കി ഡെയ്സി പറഞ്ഞു.
''എന്തോ കണ്ട് ഭയന്നതുപോലെ. ദുഃസ്വപ്‌നം കാണാൻ നേരം രാത്രിയായിട്ടില്ലല്ലോ. "
ആ വാക്കുകളിൽ സുമിയുടെ മനസ് ലഘൂകരിക്കപ്പെടുമെന്ന് വിചാരിച്ചു. പക്ഷേ, അവൾ ശബ്‌ദിക്കുന്നുണ്ടായിരുന്നില്ല. തെല്ലുനേരം കൂട്ടുകാരിയിൽ മാറ്രം സൃഷ്‌ടിക്കാനാകാതെ ഡെയ്സി വിഷമിച്ചു. പിന്നെയവൾ സുമിയെ മെല്ലെ തൊട്ടുകൊണ്ട് എഴുന്നേറ്റു. ഒന്നും പറയാതെ വാതിൽ തുറന്ന് പുറത്തിറങ്ങുകയും ചെയ്‌തു. ഇത്രകാലവുമുണ്ടായിരുന്ന സുരക്ഷിതത്വം നഷ്‌ടപ്പെട്ടതായി സുമിക്ക് തോന്നി.
കാവൽക്കാരന് തടഞ്ഞുനിറുത്താനാവാത്ത ചോദ്യം ചെയ്യാനാവാത്ത ഒരാൾ. അയൽക്കാരൻ. വാടകയ്‌ക്കാണെങ്കിലും ഇവിടെ പാർക്കാൻ തുടങ്ങുമ്പോൾ ശബരിക്ക് ചില അവകാശങ്ങളുണ്ട്. ഈ സമുച്ചയത്തിന്റെ ഭാഗമായി മാറുകയാണ് അയാൾ. അതോ, വളരെയടുത്ത്. ഇതേ നിലയിൽ. തൊട്ടടുത്ത വാതിൽ. ഇനിയെന്തൊക്കെയാണ് സംഭവിക്കുകയെന്ന് ഊഹിക്കാൻ വയ്യ. ചെറുവിരൽ സഹായം പോലും നൽകാത്ത ഭർത്താവ്.
ശബരിയിൽ നിന്ന് മോശമായ എന്തെങ്കിലും നീക്കമുണ്ടായാൽ ഉടനെ തന്നെ അനിയത്തിയെ അറിയിക്കുക മാത്രമാണ് വഴി. അവളെ വിശ്വസിപ്പിക്കണം. സജീവിനെ ബോദ്ധ്യപ്പെടുത്തണം. ഒരു വാടകക്കാരനെ പെട്ടെന്ന് പിരിച്ചുവിടാൻ പ്രയാസമാണ്. തക്കതായ കാരണം വേണം. ന്യായമായ തീർപ്പുണ്ടാവണം. പരിഭ്രമിക്കാൻ തക്കതായി ഒന്നുമുണ്ടായില്ലല്ലോ എന്ന് സ്വയം ആശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജാലവിദ്യ.
കൗതുകകരമായ വിഷയമാണ്.
പേടിപ്പെടുത്തലിന്റെ നഖമുനകളല്ല, കുട്ടികൾ പോലും ആഹ്ലാദത്തോടെ കാണുന്ന മാജിക്. ശബരി ഒരു മാജിക് കാരനാണെന്ന സത്യം ഭാരമുള്ളതാവാൻ പാടില്ല. മജീഷ്യനായി അരങ്ങുവാഴുന്നവരല്ലാത്ത എത്രയോ ജാലവിദ്യക്കാരുണ്ട്. ഒരു രസത്തിനുവേണ്ടി പഠിച്ചവർ. ഒരു രസത്തിനു വേണ്ടി മിത്രങ്ങൾക്കിടയിൽ പ്രയോഗിക്കുന്നവർ. ശബരിയെ അങ്ങനെ കണ്ടാൽ മതി.
ആശ്വാസത്തിന്റെ തണലിലേക്ക് മനസിനെ കൈപിടിച്ചുകൊണ്ടു പോകുമ്പോഴാണ് ഫോൺ ശബ്‌ദിച്ചത്. വിശ്വനാഥാണ് വിളിക്കുന്നത്. ഓഫീസിലിരിക്കുമ്പോൾ അയാളങ്ങനെ വിളിക്കാറില്ല. വളരെ അത്യാവശ്യമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രമാണ് വിളി. അവൾ കോൾ എടുത്തു.
''അര മണിക്കൂറിനകം ഞാൻ വരും " അയാൾ ധൃതിയിൽ അറിയിച്ചു.
അവൾ മൂളി. ആ അറിയിപ്പിന്റെ പിന്നിൽ ഇനിയുമെന്തോ വരാനുണ്ടെന്ന് തീർച്ച. വരവറിയിക്കാൻ വേണ്ടിമാത്രമായി അയാൾ വിളിക്കുകയില്ല.
''വന്നാലുടനെ പോണം. ഒരു യാത്രയുണ്ട്. തൃശൂരിലേക്ക്. "
എന്തിനാണെന്നവൾ ചോദിച്ചില്ല. തൊഴിൽ സംബന്ധമായ യാത്രയാണെന്നറിയാം. നികുതിക്കണക്കുകളുമായി ഇടയ്‌ക്കിടെ അയാൾ പോവാറുണ്ട്. ചെന്നൈ, ബംഗളുരൂ, ഹൈദരാബാദ്. തൃശൂർ വളരെയടുത്താണല്ലോ. ആ യാത്രയെക്കുറിച്ച് പ്രത്യേകമായി അറിയിക്കേണ്ട കാര്യമില്ല. ഫ്ലാറ്റിലെ വാസമായതുകൊണ്ട് തനിച്ചാവുന്ന തനിക്ക് കൂട്ടിന് ഒരാളെ വിളിക്കേണ്ട കരുതലും വേണ്ട.
''രണ്ട് ഷർട്ട്,പാന്റ്സ്."
ബാഗ് തയ്യാറാക്കി വയ്‌ക്കാനുള്ള നിർദ്ദേശമായിരുന്നു അത്. തൃശൂരിലെ ആവശ്യമാണെങ്കിൽ ഈ രാത്രി പോവേണ്ടതുണ്ടോ, രാവിലെ പോരേ എന്ന ചോദ്യമവൾ ഉയർത്തിയില്ല. അത് അവളെ ബാധിക്കുന്ന വിഷയമായിരുന്നില്ല. ഫോൺ കട്ട് ചെയ്‌തുകഴിഞ്ഞപ്പോൾ അവൾ ബാഗ് തയ്യാറാക്കി. വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ബ്രഷ്, റേസർ,...അത്യാവശ്യകാര്യങ്ങളൊന്നും വിട്ടുപോവാതെ അടുക്കാൻ അവൾ മിടുക്കിയായിരുന്നു. ആവർത്തനത്തിലൂടെ പഠിച്ചുകഴിഞ്ഞിരുന്നു. യാന്ത്രികമായ പൊരുത്തപ്പെടൽ. അല്‌പം കഴിഞ്ഞപ്പോൾ വിശ്വനാഥ് എത്തി. കുളിച്ചു,വേഷം മാറി. അയാളുടെ മനസ് നിറയെ നാളെ സമർപ്പിക്കേണ്ട ചില രേഖകളുടെ കരടുരൂപമായിരുന്നു. തൃശൂരിലെ ബാർ ഹോട്ടൽ ഉടമയായ പെരേരയ്‌ക്കുവേണ്ടിയുള്ള ജോലിയുടെ ഭാഗമായുള്ള ആലോചനകൾ. പെരേരയുടെ ബിസിനസ് ലോകത്തിന്റെ കണക്ക് സൂക്ഷിപ്പുകാരൻ വിശ്വനാഥാണ്. മഹാ സമുദ്രമാണത്. വിശ്വന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗം പെരേരയിൽ നിന്നാണെത്തുന്നത്. മാത്രമല്ല, പെരേര പരിചയപ്പെടുത്തിയ മറ്റ് ബിസിനസുകാരും. തൊഴിലിൽ അതീവ സമർത്ഥനാണ് വിശ്വനാഥ്. കൃത്യതയോടെ വിശ്വാസപൂർവം. വ്യക്തിജീവിതത്തിൽ അയാൾ തന്നിൽനിന്നും വളരെയകലെയാണെങ്കിലും അയാൾ ഒരത്ഭുതമാണെന്ന് സുമിക്ക് തോന്നിയിട്ടുണ്ട്. കണക്കുകളുടെ ആരവത്തിൽ അയാൾ ഭാര്യയെ മറന്നുപോയെങ്കിലും...മറന്നുപോയെന്ന് കുറ്റപ്പെടുത്താനാവില്ല.പരിഗണിക്കാനുള്ള സാവകാശം കിട്ടാത്തതുകൊണ്ടാവാം എന്ന് ആശ്വസിക്കുകയാണ് ബുദ്ധി. ചപ്പാത്തിയും തക്കാളിക്കറിയും കഴിക്കുമ്പോൾ അയാൾ ചോദിച്ചു.
'' മുഷിച്ചിലുണ്ടോ?"
എന്തിനാണെന്ന മറുചോദ്യം അവൾ ഉന്നയിച്ചില്ല. അയാൾ അരികത്തുന്നുണ്ടെന്നത് മുഷിപ്പിന് പരിഹാരമായി തോന്നിയിട്ടില്ല. സാമീപ്യത്തിന്റെ മധുരവും ഊഷ്‌മളതയും ആവേശം കൊള്ളിക്കാറില്ല. ഒരു തലോടലിന്റെ ചിറകിൽ പറക്കാൻ കഴിയാറില്ല. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾമാത്രം. ആരോ നിർബന്ധിച്ചെന്നമട്ടിൽ അയാൾ തൊഴിലിന്റെ കുരുക്കുകളിൽ നിന്ന് വിട്ടുനിന്നു. സ്നേഹിക്കാൻ ശ്രമിച്ചു. പ്രണയിക്കാൻ യത്നിച്ചു. ഇണചേരാൻ ഉത്സാഹം പ്രകടിപ്പിച്ചു. ചെറിയ ആയുസിൽ അവസാനിച്ച മധുവിധു. ഓഫീസിലേക്ക് പോവാൻ തുടങ്ങിയതുമുതൽ അയാൾ മറ്റൊരു മനുഷ്യനായി. ഭാര്യയുടെ മനസും ശരീരവും വിസ്‌മരിച്ചുകൊണ്ട് കുത്തൊഴുക്കിലേയ്‌ക്ക് ചാടിയതുപോലെ. ആ അന്ധാളിപ്പിൽ നിന്ന് കരകയറാൻ അവൾ വിഷമിച്ചു. പിന്നെ, പരാതിയില്ലാത്ത പൊരുത്തപ്പെടലിന്റെ ശാന്തതയിലേക്ക്. അയാളെ തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. കൈവിട്ടുപോയ പട്ടത്തിനെ പിടിച്ചുകൊണ്ടുവരാൻ താത്പര്യപ്പെട്ടില്ല. കാറ്റിൽ, കാറ്രായ് അകലുന്നവൻ...ആ വഴി തടുക്കാൻ വയ്യ.
''പെട്ടെന്ന് തീരുമാനിച്ചതാണ്."
കുറ്റബോധത്തോടെയാണ് അയാൾ സംസാരിക്കുന്നതെന്ന് തോന്നി. അതോ അഭിനയിക്കുന്നതോ? അഭിനയത്തിന്റെയൊന്നും ആവശ്യമില്ലെന്ന് അയാളെ ബോദ്ധ്യപ്പെടുത്തണമെന്ന് തോന്നി. പക്ഷേ, പിന്തിരിഞ്ഞു.
''പെരേര വണ്ടി അയക്കും "
അയാൾ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോൾ അയാളുടെ ഫോൺ ശബ്‌ദിച്ചു. ഡ്രൈവർ താഴെയെത്തിയിട്ടുണ്ടെന്ന അറിയിപ്പായിരുന്നു അത്.
''ഇറങ്ങട്ടെ "
അയാൾ ബാഗെടുത്തു. വാതിൽക്കലേക്ക് നടക്കുന്ന അയാളെ അവൾ അനുഗമിച്ചു. ഒരു ശീലം, ഒരു മര്യാദ.
വാതിൽതുറക്കുന്നതിന് തൊട്ടുമുമ്പ് അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ അവളുടെ കവിളിൽ ചുംബിച്ചു. സ്നേഹമുദ്രയേറ്റുവാങ്ങുമ്പോൾ അവൾ ശരിക്കും ഞെട്ടി. ആ ഉമ്മയുടെ പൊരുൾ അവൾക്ക് ചികഞ്ഞെടുക്കാനായില്ല. അവളുടെ ചുമലിലൊന്ന് തൊട്ടുകൊണ്ട് അയാൾ വാതിൽ തുറന്നു. അവളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളതുപോലെ. അയാൾ ലിഫ്ടിലേക്ക് നടക്കുമ്പോൾ അവൾ വാതിൽക്കൽ നിന്നു. ലിഫ്ട് വരെ ഒപ്പം ചെല്ലുന്ന പതിവ് തെറ്റിച്ചു. ഒരുദിവസം പോലും യാത്രപോവുമ്പോൾ അല്ലെങ്കിൽ ഓഫീസിലേക്കിറങ്ങുമ്പോൾ അയാളിങ്ങനെ ചുംബിച്ചിട്ടില്ല. ചേർത്തുപിടിച്ചിട്ടില്ല. അങ്ങനെയൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് പ്രതീക്ഷിച്ചിട്ടുണ്ട്. എന്നും ഉമ്മ നൽകിയിട്ടിറങ്ങിപ്പോകുന്ന ഭർത്താക്കന്മാരെ കുറിച്ച് പറഞ്ഞഹങ്കരിക്കുന്ന കൂട്ടുകാരികളുടെ വാക്ക് കേട്ട് കൊതിച്ചിട്ടുണ്ട്.കൊതിക്കാൻ മാത്രം ഉപകരിച്ച ഒരു സ്വപ്‌നചിത്രം. പക്ഷേ, ഇന്ന് -
തന്നെ വിട്ടുപോകുന്നതിൽ ഈ രാത്രി തനിച്ചാക്കുന്നതിൽ അയാൾക്ക് ഖേദമുണ്ടോ? വാതിൽക്കലെത്തുവോളം സ്നേഹപ്രകടനമുണ്ടായില്ല, തലോടലുണ്ടായില്ല, ഒരു സ്‌പർശം പോലും ചാരത്തെത്തിയില്ല. എന്താണ് സംഭവിച്ചത്? ഒരു ജാലവിദ്യ. ജാലവിദ്യ എന്ന ചിന്ത. ഒരു നിമിഷം അവളെ കോരിത്തരിപ്പിച്ചു. അടുത്തനിമിഷത്തിൽ ഞെട്ടിപ്പിക്കുകയും. രാത്രി, വീട്ടുസാധനങ്ങൾ നിറച്ച ലോറി ഗ്രൗണ്ടിലെത്തുമ്പോൾ ശബരി പ്രത്യക്ഷപ്പെടും. താക്കോൽ വാങ്ങിക്കാൻ ഇവിടെവരും. ഡോർ ബെൽ ശബ്‌ദിക്കും.
താക്കോലുമായി തനിക്ക് അയാളുടെ മുന്നിൽ വാതിൽ തുറക്കേണ്ടിവരും. വിശ്വനാഥനില്ലാത്ത രാത്രി. പാതിരാത്രിയിൽ അര ദിവസത്തെമാത്രം പരിചയമുള്ള പുരുഷന്റെയടുത്ത് നിൽക്കുമ്പോൾ ഭയമുണ്ടാകും. ദുരൂഹത നിറഞ്ഞ പുരുഷൻ. വിശ്വനുണ്ടായിരുന്നെങ്കിൽ താക്കോൽ കൈമാറാനെങ്കിലും ഉപകരിക്കുമായിരുന്നു. നീരസത്തോടെയാണെങ്കിലും അയാളത് ചെയ്യുമായിരുന്നു.
ഭാര്യ തനിച്ച് താക്കോലുമായി അസമയത്ത് വാതിൽ തുറക്കുന്നത് അനുകൂലിക്കുമായിരുന്നില്ല. ഇപ്പോൾ താൻ ഒറ്റപ്പെട്ടിരിക്കുന്നു. ശബരി വിളിക്കുമ്പോൾ തുറക്കാനോ തുറക്കാതിരിക്കാനോ വയ്യാത്തഅവസ്ഥ. അയാളിന്ന് വരാതിരുന്നെങ്കിൽ. ആ പ്രാർത്ഥനയ്‌ക്ക് അർത്ഥമുണ്ടായില്ല. സുപണർയുടെ ഫോൺ വന്നു.
''ശബരി സജീവേട്ടനെ വിളിച്ചിരുന്നു. ലോറിയെത്താൻ ഇത്തിരി വൈകുമെന്ന്."
''ഇത്തിരി? "
''പാതിരാ കഴിയും. "
സുമിക്ക് അരിശം വന്നു.
''താക്കോൽ വച്ചോളാൻ ഞാൻ പറഞ്ഞതാണ്. അപ്പോൾ ഏതാണ്ട് ന്യായം പറഞ്ഞ് "
''എല്ലാം ചിട്ടയായി ചെയ്യുന്നയാളാണ് ശബരി. "
സജീവ് പകർന്ന അറിവിൽ നിന്നുദിച്ച ശുപാർശ. തെല്ല് സങ്കോചത്തോടെ അവൾ ചോദിച്ചു.
''വിശ്വേട്ടന് ദേഷ്യം വരുമോ? "
''ഉണ്ടായിരുന്നെങ്കിൽ തീർച്ച."
''എവിടെപ്പോയി? "
''ഏതോ ക്ലൈന്റിന്റെ ആവശ്യത്തിന്. "
പെരേര എന്ന വൻകിട ബിസിനസുകാരനെക്കുറിച്ചൊന്നും വിവരിക്കാൻ സുമി താത്പര്യപ്പെട്ടില്ല.
''നന്നായി "
സുപർണ ആശ്വസിച്ചു.
''എന്ത് നന്നായി? "
'' ചേട്ടന്റെ ദുർമുഖം കാണാതെ കാര്യം നടക്കുമല്ലോ."
''ആരാണെന്ന് പോലുമറിയാത്ത ആൾ പാതിരാത്രി വന്ന് മുട്ടിവിളിക്കുന്നത് "
സുമിയുടെ ഈർഷ്യ ശബ്‌ദത്തിൽ കനത്തു.
''അയ്യോ, സജീവേട്ടിന് നന്നായി അറിയുന്ന ആളാണ്. സംശയിക്കുകയേ വേണ്ട."
ആ ഉറപ്പ് അവളെ തൃപ്‌തിപ്പെടുത്തിയില്ല.
''അയാൾക്ക് മാജിക്കറിയാമോ? "
ആ ചോദ്യം സുപർണയ്‌ക്ക് പിടികിട്ടിയില്ല. ഒരുതരം പരിഹാസമാണെന്നാണ് വിചാരിച്ചത്. സൽസ്വഭാവിയെന്ന് താൻ നൽകിയ ബഹുമതിയും മാജിക്കും തമ്മിലെന്ത് ബന്ധം?
സുമി ചോദ്യം വ്യക്തമാക്കി.
''ഞാൻ ചേട്ടനോട് ചോദിച്ചിട്ട് പറയാം. "
സജീവ് വീട്ടിൽതന്നെയുണ്ടായിരുന്നു. അവൾ അയാളോട് തിരക്കുന്നതിന്റെ ശബ്ദം സുമി കേട്ടു. അയാൾ ഒരു മജിഷ്യനാണെന്ന് അറിയില്ലെന്നാണ് സജീവ് നൽകിയ മറുപടി. സുപർണ അത് പകരുകയും ചെയ്‌തു. സുമി അമർത്തി മൂളി.
''എന്താ അങ്ങനെ ചോദിച്ചത്? "
''അയാളിവിടെ - "
സുമി പൂർത്തിയാക്കിയില്ല.
''ഞാൻ പിന്നെ വിളിക്കാം "
അവൾ ഫോൺ കട്ട് ചെയ്‌തു. പന്തികേട് തോന്നിയിട്ടാവും സുപർണ വീണ്ടും വിളിച്ചു. പക്ഷേ, സുമി ഫോണെടുത്തില്ല.
തുടക്കത്തിൽ തന്നെ കല്ലുകടിച്ചതായി സുപർണ ഭയന്നു. താൻ നാട്ടിലില്ലാത്ത സ്ഥിതിക്ക് അയാളുമായി ഇടപെടേണ്ടത് ചേച്ചിയാണ്. വിശ്വേട്ടൻ ഒരു കാര്യത്തിലും തുണയാവുകയില്ലല്ലോ ശബരിയെ ചേച്ചിക്ക് രസിക്കുന്നില്ലെങ്കിൽ ഇനിയുള്ള കാര്യങ്ങളിൽ ചേച്ചിയും സഹകരിക്കില്ല.
''ആ ശബരി കുഴപ്പക്കാരനാണോ? "
അവൾ ചോദിച്ചു
'' ഏയ് " സജീവ് ഉറപ്പുകൊടുത്തു.
കൂടുതൽ ആ വിഷയത്തിലേക്കിറങ്ങി ചെല്ലാൻ കഴിഞ്ഞില്ല. അപ്പോഴേയ്‌ക്ക് മായമോൾ ശാഠ്യം പിടിച്ചു. അവൾക്കൊപ്പം കളിക്കാൻ. കുട്ടിയ കരയിപ്പിക്കാതിരിക്കാനായി അവൾ കളിയിൽ ചേർന്നു. ചേച്ചിയുമായി പിന്നീട് സംസാരിക്കാം.
സൗകര്യമായി. ഇഷ്‌ടക്കേടുണ്ടായാൽ ആ വാടകക്കാരനുമായി ഒരു ബന്ധവും വേണ്ടെന്ന് ആശ്വസിപ്പിക്കാം. മാസവാടക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് പറഞ്ഞിട്ടുള്ളത്. വെള്ളം, വൈദ്യുതി തുടങ്ങിയ എന്ത് പ്രശ്‌നമുണ്ടായാലും മെയിന്റനൻസ് സെക്ഷനുമായാണ് സംസാരിക്കേണ്ടത്. ചേച്ചിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.
അത്താഴം കഴിച്ച് വിളക്കുകെടുത്തി സുമി ബെഡ് റൂമിലേക്ക് പോയി.കിടക്കുമ്പോൾ ധരിക്കുന്നത് നേർത്ത നൈറ്റിയാണ്. പക്ഷേ ഇന്ന് ചുരിദാറും ടോപ്പും മാറ്റിയില്ല. ആ വേഷത്തിൽ തന്നെ മെത്തയിൽ കിടന്നു. സമാധാനമായി ഉറങ്ങാൻ കഴിയില്ല. ഏതു നിമിഷവും ബെൽ ഉയരാം. താക്കോലിനായി ആ മനുഷ്യനെത്താം. അയാളുടെ മുന്നിൽ ചെയ്യേണ്ടിവരുമെന്നുള്ളതുകൊണ്ടാണ് നൈറ്റി ധരിക്കാത്തത്. എവിടെയോ അലയുന്ന നോട്ടം. തുളച്ചുകയറുന്ന മിഴികൾ. പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ...
അവൾ അയാളുടെ ഭാര്യയെക്കുറിച്ച് ചിന്തിച്ചു. സുന്ദരിയാവാനിടയില്ല. ശരാശരിയെങ്കിലുമാവുമോ? അവളുടെ പെരുമാറ്റത്തെക്കുറിച്ചും വേവലാതിയുണ്ടായി. പരാതികളുമായി ഓടിയെത്തുന്ന വാടകക്കാരി. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നവൾ ആശ്വസിക്കാൻ ശ്രമിച്ചു. അനിയത്തിയുടെ വാടകക്കാരനെന്നത് വിസ്‌മരിക്കാം. പക്ഷേ, അയൽക്കാരനല്ലാതാവുന്നില്ലല്ലോ. അടുത്തടുത്ത വാതിലുകൾ.
ഫ്ലാറ്റുകളുടെ ഒറ്റപ്പെട്ട ലോകത്ത് പരസ്‌പരം കണ്ടുമുട്ടാൻ അവസരങ്ങൾ കുറവാണ്. എങ്കിലും ലിഫ്റ്റിൽ, ഇടനാഴിയിൽ, ഗ്രൗണ്ടിൽ മുഖാമുഖം വേണ്ടിവരും. അർത്ഥമില്ലാത്ത വേവലാതിയാണെന്നറിഞ്ഞിട്ടും അവൾ ആശങ്കപ്പെട്ടു.
ഒരു പോറൽ മുറിവായി മാറുന്നതുപോലെ. മുറിവ് പഴുത്തുവ്യാപിക്കുന്നതുപോലെ. അവൾ കണ്ണടച്ചു. ലോറി കുറേനേരം കൂടി വൈകുകയും അയാൾ പുലരുന്നതിനു മുൻപ് വരാതിരിക്കുകയും ചെയ്‌തെങ്കിൽ എന്നാശിച്ചു. ഏറെ പണിപ്പെട്ടിട്ടാണ് മയക്കത്തിലേക്ക് വഴുതിയത്. മണി എത്രയായെന്ന് അറിയില്ല. അവളുടെ മൊബൈൽ ശബ്‌ദിച്ചു. ഡോർബെൽ എന്ന പരിഭ്രമത്തോടെയാണ് കണ്ണുതുറന്നത്.
വീണ്ടും ശ്രദ്ധിച്ചപ്പോൾ അടുത്തുവച്ചിരിക്കുന്ന ഫോണിൽ നിന്നാണ് ശബ്‌ദമെന്ന് തിരിച്ചറിഞ്ഞു. വിശ്വൻ വിളിക്കുന്നു. വീണ്ടും അത്ഭുതം. ഒട്ടും പതിവില്ലാത്ത അവിശ്വസനീയമായ വിളി. അയാൾക്കെന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമെന്ന ഭയത്തോടെയാണ് ഫോൺ ചെവിയോടടുപ്പിച്ചത്.
''നീയുറങ്ങിയില്ലേ?""
അയാൾ സ്നേഹപൂർവം ചോദിച്ചു.
അയാൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിനിടയിലും അവൾ സ്‌തബ്‌ധയായി നിന്നു, വിശ്വന് സമനില തെറ്റിയോ! എന്താണ് ഈ മാറ്റം! ചുംബനത്തിന്റെ അമ്പരപ്പ് മാറുന്നതിനുമുമ്പ് പരിഗണനയുടെ ഇലക്കീറ്.
'' ഫോൺബെൽ കേട്ടാണുർന്നത്.""
''ഞാനുറക്കം കെടുത്തി അല്ലേ? ""ക്ഷമാപണത്തിന്റെ സ്വരം. സാരമില്ലെന്നവൾ മൂളി. മറ്റാരുമല്ല, എല്ലാ അവകാശവും അധികാരവുമുള്ള ഭർത്താവ് ഉറക്കമുണർത്തിയെന്നത് അപരാധമൊന്നുമല്ല. എത്രയോ രാത്രികളിൽ അയാൾ മൃദുവായി വിളിക്കുന്നതും തൊടുന്നതും ആസ്വാദ്യകരമായി ആക്രമിക്കുന്നതും കീഴ്പ്പെടുത്തുന്നതും കാത്തുകിടന്നു. നിരാശയുടെ നൊമ്പരത്തിൽ കണ്ണുനിറഞ്ഞു. ഇന്ന്, അകലെയിരുന്നുകൊണ്ട് അയാൾ പ്രേമപൂർവം വിളിച്ചുണർത്തി. ഫോണിലൂടെ മാത്രം.
'' ഇന്നെനിക്ക് വല്ലാത്ത വിഷമം തോന്നി. നിന്നെ തനിച്ചാക്കി പോന്നതിന്...""
ആർദ്രമായ സ്വരം.
''ഇതാദ്യമല്ലല്ലോ...""
''അല്ല, പക്ഷേ, ""
അല്‌പനേരത്തെ മൗനം. ശേഷം അവൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അയാൾ വിളിച്ചു.
'' സുമീ...""
അവൾ മൂളി.
''ഇങ്ങോട്ട് വരാനുള്ള തിരക്കിനിടയിലും എന്റെയുള്ളിലൊരു തീയുണ്ടായി...ഒരു കുറ്റബോധം.""
'' എന്താ""എന്ന ചോദ്യത്തിനുതുല്യമായ ശബ്‌ദം പുറപ്പെടുവിച്ചു അവൾ.
'' ഞാൻ നിന്നെ തീരെ പരിഗണിക്കുന്നില്ല.""
''ഏയ് അങ്ങനെയെനിക്ക് തോന്നിയിട്ടില്ല.""
'' നീ വെറുതേ പറയുകയാണ് എന്നെ മുറിപ്പെടുത്താതിരിക്കാൻ.""
അവൾ ചെറുതായി ചിരിച്ചു, ശബ്‌ദമില്ലാതെ. ആ ചിരിയിലെ നിസ്സംഗത അയാൾക്ക് തിരിച്ചറിയാനായില്ല.
'' ഈ ദിവസത്തിന്റെ വിശേഷമറിയുമോ?""
അവൾക്ക് കണ്ടെത്താനായില്ല.
'' മണി പന്ത്രണ്ടു കഴിഞ്ഞു""അയാളറിയിച്ചു.
'' പുതിയ ദിവസമായി. ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്.""
അവൾക്ക് ജാള്യമനുഭവപ്പെട്ടില്ല. മറക്കരുതായിരുന്നു എന്ന വാശിയുമുണ്ടായില്ല. വിവാഹത്തിന്റെ ഊഷ്‌മളതയും ഉറപ്പും എന്നേ നഷ്‌ടമായിരിക്കുന്നു. ഒരു വീട്ടിൽ താമസിക്കുന്നവർ എന്നതുകൊണ്ടുമാത്രം മംഗല്യത്തിന്റെ പൂക്കൾ വിടരുകയില്ല.
'' ഞാൻ ഉച്ചയ്‌ക്കുമുമ്പെത്തും.""
അയാൾ വാക്കുനൽകി.
'' നമുക്ക് ഇന്നാഘോഷിക്കണം. ഇന്നുമുതൽ നമുക്ക്...""
അവൾ മൂളി. മനസെന്ന താഴ്‌വാരം പൂത്തു. ജീവിതത്തിന്റെ നനുത്ത ലഹരി മടക്കികിട്ടികയാണെന്ന ബോധം വല്ലാതെ ആഹ്ലാദിപ്പിച്ചു. ഈ മാറ്റത്തിന്റെ പൊരുളറിയേണ്ട. മാറ്റം സംഭവിക്കുകയാണെന്ന ആശ്വാസം മാത്രം മതി. അയാൾ ഫോൺ കട്ട് ചെയ്‌തു. അതിനുമുമ്പ് കാമുകിക്കെന്നപോലെ വികാരപരവശമായ ഒരു ചുംബനം ഫോണിലൂടെ നൽകുകയും ചെയ്‌തു. ആയുസിന്റെ മരവിപ്പിൽ ഒരു ജാലവിദ്യയുടെ മഴവില്ല്. നിറങ്ങൾ തിളങ്ങുന്നു. പടരുന്നു. ആകാശക്കോണുകളിൽ നക്ഷത്രങ്ങൾ വിരിക്കുന്നു.
''ജാല...വിദ്യ... ""അവൾ മന്ത്രിച്ചു.
പെട്ടെന്ന് ഉള്ളിലേക്ക് ആ ജാലവിദ്യക്കാരൻ കടന്നുവന്നു. അമർഷത്തിന്റെ കറുപ്പിൽനിന്ന് നന്ദി സൂചകമായ വെളുപ്പ്. അയാളുടെ ആഗമനമാണോ ഈ മാറ്റത്തിന്റെ ഹേതു. അയാളുടെ മന്ത്രവേല...ഈ ദമ്പതികളെ കൂട്ടിയിണക്കാനാണോ അയാൾ വന്നത്!
അപ്പോൾ ഡോർബെൽ ശബ്‌ദിച്ചു.
(തുടരും)