
അവൾ അയാളുടെ ഭാര്യയെക്കുറിച്ച് ചിന്തിച്ചു. സുന്ദരിയാവാനിടയില്ല. ശരാശരിയെങ്കിലുമാവുമോ? അവളുടെ പെരുമാറ്റത്തെക്കുറിച്ചും വേവലാതിയുണ്ടായി. പരാതികളുമായി ഓടിയെത്തുന്ന വാടകക്കാരി. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നവൾ ആശ്വസിക്കാൻ ശ്രമിച്ചു. അനിയത്തിയുടെ വാടകക്കാരനെന്നത് വിസ്മരിക്കാം. പക്ഷേ, അയൽക്കാരനല്ലാതാവുന്നില്ലല്ലോ. അടുത്തടുത്ത വാതിലുകൾ. ഫ്ലാറ്റുകളുടെ ഒറ്റപ്പെട്ട ലോകത്ത് പരസ്പരം കണ്ടുമുട്ടാൻ അവസരങ്ങൾ കുറവാണ്. എങ്കിലും ലിഫ്റ്റിൽ, ഇടനാഴിയിൽ, ഗ്രൗണ്ടിൽ മുഖാമുഖം വേണ്ടിവരും. അർത്ഥമില്ലാത്ത വേവലാതിയാണെന്നറിഞ്ഞിട്ടും അവൾ ആശങ്കപ്പെട്ടു. ഒരു പോറൽ മുറിവായി മാറുന്നതുപോലെ. മുറിവ് പഴുത്തുവ്യാപിക്കുന്നതുപോലെ. അവൾ കണ്ണടച്ചു. ലോറി കുറേനേരം കൂടി വൈകുകയും അയാൾ പുലരുന്നതിനു മുൻപ് വരാതിരിക്കുകയും ചെയ്തെങ്കിൽ എന്നാശിച്ചു. 
ഏറെ പണിപ്പെട്ടിട്ടാണ് മയക്കത്തിലേക്ക് വഴുതിയത്. മണി എത്രയായെന്ന് അറിയില്ല. അവളുടെ മൊബൈൽ ശബ്ദിച്ചു. ഡോർബെൽ എന്ന പരിഭ്രമത്തോടെയാണ് കണ്ണുതുറന്നത്. വീണ്ടും ശ്രദ്ധിച്ചപ്പോൾ അടുത്തുവച്ചിരിക്കുന്ന ഫോണിൽ നിന്നാണ് ശബ്ദമെന്ന് തിരിച്ചറിഞ്ഞു. വിശ്വൻ വിളിക്കുന്നു. വീണ്ടും അത്ഭുതം. ഒട്ടും പതിവില്ലാത്ത അവിശ്വസനീയമായ വിളി. അയാൾക്കെന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമെന്ന ഭയത്തോടെയാണ് ഫോൺ ചെവിയോടടുപ്പിച്ചത്.
''നീയുറങ്ങിയില്ലേ?""
അയാൾ സ്നേഹപൂർവം ചോദിച്ചു.
അയാൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിനിടയിലും അവൾ സ്തബ്ധയായി നിന്നു, വിശ്വന് സമനില തെറ്റിയോ! എന്താണ് ഈ മാറ്റം! ചുംബനത്തിന്റെ അമ്പരപ്പ് മാറുന്നതിനുമുമ്പ് പരിഗണനയുടെ ഇലക്കീറ്.
'' ഫോൺബെൽ കേട്ടാണുർന്നത്.""
''ഞാനുറക്കം കെടുത്തി അല്ലേ? ""ക്ഷമാപണത്തിന്റെ സ്വരം. സാരമില്ലെന്നവൾ മൂളി. മറ്റാരുമല്ല, എല്ലാ അവകാശവും അധികാരവുമുള്ള ഭർത്താവ് ഉറക്കമുണർത്തിയെന്നത് അപരാധമൊന്നുമല്ല.
എത്രയോ രാത്രികളിൽ അയാൾ മൃദുവായി വിളിക്കുന്നതും തൊടുന്നതും ആസ്വാദ്യകരമായി ആക്രമിക്കുന്നതും കീഴ്പ്പെടുത്തുന്നതും കാത്തുകിടന്നു. നിരാശയുടെ നൊമ്പരത്തിൽ കണ്ണുനിറഞ്ഞു. ഇന്ന്, അകലെയിരുന്നുകൊണ്ട് അയാൾ പ്രേമപൂർവം വിളിച്ചുണർത്തി. ഫോണിലൂടെ മാത്രം.
'' ഇന്നെനിക്ക് വല്ലാത്ത വിഷമം തോന്നി. നിന്നെ തനിച്ചാക്കി പോന്നതിന്...""
ആർദ്രമായ സ്വരം.
''ഇതാദ്യമല്ലല്ലോ...""
''അല്ല, പക്ഷേ, ""
അല്പനേരത്തെ മൗനം. ശേഷം അവൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അയാൾ വിളിച്ചു.
'' സുമീ...""
അവൾ മൂളി.
''ഇങ്ങോട്ട് വരാനുള്ള തിരക്കിനിടയിലും എന്റെയുള്ളിലൊരു തീയുണ്ടായി...ഒരു കുറ്റബോധം.""
'' എന്താ""എന്ന ചോദ്യത്തിനുതുല്യമായ ശബ്ദം പുറപ്പെടുവിച്ചു അവൾ.
'' ഞാൻ നിന്നെ തീരെ പരിഗണിക്കുന്നില്ല.""
''ഏയ് അങ്ങനെയെനിക്ക് തോന്നിയിട്ടില്ല.""
'' നീ വെറുതേ പറയുകയാണ് എന്നെ മുറിപ്പെടുത്താതിരിക്കാൻ.""
അവൾ ചെറുതായി ചിരിച്ചു, ശബ്ദമില്ലാതെ. ആ ചിരിയിലെ നിസ്സംഗത അയാൾക്ക് തിരിച്ചറിയാനായില്ല.
'' ഈ ദിവസത്തിന്റെ വിശേഷമറിയുമോ?""
അവൾക്ക് കണ്ടെത്താനായില്ല.
'' മണി പന്ത്രണ്ടു കഴിഞ്ഞു""അയാളറിയിച്ചു.
'' പുതിയ ദിവസമായി. ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്.""
അവൾക്ക് ജാള്യമനുഭവപ്പെട്ടില്ല. മറക്കരുതായിരുന്നു എന്ന വാശിയുമുണ്ടായില്ല. വിവാഹത്തിന്റെ ഊഷ്മളതയും ഉറപ്പും എന്നേ നഷ്ടമായിരിക്കുന്നു. ഒരു വീട്ടിൽ താമസിക്കുന്നവർ എന്നതുകൊണ്ടുമാത്രം മംഗല്യത്തിന്റെ പൂക്കൾ വിടരുകയില്ല.
'' ഞാൻ ഉച്ചയ്ക്കുമുമ്പെത്തും.""
അയാൾ വാക്കുനൽകി.
'' നമുക്ക് ഇന്നാഘോഷിക്കണം. ഇന്നുമുതൽ നമുക്ക്...""
അവൾ മൂളി. മനസെന്ന താഴ്വാരം പൂത്തു. ജീവിതത്തിന്റെ നനുത്ത ലഹരി മടക്കികിട്ടികയാണെന്ന ബോധം വല്ലാതെ ആഹ്ലാദിപ്പിച്ചു. ഈ മാറ്റത്തിന്റെ പൊരുളറിയേണ്ട. മാറ്റം സംഭവിക്കുകയാണെന്ന ആശ്വാസം മാത്രം മതി. അയാൾ ഫോൺ കട്ട് ചെയ്തു. അതിനുമുമ്പ് കാമുകിക്കെന്നപോലെ വികാരപരവശമായ ഒരു ചുംബനം ഫോണിലൂടെ നൽകുകയും ചെയ്തു. ആയുസിന്റെ മരവിപ്പിൽ ഒരു ജാലവിദ്യയുടെ മഴവില്ല്. നിറങ്ങൾ തിളങ്ങുന്നു. പടരുന്നു. ആകാശക്കോണുകളിൽ നക്ഷത്രങ്ങൾ വിരിക്കുന്നു.
''ജാല...വിദ്യ... ""അവൾ മന്ത്രിച്ചു.
പെട്ടെന്ന് ഉള്ളിലേക്ക് ആ ജാലവിദ്യക്കാരൻ കടന്നുവന്നു. അമർഷത്തിന്റെ കറുപ്പിൽനിന്ന് നന്ദി സൂചകമായ വെളുപ്പ്. അയാളുടെ ആഗമനമാണോ ഈ മാറ്റത്തിന്റെ ഹേതു. അയാളുടെ മന്ത്രവേല...ഈ ദമ്പതികളെ കൂട്ടിയിണക്കാനാണോ അയാൾ വന്നത്!
അപ്പോൾ ഡോർബെൽ ശബ്ദിച്ചു. ഈ സമയത്ത് വാതിൽമണി കേൾപ്പിച്ചത് ആരാണെന്ന് ആലോചിക്കേണ്ടതില്ല. സുമിയുടെ ഉള്ളിൽ നീരസവും വെറുപ്പും പതഞ്ഞു. ഒപ്പം ഭയവും. ഒരുനിമിഷം മുൻപ് ശബരിയോട് തോന്നിയ അലിവ് നിറഞ്ഞ മമത തിടുക്കത്തിൽ അപ്രത്യക്ഷമായി. അസമയത്ത് ഒരു സ്ത്രീ തനിച്ചുറങ്ങുന്നിടത്ത് വന്ന് കൂസലില്ലാതെ ബെല്ലടിച്ചവൻ. വിശ്വനാഥ് സ്ഥലത്തില്ലെന്ന് അയാൾക്കറിയില്ലല്ലോ എന്ന ന്യായം ഉദിച്ചില്ല. മര്യാദകെട്ട അയൽക്കാരനെന്ന മുദ്ര ആവർത്തിക്കാനേ കഴിയുമായിരുന്നുള്ളൂ. വാതിൽ തുറക്കാൻ അവൾ ധൃതിപ്പെട്ടില്ല. അല്പനേരം കാത്തുനിൽക്കട്ടെ. ഒരു മടിയുമില്ലാതെ ബുദ്ധിമുട്ടിക്കാൻ വന്നതല്ലേ.
അയാൾ വീണ്ടും ബെല്ലടിച്ചാൽ തുറക്കുകയില്ലെന്ന് തന്നെ വാശിയോടെ തീരുമാനിച്ചു. വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഉറങ്ങിപ്പോയി എന്ന നുണപറയാൻ വിഷമിക്കേണ്ടതില്ല. അവൾ എഴുന്നേറ്രു. വസ്ത്രത്തിലെ ചുളിവുകൾ നിവർത്തി മുടികെട്ടി. വാതിൽ തുറക്കുമ്പോൾ ഇടനാഴിയിൽ ശബരി മാത്രമല്ല സുന്ദരിയായ ഒരു യുവതി ചുരിദാറും ടോപ്പും ധരിച്ച ആകർഷണീയയായ പ്രസാദം പോലെ. ഒട്ടും ജാള്യമില്ലാതെ കൂസലില്ലാതെ പകൽവെളിച്ചം പോലെ അയാൾ സമയം പാതിരാവായെന്ന് ഇരുവരും തിരിച്ചറിയാത്തതുപോലെ.
''ഉറക്കമായിരുന്നോ?"
അയാളുടെ ചോദ്യത്തിനുമുന്നിൽ അവൾ അരിശമടക്കി. അവളുടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ തന്നെ അയാൾ പരിചയപ്പെടുത്തി.
'' ഇതെന്റെ ഭാര്യ കവിത"
സുമി ചിരിച്ചതായി നടിച്ചു. അർദ്ധരാത്രിയാണെങ്കിലും അതിഥിയായി വന്ന് നിൽക്കുന്നത് ഒരു പെണ്ണാണല്ലോ എന്ന പരിഗണനയിൽ. അവൾ ഫ്ലാറ്റിന്റെ താക്കോൽ നീട്ടി. അയാളത് വാങ്ങി. ഇനി വാതിലടയ്‌ക്കാം ഉറങ്ങാം എന്ന ആശ്വാസത്തിലായിരുന്നു സുമി. പക്ഷേ, അയാളുടെ വാക്കുകൾ മറിച്ചായിരുന്നു.
''ലോറിയെത്താൻ ഇനിയും വൈകും. ഫ്ലാറ്റിലിരിക്കാൻ ഒരു കസേര പോലുമില്ലല്ലോ. ഞാൻ താഴെ വെയ്റ്റ് ചെയ്യാം. കവിത കുറച്ചുനേരം ഇവിടെ..."
അടിമുടി കോപം നിറഞ്ഞുവെങ്കിലും സുമിക്ക് നിരാകരിക്കാനായില്ല. മര്യാദയില്ലാത്തവരാണെങ്കിലും ഇവർ അനിയത്തിയുടെ ഫ്ലാറ്രിലെ വാടകക്കാരാണ്.
''ബുദ്ധിമുട്ടായില്ലെങ്കിൽ " കവിത അറച്ചു.
''സുമി ഇവിടെ തനിച്ചല്ലേ. ഒരു കൂട്ടാവുന്നത് നല്ലതല്ലേ?"
ഭാര്യയുടെ ആശങ്ക അയാൾ തിരുത്തി. സാമർത്ഥ്യം നടിച്ചു.
സുമിയെന്ന സംബോധന അവളെ അത്ഭുതപ്പെടുത്തി. വളരെയടുപ്പമുള്ള ഒരാളെപ്പോലെ. ആരാണ് തന്റെ പേരിന്റെ ചുരുക്കരൂപം വിളിപ്പേര് ഇയാൾക്ക് പറഞ്ഞുകൊടുത്തത്. ദുരൂഹതകൾ പിന്നെയും ബാക്കി. വിശ്വേട്ടൻ ഇവിടെയില്ലെന്ന് അയാൾ മനസിലാക്കിയിരിക്കുന്നു. ആയിരം ചെവിയും ആയിരം കണ്ണുമുള്ള അത്ഭുതസിദ്ധിക്കാരനായി അയാൾ അനുനിമിഷം മാറുകയാണോ?അവളുടെ സംശയം ഊഹിച്ചിട്ടെന്ന മട്ടിൽ അയാൾ പറഞ്ഞു.
''സന്ധ്യയ്ക്ക് ഞാൻ വിശ്വനാഥിനെ വിളിച്ചിരുന്നു. സജീവ് നമ്പർ തന്നിരുന്നു. അദ്ദേഹം പറഞ്ഞു യാത്രയിലാണെന്നും സുമി വീട്ടിലുണ്ടെന്നും."
അവളുടെ സന്ദേഹങ്ങൾക്ക് മറുപടി കിട്ടി, ഒന്നും അയാളുടെ സിദ്ധിയല്ല, കഴിവുകളും അപാരതയുമല്ല. നേരിട്ടുള്ള അറിവുകൾ മാത്രം. അനുവാദത്തിന് നിൽക്കാതെ അയാൾ ഭാര്യയോട് നിർദ്ദേശിച്ചു.
''അകത്ത് പൊയ്ക്കോളൂ."
ഒട്ടും ഊഷ്‌മളമല്ലാത്ത സ്വാഗതമാണ് മൗനമായി സുമി നൽകിയത്. കവിത കയറിക്കഴിഞ്ഞതും അവൾ വാതിലടച്ചു. വൈകിയാൽ അയാളും കയറിവരുമെന്നവൾ ഭയന്നു.
താത്പര്യമില്ലാത്ത സംഭാഷണത്തിന്റെ അസ്വസ്ഥതയുമായി അയാൾ. ചിന്തിക്കാൻ കൂടി വയ്യ. സ്വീകരണമുറിയിലെ സോഫയിൽ കവിതയിരുന്നു.
''ഇരിക്കൂ "
എന്ന ഉപചാരം നീട്ടാതെ തന്നെ.
ഇനിയെപ്പോഴാണ് ശബരിയുടെ ലോറി എത്തുന്നതെന്നോ സാധനങ്ങൾ ഇറക്കിത്തീരുന്നതെന്നോ അറിയില്ല. വീട്ടുസാധനങ്ങൾ ലിഫ്ടിൽ മുകളിലെത്തിച്ച് അടുക്കാൻ കുറഞ്ഞ സമയം മതിയാവില്ല. മിക്കവാറും നേരം വെളുക്കും.
അതിഥിയോട് സോഫയിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചിട്ട് കിടപ്പുമുറിയിൽ കയറി വാതിലടച്ചാലോ എന്നാലോചിച്ചു. കുശലം പറയേണ്ട നേരമല്ലെങ്കിലും ഒന്നും പറയാതെ അവഗണിക്കുന്നത് ശരിയല്ലെന്ന് തിരുത്തുകയും ചെയ്‌തു.
എന്താണ് പറയേണ്ടത്?
എവിടെയാണ് തുടങ്ങേണ്ടത്?
നാളെ മുതൽ കവിത അയൽക്കാരിയാണ്. ചെറിയ ചെറിയ സംശയങ്ങൾക്ക് പോലും ഇവൾ തന്നെയാവും സമീപിക്കുന്നത്. പലവട്ടം കണ്ടുമുട്ടേണ്ടവർ. സൗഹൃദം നിലനിറുത്തേണ്ടവൾ. സുപർണയുടെ ചേച്ചിയെന്ന നിലയിൽ ചില കടമകളും ബാദ്ധ്യതകളും.
സോഫയ്‌ക്കരികിലിരുന്ന പൂപ്പാത്രത്തിൽ കവിത തൊടുന്നത് കണ്ടു. നീളമുള്ള വിരലുകൾ. ചെത്തിമിനുക്കിയ നഖങ്ങൾ. കൈത്തണ്ടിൽ കുപ്പിവളകൾ. പാത്രത്തിൽ നിന്ന് അവളൊരു പ്ലാസ്റ്റിക് പൂവെടുത്തു. ഒന്നിടവിട്ട ദിവസങ്ങളിൽ പൊടിതുടച്ച് വൃത്തിയായി സൂക്ഷിക്കുന്നതാണ്.
കവിത പൂവിൽ തലോടി. പൊടിയുണ്ടോ എന്ന് നോക്കുന്നതുപോലെ. ഒരു വീട്ടിൽ കയറിയാൽ ആദ്യം ഇങ്ങനെയാണോ ചെയ്യേണ്ടത്?
സുമിയുടെ മുഖം കറുത്തു.
ഇവിടത്തെ വൃത്തിയും വെടിപ്പും പരിശോധിക്കാനാണോ ഇവൾ വന്നിരിക്കുന്നത്?
ആ അനിഷ്ട ഭാവത്തിനിടയിലും അവളുടെ മനസിലേക്ക് ഒരു സത്യം തെളിഞ്ഞുവന്നു. ശബരി പറഞ്ഞതൊക്കെ നുണയാണ്. അയാൾ വിശ്വനാഥിനെ വിളിച്ചിട്ടുണ്ടാവില്ല.
വിളച്ചാൽതന്നെ ഇന്നത്തെ യാത്രയ്ക്കിടയിൽ ചേട്ടൻ ഫോണെടുക്കില്ല. പ്രത്യേകിച്ച് അപരിചിതങ്ങളായ നമ്പറുകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും താൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട് പുതിയ ക്ലൈന്റാണെങ്കിലോ, ഫോൺ എടുക്കാത്തതിന്റെ പേരിൽ ഒരു കക്ഷിയെ നഷ്ടപ്പെടുത്തുകയാണ് ഉടനെയെത്തി മറുപടി. എന്നെതന്നെ വേണമെന്നുള്ളവർ എന്നെത്തേടി ഓഫീസിലെത്തും.
ആ അഹങ്കാരം, ആത്മവിശ്വാസം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ശബരി സജീവിനെയോ സുപർണയെയോ വിളിച്ചപ്പോഴാവും വിശ്വനാഥ് സ്ഥലത്തില്ലെന്നറിഞ്ഞത്. താൻ സുപർണയോട് അക്കാര്യം പറഞ്ഞതാണല്ലോ. സുമിച്ചേച്ചിയെന്ന സംബോധനയിലൂടെ തന്റെ ഓമനപ്പേരും കണ്ടെത്തി. എന്തിനാണ് ഒളിച്ചുകളി?
താൻ വിശ്വേട്ടനോട് തിരക്കുമെന്നും സത്യം തിരിച്ചറിയുമെന്നും മനസിലാക്കാനാവാത്ത ബുദ്ധിശൂന്യനാണോ അയാൾ?
കവിത പൂക്കളിലെ പൊടി പരിശോധിക്കുകയായിരുന്നില്ല. വിരലോടിച്ച് തുടച്ച് വൃത്തിയാക്കുകയുമായിരുന്നില്ല. ഞൊടിയിടയിൽ പൂപ്പാത്രത്തിൽ ജലം നിറയുന്നതും പൂക്കൾ ചെറിയ മത്സ്യങ്ങളായി മാറുന്നതും അവൾ കണ്ടു. ഒരു മായക്കാഴ്ച. ഒരു മാന്ത്രിക കാഴ്ച. ശബരി മാത്രമല്ല,ഭാര്യയും മാജിക് കൈവശമുള്ളയാളാണ് എന്ന ബോദ്ധ്യപ്പെടുത്തലായിരുന്നു ആ ദൃശ്യം. സുമിക്ക് ആ കാഴ്ച കൗതുകകരമായി അനുഭവപ്പെട്ടില്ല.
പകരം വല്ലാതെ ഭയപ്പെടുത്തുകയായിരുന്നു. ദുരൂഹമായ വ്യക്തികൾ, ആദ്യ ദർശനത്തിൽതന്നെ മായാജാലത്തിന്റെ പകിട്ട് കാണിച്ച് പരിഭ്രമിപ്പിക്കുന്നവർ. ഉറക്കം മാത്രമല്ല,സ്വസ്ഥതയും നഷ്ടപ്പെട്ടിരിക്കുന്നു.
'' സുമിയുടെ വളർത്തുമത്സ്യങ്ങളെ എനിക്കിഷ്‌ടമായി. " കവിത മന്ദഹസിച്ചു. അവൾ സൃഷ്‌ടിച്ച അപൂർവചിത്രം അവൾതന്നെ ആസ്വദിക്കുന്നതുപോലെ.
''ഞാനും മത്സ്യങ്ങളെ വളർത്തിയിരുന്നു. അതിൽ ആദ്യം ഒരു സ്വർണമത്സ്യം ചത്തു. പിന്നെ ഓരോന്നായി. "
''ഞാൻ മത്സ്യം വളർത്തുന്നില്ല."
''പിന്നെ ഇത്? "
സുമി കവിതയെ രൂക്ഷമായി നോക്കി. ആ നോട്ടത്തിന്റെ മൂർച്ച കണ്ടില്ലെന്ന് നടിച്ച് അവൾ കുലുങ്ങി ചിരിച്ചു.
''ഇതൊക്കെ പിന്നെയാര് വളർത്തുന്നതാ?"
''കളിയാക്കുകയാണോ? "
''സത്യം. അല്ല "
''ഞാനിവിടെ പൂക്കളാണ് വച്ചിരുന്നത്. മാജിക് കാണിച്ചിട്ട് തർക്കിക്കുകയാണോ? "
കവിത പൊട്ടിച്ചിരിച്ചു.
രാത്രിയുടെ മൗനത്തിൽ ആ ചിരി സുമിയെ തുറിച്ചുനോക്കി.
''മാജിക് കാണിക്കാനുള്ള സമയമല്ല ഇത്. "
അവൾ താക്കീത് ചെയ്തു.
ചിരിയിൽ നിന്നും നിറംകെട്ട മ്ലാനമായ ഭാവത്തിലേക്ക് മാറി കവിത.
''ശരിയാണ്. "
അവളുടെ ശബ്‌ദത്തിൽ കുറ്റബോധം പുരണ്ടു.
''ഒരു രസത്തിന്..."
അവൾ കൂട്ടിച്ചേർത്തു.
''സിനിമയിലൊക്കെ നായകൻ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോൾ പ്രത്യേക മൂഡ് സൃഷ്ടിക്കുന്നതുപോലെ...എന്റെ വരവും ഒരാഘോഷമാക്കാൻ ശ്രമിച്ചതാ... "
മത്സ്യപാത്രത്തിൽ കവിത തലോടി.
അത് വീണ്ടും പൂപ്പാത്രമായി. അതേ സ്ഫടികപാത്രം. അതേ പ്ലാസ്റ്റിക് പൂക്കൾ. രൂപത്തിനും സ്ഥാനത്തിനും വ്യത്യാസമില്ല.
കഴിഞ്ഞ നിമിഷങ്ങളിൽ സംഭവിച്ചതെല്ലാം തിരുത്തപ്പെട്ടിരിക്കുന്നു. കവിത പ്രകടിപ്പിച്ച മാന്ത്രികവിദ്യ സ്വീകാര്യമായി തോന്നിയില്ല സുമിക്ക്.
സന്ദർഭമറിയാതെ അസയമത്ത് അത്ഭുതപ്പെടുത്താൻ ശ്രമിച്ചത് അംഗീകാരമില്ലാത്ത തെറ്റാണ്. പരിചയപ്പെട്ട് കുറച്ചുദിവസം കഴിഞ്ഞ് നല്ല അയൽക്കാരാവുമ്പോൾ ഈ വിദ്യ കാണിച്ചിരുന്നെങ്കിൽ ആസ്വദിക്കുമായിരുന്നു. അഭിനന്ദിക്കുമായിരുന്നു. പക്ഷേ, ഈ നേരം കെട്ട നേരത്ത്...
തെല്ലുനേരത്തെ മൗനത്തിനുശേഷം സുമി സ്വയം നിയന്ത്രിച്ചു. മൗനത്തിലൂടെ അതിഥിയെ അപമാനിക്കുന്നത് ശരിയല്ലെന്ന് തോന്നി.
''രണ്ടുപേരും മാജിക്കുകാരാണല്ലോ? "
അതേയെന്ന അർത്ഥത്തിൽ കവിത മൂളി. മന്ദഹസിച്ചു. അടുത്തക്ഷണത്തിൽ ഒരു ഞെട്ടലോടെ അവൾ ചോദിച്ചു.
''രണ്ടുപേരുമോ? "സുമി മൂളി.
''ശബരി മാജിക് കാണിച്ചോ? "
വീണ്ടും സുമി മൂളി.
''എപ്പോൾ? "
''നേരത്തെ വന്നപ്പോൾ "
കവിതയുടെ മുഖം കറുത്തു. ആദ്യത്തെ വരവിൽതന്നെ ശബരി എന്തിനാണ് ഇവളുടെ മുന്നിൽ ജാലക്കാരനായത്? ഇവളെ ആകർഷിക്കാൻ വേണ്ടി. അത്ഭുതത്തിന്റെ മിഴികളിൽ ആരാധന ഉണർത്താൻ വേണ്ടി.
ആർക്കിടെക്ട് എന്ന വലിയ വേഷത്തിന് പിന്നിലെ മജിഷ്യനെന്ന പ്രത്യേകതയാണ് തന്നെ അയാളിലേക്ക് അടുപ്പിച്ചത്. ആ അടുപ്പമാണ് ദാമ്പത്യത്തിലെത്തിച്ചത്. പക്ഷേ, എല്ലാ പെണ്ണുങ്ങളുടെയും മുന്നിൽ അയാളിങ്ങനെ സ്വയം തിളങ്ങാൻ ശ്രമിക്കുന്നുണ്ടെന്നും അറിയാം.
ഇവിടെയും അതുതന്നെ സംഭവിച്ചിരിക്കുന്നു. അയാളിൽ നിന്നുപഠിച്ച ചെറിയ വിദ്യകൾ മാത്രമാണ് തനിക്കറിയാവുന്നത് വളരെ വേഗത്തിലാണ് താൻ പഠിച്ചത്. പകർന്നുതരാൻ ആദ്യമുണ്ടായിരുന്ന ഉത്സാഹം ശബ്രിയിൽ നിന്ന് അപ്രത്യക്ഷമായി. നിർബന്ധിച്ചാൽ ശഠിച്ചാൽ മാത്രം പുതിയൊരു വേല പറഞ്ഞുതരും.
ആദ്യ കൂടിക്കാഴ്ചയിൽതന്നെ സുമിയുമായി അകൽച്ചയുണ്ടായതായി അവൾക്കനുഭവപ്പെട്ടു. മാജിക് ആസ്വദിക്കുകയില്ല, നിരാകരിക്കുകയാണുണ്ടായത്. താത്പര്യരഹിതമായ പ്രതികരണം അസ്ഥാനത്ത്, അസമയത്ത് അവതരിപ്പിക്കപ്പെട്ട വേല...വേണ്ടിയിരുന്നില്ല.
രാത്രിയുടെ വിരസതയിൽ ശല്യപ്പെടുത്തലിന്റെ മുറിവിൽ ഉന്മേഷം നൽകാൻ വേണ്ടിയാണ് വളർത്തുമത്സ്യങ്ങളെ സൃഷ്ടിച്ചത്.പക്ഷേ, ആ തുടിപ്പുകൾ ഒരു പിടിച്ചലായി മാറി.
ഇനിയെന്താണ് സംസാരിക്കുക?
എങ്ങനെയാണ് രസച്ചരട് കേൾക്കുക?
സാദ്ധ്യമാണെന്ന് തോന്നുന്നില്ല. ശബരിയോട് താൻ നിർബന്ധപൂർവം പറഞ്ഞതാണ് ഉപദേശിച്ചതാണ് ഈ നേരത്ത് അന്യമായ ഒരുവീട്ടിൽ കയറി അഭയം തേടി ബുദ്ധിമുട്ടിക്കരുതെന്ന്. അപാർട്ട്മെന്റിന്റെ വിശാലമായ വളപ്പിൽ, തോട്ടത്തിൽ പാർക്കിൽ ശബരിയുമൊത്ത് ചുറ്റിക്കറങ്ങി നേരം പോക്കാമായിരുന്നു. ആകാശമേഘങ്ങളും നക്ഷത്രക്കൂട്ടവും ചങ്ങാതികൾ... പുതിയ പാർപ്പിടത്തിലെ ആദ്യരാത്രി, അങ്ങനെയൊരു സ്വപ്‌നത്തൂവൽപോലെ...പാറിപ്പാറി... എല്ലാം അസ്‌തമിച്ചിരിക്കുന്നു. ഒരു വിടവ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു.
''ഉറക്കം വരുന്നുണ്ടല്ലേ? "
കവിതചോദിച്ചു.
''സാരമില്ല. കുറേനേരം ഒപ്പമിരിക്കാം എന്നൊരു മറുപടിയുണ്ടാവുമെന്നവൾ പ്രതീക്ഷിച്ചു. അങ്ങനെ കരുതാൻ ഒരു കാരണവുമില്ലെങ്കിലും. സുമി മൂളി. നന്നായി ഉറക്കം വരുന്നുവെന്നറിയാൻ നെറ്റി ചുളിച്ച്, കണ്ണടച്ച് വായ തുറന്നു.
''കിടന്നോളൂ "
''കവിത "
''ഞാനിവിടെ ഇരുന്നോളാം "
''കിടന്നോളൂ. ഒരാൾക്ക് സുഖമായി ഈ സോഫയിൽ കിടക്കാം. "സുമി നിർദ്ദേശിച്ചു. കവിത കിടക്കുന്നത് കാത്തുനിൽക്കാതെ അവൾ മുറിയിലേക്ക് കയറി.
''പോകാൻ നേരം എന്നെ വിളിച്ചാൽ മതി. "
'' അതിനി എപ്പോഴാണാവോ?"കവിത പിറുപിറുത്തു.
സുമി വാതിലടയ്‌ക്കാൻ ഒരുങ്ങി. പെട്ടെന്ന് പിന്തിരിഞ്ഞു.
പുറത്ത് വനിതയായ അതിഥി തനിച്ചിരിക്കുമ്പോൾ താൻ വാതിൽപൂട്ടി ഒഴിഞ്ഞുമാറുന്നത് ശരിയല്ല. തമ്മിൽ അകലം നിലനിൽക്കുന്നെങ്കിലും വാതിലിന്റെ ബന്ധനം വേണ്ട.
ഇറുകിയ ചുരിദാർ ധരിച്ചാൽ ഉറക്കം ശരിയാവില്ല. ഒരുതരം അസ്വസ്ഥതയാണ്. നേർത്ത നൈറ്റി അണിയാൻ നിവർത്തിയെങ്കിലും അവൾക്ക് ധൈര്യമുണ്ടായില്ല. ശബരി വീണ്ടും വരും.
കവിതയെ കൂട്ടിക്കൊണ്ടുപോവാൻ. അന്നേരം എഴുന്നേൽക്കണം. അവർ പുറത്തിറങ്ങി കഴിയുമ്പോൾ വാതിൽപൂട്ടണം. സുതാര്യമായ രാവുടുപ്പിൽ അയാളുടെ മുന്നിൽ നിൽക്കാനാവില്ല.
അയാളെ ശപിച്ചുകൊണ്ടവൾ ഉറങ്ങാൻ കിടന്നു. വൈകിയാലും മയക്കത്തിന്റെ സുഖസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല.
കവിത സ്വീകരണമുറിയിലെ വിളക്ക് കെടുത്തി. അവൾക്ക് ക്ഷീണമുണ്ടായിരുന്നു. കണ്ണുകളിൽ കനം തൂങ്ങുന്നുണ്ടായിരുന്നു. അവൾ സോഫയിൽ കിടന്നു. അപരിചിതമായ ആ അന്തരീക്ഷത്തിൽ അവൾക്കും ഉറങ്ങാൻ കഴിയുമായിരുന്നില്ല.
(തുടരും)