
കുരുമുളകിന്റെ ഗണത്തിൽപ്പെട്ട ഔഷധസസ്യമാണ് തിപ്പലി. ആയുർവേദ ചികിത്സയ്ക്ക് പ്രധാനിയായതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം ഏറുകയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് കൃഷി ചെയ്യുവാൻ അനുയോജ്യമായ തിപ്പലി അറിഞ്ഞ് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടുമെന്നതിൽ സംശയമില്ല. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്. കുരുമുളക് പോലെ തിരികളായാണ് തിപ്പലിയിലും കായകൾ പിടിക്കുന്നത്. അധികം വെയിലേൽക്കുന്നയിടങ്ങളിൽ തിപ്പലിയുടെ വളർച്ച കുറയും. തണലിടങ്ങളാണ് പൊതുവേ തിപ്പലിക്ക് വളരാൻ അഭികാമ്യം. ചെറുതിപ്പലി, വൻതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ട തിപ്പിലി അങ്ങനെ പലതരത്തിലുള്ള തിപ്പലികളുണ്ട്. ഓരോ മണ്ണിനും യോജിച്ചവ കണ്ടെത്തി വേണം കൃഷി ചെയ്യാൻ.
തിപ്പലിയുടെ വിളഞ്ഞു പാകമായ അരി പാകിയോ തണ്ടുകൾ മണ്ണിൽ കുഴിച്ചുവെച്ചോ തൈകൾ മുളപ്പിക്കാവുന്നതാണ്. പോളിത്തീൻ കവറുകളിൽ നട്ടുപിടിപ്പിച്ച ശേഷം മണ്ണിലേക്ക് മാറ്റി നടുന്നതാണ് നല്ലത്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലാവസ്ഥയാണ് തൈകൾ നടാൻ ഏറ്റവും അനുയോജ്യമായത്.
വേനൽക്കാലങ്ങളിൽ ആവശ്യത്തിനു ചെടികൾ നനച്ച് കൊടുക്കണം. നന്നായി പരിപാലിച്ചാൽ തൈകൾ നട്ട് കഴിഞ്ഞ് ഏഴ് - എട്ട് മാസം കഴിയുമ്പോഴേക്കും തിരിയിടൽ തുടങ്ങും. കായകൾ പഴുക്കുമ്പോൾ പച്ചനിറം മാറി കറുപ്പ് നിറമായി മാറുന്നു. ഈ സമയത്താണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത കായ്കൾ സൂര്യ പ്രകാശത്തിൽ ഉണക്കി ഈർപ്പം കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചു വച്ചാൽ വളരെ നാളുകൾ കേട് കൂടാതെയിരിക്കും.