police

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷ കർശനമാക്കി സിറ്റി പൊലീസ്. മുൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരടക്കം കുഴപ്പക്കാരും ഗുണ്ടകളുമായ 170 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ 11 പേരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ നിയമം ചുമത്തി കരുതൽ തടങ്കലിലാക്കി. ശേഷിക്കുന്നവർക്കെതിരെ സി.ആർ.പി.സി പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇവർ ജില്ലാ കളക്ടർക്ക് മുമ്പാകെ ബോണ്ട് കെട്ടിവയ്ക്കേണ്ടിവരും. അതിനുശേഷ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഇവരെ വിചാരണ കൂടാതെ നിശ്ചിത കാലത്തേക്ക് തടങ്കലിൽ വയ്ക്കാൻ വ്യവസ്ഥയുണ്ട്.

ഇതോടൊപ്പം രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ വാർഡുകളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. കഴക്കൂട്ടം, ശ്രീകാര്യം,​ ശ്രീവരാഹം,​ നേമം എന്നീ വാ‌ർഡുകളാണ് പ്രധാനമായും പ്രശ്നബാധിത വാർഡുകളായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സബ് ഡിവിഷനുകളും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട 40 പേരുടെ പട്ടികയാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുള്ളത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്താൽ പൊതുസമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് കസ്റ്റഡിയിലായവരാണ് കൂടുതലായി ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ അക്രമ കേസുകളിൽ ഉൾപ്പെട്ടവരും പട്ടികയിലുണ്ട്. കാപ്പ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി ഈ പട്ടിക ജില്ലാ കളക്ടർക്കും പൊലീസ് കൈമാറിയിട്ടുണ്ട്.

ലഹരി പരിശോധനയും ശക്തമാക്കി

തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ലഹരി വസ്തുക്കൾ കടത്തുന്നതും വിൽക്കുന്നതും തടയുന്നതിനുള്ള പരിശോധനകളും പൊലീസ് നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നഗരത്തിൽ ലഹരി വിൽപനയിൽ വർദ്ധന രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം നടപടികൾ സ്വീകരിച്ചു വരികയാണ്. ലഹരി വിൽപനക്കാരുടെ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്താൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനിടെ നഗരത്തിൽ പൊലീസ് നൂറ് റെയ്ഡ‌ുകളാണ് നടത്തിയത്. ജില്ലയിലാകെ എട്ട് കിലോയോളം കഞ്ചാവ് പരിശോധനയിൽ പിടികൂടുകയും ചെയ്തു.