
ബോഡി ഷെയ്‌മിംഗിനെതിരെ എപ്പോഴും ശബ്‌ദമുയർത്തുന്ന ആളാണ് നടി സമീറ റെഡി. ഇപ്പോഴിതാ തന്റെ പഴയകാലത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമീറ ആ രഹസ്യം പങ്കുവച്ചിരിക്കുകയാണ്. മാത്രവുമല്ല, നടിമാരുടെ ചിത്രങ്ങളൊക്കെയും എഡിറ്റിംഗ് സോഫ്ട്‌വെയറുകളുടെ സഹായത്തോടെ മനോഹരമാക്കിയവയാണെന്നും താരം പറയുന്നുണ്ട്.
'ഈ ചിത്രത്തിൽ മുഖക്കുരുവോ മറ്റു പാടുകളോ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർത്ഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ? ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് 2010ലെ ചിത്രമാണ്. എന്റെ കൈയിൽ എഡിറ്റ് ചെയ്യാത്ത യഥാർത്ഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്‌നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. അതിന്റെ ആനന്ദം മറ്റൊന്നിലും ലഭിക്കില്ല.'–ഇങ്ങനെയായിരുന്നു സമീറയുടെ കുറിപ്പ്.