
'മലയാളസിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ്. ഇപ്പോൾ അതിനായി ആഗ്രഹിക്കുകയാണ് ഞാൻ. 2004ൽ സിനിമാഭിനയം നിറുത്തുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോൾ മലയാളത്തിൽ. വ്യത്യസ്തമായ തിരക്കഥകളും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളും ധാരാളമുണ്ടാകുന്നു. ഷൂട്ടിംഗ് ദിനങ്ങളും കുറവ്. അതുകൊണ്ടുതന്നെ മികച്ച മിഡിലേജ് കഥാപാത്രങ്ങൾ ലഭിച്ചാൽ ഉറപ്പായും മടങ്ങിവരും. മോഹൻലാൽ സാറിനൊപ്പം ഒരു വേഷമാണ് എന്റെ സ്വപ്നം. ഒരു സീനാണെങ്കിൽ പോലും കാമ്പുള്ളതെങ്കിൽ ഞാൻ റെഡി. സുരാജേട്ടനൊപ്പം സിനിമകൾ ചെയ്യാനും താത്പര്യമുണ്ട്."" മീരാകൃഷ്ണ പറയുന്നു.
രണ്ടു സിനിമകളിലെ മീര അഭിനയിച്ചിട്ടുള്ളൂ. മാർഗം, മഞ്ഞുപോലൊരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ. മാർഗത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡും മീരയെത്തേടി എത്തി. പ്രേക്ഷകർ മീരയെ കൂടുതലറിയുക ഇന്ദുബാലയായിട്ടാണ്. 'സ്ത്രീഹൃദയ"ത്തിലെ ഇന്ദുബാല. തമിഴ് സീരിയൽ രംഗത്തെ ഏറ്റവും പോപ്പുലറായ നായികമാരിലൊരാളാണ് ഇന്ന് മീരാകൃഷ്ണ. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മൂന്ന് സീരിയലുകളിലെ പ്രധാനതാരം. എങ്കിലും മലയാളസിനിമ  മീരയെ മോഹിപ്പിച്ചുകൊണ്ടിരുന്നു.
എന്റെ സീരിയലുകൾ യൂട്യൂബിലിടുമ്പോൾ കമന്റ് ബോക്സിൽ മലയാളികൾ എത്താറുണ്ട്. മീര മലയാളിയല്ലേ, എപ്പോഴാണ് ഇങ്ങോട്ട് തിരിച്ചുവരുന്നത് എന്നും ചോദിച്ച്. ചിലർ കമന്റിടും. അമ്മവേഷത്തിൽ മടങ്ങിവരാൻ തത്ക്കാലം ഞാനില്ല. ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞിട്ട് പോരേ അമ്മ വേഷങ്ങൾ. മിഡിലേജ് കഥാപാത്രങ്ങളിലാണ് എന്റെ നോട്ടം. ചെന്നൈയിൽ സെറ്റിൽഡ് ആയതിനാൽ മലയാളം സീരിയലുകൾക്ക് കൊടുക്കാനും നീണ്ട ഡേറ്റുകൾ ഇല്ല.
ആദ്യത്തെ സിനിമയ്ക്കുതന്നെ സ്റ്റേറ്റ് അവാർഡ് ഞെട്ടിക്കാണുമല്ലോ?
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മാർഗം ചെയ്യുന്നത്. 2002ന്റെ ഒടുവിൽ. സംവിധായകൻ ജോഷി മാത്യുവിന്റെ മകൻ സഞ്ജുവും ഞാനും സഹപാഠികളായിരുന്നു. ജോഷിമാത്യു സർ വഴിയാണ് മാർഗത്തിലേക്ക് ഓഫർ വരുന്നത്. നെടുമുടിവേണു അങ്കിളിനെ കാണാനുള്ള കൊതികൊണ്ടാണ് അഭിനയിക്കാം എന്ന് സമ്മതിച്ചത്. അതിലപ്പുറം നടിയാകണം പേരെടുക്കണം എന്ന ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. എന്റെ കംഫർട്ട്സോണിൽ നിന്നുകൊണ്ടാണ് സംവിധായകൻ രാജീവ് സർ ഓരോ ഷോട്ടും എടുത്തത്. അതുകൊണ്ടുതന്നെ സമ്മർദ്ദങ്ങളുണ്ടായിരുന്നില്ല. പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാൻ എന്നീ ചിത്രങ്ങളിലെ മീരാജാസ്മിന്റെ കഥാപാത്രങ്ങളോടാണ്  മാർഗത്തിലെ കഥാപാത്രം മത്സരിച്ചത്. മീര കത്തിനിൽക്കുന്ന സമയമാണ്. നല്ല നടി മീരയായിരുന്നു. എനിക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും. ആദ്യത്തെ സിനിമയിലൂടെ തന്നെ മീരയ്ക്കൊപ്പം ജൂറിയിൽ ശ്രദ്ധിക്കപ്പെട്ടല്ലോ എന്നോർത്ത് അന്ന് വലിയ സന്തോഷം തോന്നിയിരുന്നു.
എന്തുകൊണ്ടാണ് പിന്നീട് തിരക്കേറിയ നായികയായി മാറാതിരുന്നത്?
സിനിമ അന്നൊന്നും എന്റെ മോഹമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും എന്നെ ഒരു നർത്തകിയായി കാണാൻ ആഗ്രഹമുണ്ടായിരുന്നു. കോട്ടയമാണ് സ്വദേശം. കലാതിലകമൊക്കെ ആയതിനാൽ നാട്ടിൽ അന്നേ ഒരു താരപരിവേഷമുണ്ടായിരുന്നു. അതുപോലും ആസ്വദിച്ചിരുന്നില്ല ഞാൻ. ഒരു സിനിമകഴിഞ്ഞ് അടുത്തത് തേടിപ്പിടിക്കാനൊന്നും ഞങ്ങൾ ശ്രമിച്ചിരുന്നില്ല. എനിക്കൊരു ചാൻസ് തരൂ എന്ന് ഈ നിമിഷം വരെ ഒരാളോടും അഭ്യർത്ഥിച്ചിട്ടില്ല; സിനിമയായാലും സീരിയലായാലും. മാർഗം കഴിഞ്ഞ് നാലഞ്ചു സിനിമകളിലേക്ക് ഓഫർ വന്നതാണ്. പക്ഷേ പഠനം,പരീക്ഷ എന്നൊക്കെ പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. അവയിൽ ചിലത് ബോക്സോഫീസ് ഹിറ്റുകളായി. അപ്പോഴും സങ്കടം തോന്നിയില്ല.
കമൽ സാറിന്റെ പടമായതിനാലാണ് 'മഞ്ഞുപോലൊരു പെൺകുട്ടി" ചെയ്തത്. നായകന്റെ ചേച്ചിയുടെ വേഷം. മികച്ച റോളായിരുന്നു അത്. പക്ഷേ സിനിമ പിറന്നകാലം തെറ്റി. ഇന്നാണ് മഞ്ഞുപോലൊരു പെൺകുട്ടി പുറത്തിറങ്ങുന്നതെങ്കിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു.
പെട്ടെന്നുതന്നെ സീരിയലിലേക്ക് തിരിഞ്ഞത് ദോഷമായോ?
ഒട്ടും പ്രിപ്പയേർഡ് ആയിരുന്നില്ല ഞാനെന്ന് മുമ്പേ പറഞ്ഞല്ലോ. സീരിയൽ ചെയ്താൽ സിനിമയിൽ നായികയാവാൻ പറ്റില്ല എന്നൊക്കെ പിന്നെങ്ങനെ ചിന്തിക്കാൻ. 'സ്ത്രീഹൃദയ"മാണ് മാർഗത്തിനുശേഷം അഭിനയിച്ച സീരിയൽ. കെ.ആർ മീരയുടെ നോവൽ. ധാരാളം അഭിനയ മുഹൂർത്തങ്ങൾ. എല്ലാത്തിനും ഉപരി ശ്രീവിദ്യാമ്മയുടെ മകളായുള്ള അഭിനയം. ചെയ്യാം എന്നു ഞാൻ കരുതി. ആ സീരിയലാണ് മലയാളികളുടെ മനസിനോട് ഇന്നും എന്നെ ചേർത്തുനിറുത്തുന്നത്. അഭിനയിച്ചവയിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രവും സ്ത്രീഹൃദയത്തിലെ ഇന്ദുബാല തന്നെ.

വിദ്യാമ്മയ്ക്കൊപ്പമുള്ള അഭിനയാനുഭവങ്ങൾ?
ശ്രീവിദ്യാമ്മ അവസാനകാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു സ്ത്രീഹൃദയം. അവശതയുണ്ടായിരുന്നു അവർക്ക്. നടി രാധയുടെ വീട്ടിലായിരുന്നു ഷൂട്ടിംഗ്.എന്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇന്റിമേറ്റ് സീനുകൾ ധാരാളമുണ്ടായിരുന്നു. വീടിന്റെ മുകളിൽ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടിൽ നിന്നാണ് കൊണ്ടുവരിക. ഷൂട്ടിംഗ് തീരുമ്പോൾ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക.
ശ്വാസം വലിക്കുമ്പോൾ വല്ലാത്ത സ്ട്രെസ്സും സ്ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു. എനിക്ക് ഡസ്റ്റ് അലർജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നില്ലെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം 'ദേവീ മാഹാത്മ്യ"ത്തിൽ ഒരു സീനിൽ അഭിനയിക്കാൻ കഴിഞ്ഞതും കരിയറിലെ ഭാഗ്യമാണ്.
എന്റെ മൂന്നാമത്തെ സീരിയൽ 'കൂടുംതേടി"തിലകൻ ചേട്ടന്റെ കൂടെയായിരുന്നു. സ്ക്രിപ്റ്റ് ഒരു വട്ടം വായിച്ചു നോക്കിയതിനുശേഷം തന്റേതായ ശൈലിയിൽ പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇന്ന രീതിയിൽ അഭിനയിച്ചാൽ അഭിനയം കൂടുതൽ മെച്ചപ്പെടുത്താം എന്നെല്ലാം എനിക്ക് പറഞ്ഞുതരുമായിരുന്നു. നെടുമുടിവേണു അങ്കിൾ, തിലകൻ ചേട്ടൻ, ശ്രീവിദ്യാമ്മ എന്നിങ്ങനെ ലജന്റ്സിനൊപ്പം അഭിനയിക്കാൻ സാധിച്ചു, കുറഞ്ഞകാലമേ മലയാളത്തിലുണ്ടായിരുന്നുള്ളുവെങ്കിലും.
കുടുംബജീവിതത്തെക്കുറിച്ച്?
ഭർത്താവ് ശിവകുമാർ ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയാണ്.2008ൽ ഞാനൊരു തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. അദ്ദേഹം ആ ചിത്രത്തിന്റെ കൊറിയോഗ്രാഫറായിരുന്നു. പക്ഷേ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വീട്ടിൽ വന്ന് കല്യാണം ആലോചിച്ചു. 2009ൽ കല്യാണം. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ചെന്നൈയിൽ സെറ്റിൽഡായി. എന്റെ അച്ഛൻ കോട്ടയത്താണ് ഇപ്പോഴും. നാലുവർഷം മുമ്പേ എന്റെ അമ്മ മരിച്ചു. രണ്ട് ആൺകുട്ടികളാണ് എനിക്ക്. മൂത്തമകന് ഒന്നരവയസായപ്പോൾ ഞാൻ വീണ്ടും അഭിനയം തുടങ്ങി. ചിപ്പിച്ചേച്ചിയുടെ 'ആകാശദൂതി"ലൂടെ.
തമിഴ് സിനിമയിലേക്കുള്ള പ്രവേശനം?
നടി വനിത ചേച്ചിയാണ് തമിഴ് സീരിയലിലേക്ക് എന്നെ വിളിക്കുന്നത്.പൊക്കിഷം എന്ന സീരിയൽ. നായികയിൽ അമ്മ വേഷം ചെയ്യുമ്പോൾ എനിക്ക് മുപ്പത്തിയൊന്ന് വയസേയുള്ളൂ. സീരിയൽ യൂട്യൂബിലിടുമ്പോൾ ആന്റി എന്നൊക്കെ സംബോധന ചെയ്ത് കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇവിടെ മലയാളികൾക്ക് നമ്മുടെ പ്രായം അറിയാം. തമിഴിൽ അങ്ങനെയല്ല. നായികയിലെ അമ്മവേഷത്തിന് തുടർച്ചയായി രണ്ടുതവണ ബെസ്റ്റ് മദർ അവാർഡ് കിട്ടിയിട്ടുണ്ട്. ഇപ്പോൾ മൂന്ന് സീരിയലുകളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.