
കട്ടിള വയ്ക്കുന്നതിനെപ്പറ്റിയായിരുന്നു കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇക്കുറി ജനാലകളെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയുമാണ് പറയുന്നത് . ജനാലകൾ വീടിന്റെ ഊർജകേന്ദ്രങ്ങളും മനുഷ്യശ്വാസകോശത്തിന് സമാനവുമാണ്. കേന്ദ്രീകൃത ഊർജമാണ് ക്ഷേത്രങ്ങളിലുളളത്. ആ ഊർജകേന്ദ്രീകരണത്തിനാണ് താഴികക്കുടം പ്രതിഷ്ഠിക്കുന്നത്. ഊർജം വിഗ്രഹത്തിലേയ്ക്ക് കേന്ദ്രീകൃതമാവുകയും അതുവഴി സങ്കൽപിക്കപ്പെടുന്ന പ്രതിഷ്ഠയ്ക്ക് ജീവനുണ്ടാവുകയും അത് ഭക്തരിലേയ്ക്ക് പ്രവഹിക്കുമെന്നുമാണ് വിശ്വാസം. അടുത്തത് വികേന്ദ്രീകൃത ഊർജമാണ്. അതാണ് വീടുകളിലും മറ്റെല്ലാ നിർമ്മാണങ്ങളിലും സൃഷ്ടിക്കപ്പെടുക. ക്ഷേത്രത്തിൽ ഊർജം വന്ന് നിറഞ്ഞാണ് ജീവനുണ്ടായി പുറത്തേയ്ക്ക് ഒഴുകുന്നത്. വീടുകളിലും കടകളിലും തൊഴുത്തിലും നാട്ടിലുമെല്ലാം കഴിയുന്നത് നാം ഉൾപ്പെടെയുള്ള ജീവജാലങ്ങളാണ്. അപ്പോൾ ജീവനുള്ളിടത്തുനിന്ന് ഊർജം പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. ഭൂമിയിൽ നിറയെ ജീവജാലങ്ങളായതിനാൽ ഓരോ കോണിലുമുണ്ട് ഊർജം.അവ ഒഴുകിപ്പരന്നു കൊണ്ടേയിരിക്കുന്നു. വീടിനുള്ളിൽ നാം വസിക്കുമ്പോൾ അതിൽ നിന്ന് സ്വാഭാവികമായി ഊർജം പുറത്തേയ്ക്ക് ഒഴുകുമല്ലോ. ആ ഒഴുക്ക് കൃത്യമായി നിജപ്പെടുത്തണം . അതാണ് ശരിയായ വാസ്തു. അങ്ങനെ പുറത്തേയ്ക്ക് ഊർജം ഒഴുകണമെങ്കിൽ അതിന് വാതായനങ്ങൾ വേണം. അതാണ് യഥാർത്ഥത്തിൽ ജനലുകൾ. പുറത്തേയ്ക്ക് ജീവന്റെ ഊർജമൊഴുകുമ്പോൾ വീടിനുളളിലേയ്ക്കും പ്രാപഞ്ചിക ഊർജവും കടന്നുവരുന്നുണ്ട്. അങ്ങനെ ഊർജം കടന്നുവരാൻ ശരിയായ മേഖല ക്രമീകരിക്കപ്പെടണം. അത് വീട്ടിൽ 90 ശതമാനവും ചെയ്യേണ്ടത് ജനാല വഴിയാണ്. നമ്മുടെ ജീവൻ അഥവാ ഹൃദയത്തിന്റെ പ്രവർത്തനം സാദ്ധ്യമാവുന്നത് നാം ശ്വസിക്കുന്നതിലൂടെയാണ്. ശ്വാസം ഇല്ലാതാവുന്നതാണല്ലോ മരണം. നമ്മുടെ മൂക്ക് തുറന്നു വച്ചിട്ടുളളത് അതിനാണല്ലോ. മൂക്ക് അടഞ്ഞുപോയാലോ. മൂക്ക് മുഖത്തല്ലാതെ കാൽപ്പാദത്തിനടിയിലായാൽ ശ്വസിക്കാനാവില്ലല്ലോ. മനുഷ്യശരീരം തന്നെയാണ് ഏറ്റവും വലിയ വാസ്തുശാസ്ത്രം. തുറക്കേണ്ട ശരീരഭാഗങ്ങൾ തുറന്നു തന്നെയിരിക്കണം. അടച്ചു വയ്ക്കേണ്ടവ അങ്ങനെയും. മനുഷ്യനിലും മൃഗങ്ങളിലും പക്ഷികളിലുമെല്ലാം കണ്ണും മൂക്കും അവയുടെ മുഖത്താണല്ലോ.അതായത് കണ്ണും മൂക്കും അസ്ഥാനത്തായാൽ ശ്വസിക്കാനോ കാണാനോ കഴിയില്ല. വീടിന്റെ കണ്ണും മൂക്കുമാണ് ജനാലകൾ.
ഇങ്ങനെ നോക്കുമ്പോൾ ജനാലക്രമീകരണം എങ്ങനെയാവണം എന്നു നോക്കാം. വീടിന്റെ വടക്കു കിഴക്ക് കേന്ദ്രീകരിച്ചുവേണം പരമാവധി ജനാലകളും കട്ടിളകളും ക്രമീകരിക്കേണ്ടത്. കിഴക്ക് വടക്ക്, വടക്കു കിഴക്ക് ദിക്കുകളിൽ കൂടുതൽ ജനാലകൾ വച്ചാൽ ആ വീട്ടിൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം. വീടിന്റെ നാല് ചുമരുകളുടെ മദ്ധ്യങ്ങളിലും ജനാലകളും വെന്റിലേഷനും കയറിപ്പോകണം. മൂലകളോട് ചേർന്ന് ജനാല വയ്ക്കരുത്. ഏകദേശ ഡിഗ്രി പോലും കിട്ടാതെ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടാം. ഫാഷനുവേണ്ടിയുള്ള ഇത്തരം കാട്ടികൂട്ടലുകൾ വലിയ ദോഷത്തെയാവും വിളിച്ചുവരുത്തുക. കട്ടിളയും ജനാലയും വയ്ക്കുന്നതിന് തലേന്നുതന്നെ കൃത്യമായി കയറുപിടിച്ച് വാസ്തുവിന്റെ ഊർജപ്രസരണമേഖല കണ്ടെത്തണം. കിഴക്കും വടക്കും നാലു പാളി അഞ്ചുപാളി ജനാലകൾ വയ്ക്കാൻ കഴിഞ്ഞാൽ അത് നല്ല വാസ്തുബലത്തെ പ്രദാനം ചെയ്യും. കിഴക്കുമദ്ധ്യത്തിൽ വയ്ക്കുന്ന ജനാലയ്ക്ക് നേർ എതിർദിശയിൽ അതേ വലിപ്പത്തിലുളള ജനാല തന്നെ വയ്ക്കുന്നത് നല്ലതാണ്. തെക്കും പടിഞ്ഞാറും വശങ്ങളിൽ പരമാവധി രണ്ട് മൂന്ന് പാളി ജനാല മതിയാവും. തെക്കോട്ടുദർശനമായ വീടുകൾക്ക് ചെറിയ മാറ്റം ആവാം. തെക്കിലെ ജനാല നേർതെക്കിൽ നാലു പാളി വരെയാവാം. എന്നാൽ തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും പരമാവധി ചെറിയ ജനാലകളേ വയ്ക്കാവൂ.
സംശയങ്ങളും മറുപടിയും
ക്ഷേത്രങ്ങളിൽ കാണുന്ന ചെമ്പകമരം വീടുകളിൽ വളർത്താമോ?
സുജനപ്രിയൻ, മേൽവെട്ടൂർ,വർക്കല
ചെമ്പകമരം വീടുകളിൽ വളർത്തുന്നതിന് യാതൊരു ദോഷവുമില്ല. പക്ഷേ ആ മരം വയ്ക്കുമ്പോൾ വടക്കു കിഴ്ക്ക്, കിഴക്ക്, നേർവടക്ക് എന്നീ സ്ഥാനങ്ങൾ ഒഴിവാക്കേണ്ടതാണ്. തെക്കു കിഴക്കിൽ വയ്ക്കുകയും ചെയ്യാം.