farmers-protest

ന്യൂഡൽഹി:വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക്.ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാർ ക്ഷണം കർഷകർ നിരസിച്ചു.രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിക്കണമെന്നാണ് ആവശ്യം. അതുവരെ ചർച്ചയ്ക്കില്ലെന്ന് കിസാൻ സംഘർഷ് കമ്മിറ്റി വ്യക്തമാക്കി.

അഞ്ഞൂറിലധികം സംഘടനകളിൽ സർക്കാർ 32 സംഘടനകളെ മാത്രമാണ് ക്ഷണിച്ചത്.ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സർക്കാർ നിശ്ചയിച്ച നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാൽ ഡിസംബർ മൂന്നിന് മുൻപ് ചർച്ചയ്ക്ക് തയാറാണെന്ന അമിത് ഷായുടെ നിർദ്ദേശം ഞായാറാഴ്ച കർഷകർ തള്ളിയിരുന്നു. പിന്നാലെ, അർദ്ധരാത്രി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർ ചർച്ച നടത്തിയാണ് ഉപാധികളില്ലാതെ ചർച്ചയ്ക്ക് തീരുമാനമെടുത്തത്.