
തിരുവനന്തപുരം: പിഡബ്ല്യുസി വഴി ലക്ഷങ്ങളുടെ മാസശമ്പളത്തിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ എസ് ഐ ടി ഐ എൽ) നിയമിതയായ സ്വപ്ന സുരേഷിന്റെ ജോലി ഹോട്ടൽ മുറികളുടെ ബുക്കിംഗും ടാക്സി വിളിക്കലും. ജനുവരിയിൽ കോവളത്ത് നടന്ന സ്പേസ് കോൺക്ലേവിന്റെ സംഘാടനമായിരുന്നു ഏൽപ്പിച്ചിരുന്ന പ്രധാന ചുമതല.
ഇതിനുപുറമേ ചടങ്ങ് നടത്താനുളള ഹോട്ടൽ കണ്ടെത്തുക, മുറികൾ ബുക്കുചെയ്യുക, ക്യാബ് സർവീസ് ഏകോപിപ്പിക്കുക, വിമാനടിക്കറ്റുകൾ ബുക്കുചെയ്യുക,അതിഥികൾക്കുളള സമ്മാനങ്ങളും ഷാളുകളും ബാഡ്ജുകളും വാങ്ങുക, അതിഥികളെ ക്ഷണിക്കുക തുടങ്ങിയവയായിരുന്നു സ്വപ്നയുടെ 'ഭാരിച്ച' ജോലികൾ.ഇത്തരം ജോലികൾ ഇല്ലാത്തപ്പോൾ ഓഫീസിലെ ചെറിയ ചില ജോലികളും ചെയ്യണം. ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതൽ ചെലവിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് എന്തൊക്കെ ആവശ്യങ്ങൾക്കെന്ന ചോദ്യത്തിന് കെ എസ് ഐ ടി ഐ എൽ സർക്കാരിനു നൽകിയ മറുപടിയിലാണ് സ്വപ്നയുടെ ജോലിയെക്കുറിച്ച് വിവരണമുളളത്.
സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന് വേണ്ടി കെ എസ് ഐ ടി ഐ എൽ പി ഡബ്ല്യു സിക്ക് നൽകിയിരുന്നത് ജി എസ് ടി ഉൾപ്പടെ 3.18 ലക്ഷമാണ്. സ്പേസ് പാർക്കിൽ സ്വപ്നയുടെ സേവനത്തിനും മാർക്കറ്റ് റിപ്പോർട്ട് തയാറാക്കിയതിനും നൽകിയതാകട്ടെ 26.29 ലക്ഷം രൂപയാണ്.
സർക്കാർ നൽകുന്ന 3.18 ലക്ഷത്തിൽ 48,000 രൂപ ജി എസ് ടി യാണ്. ബാക്കിയുളള 2.7 ലക്ഷത്തിൽ 1.44 ലക്ഷമാണ് ഇടനിലക്കാരായ വിഷൻ ടെക്നോളജിക്കായി പിഡബ്ല്യുസി നൽകിയിരുന്നത്. അതിൽ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കിയുളള തുക വിഷൻ ടെക്നോളജിയുടെ കമ്മിഷനായിരുന്നു.