
ജീവിതത്തിൽ വേദനകളുടെ കരിനിഴൽ വീഴ്ത്തിയ തൊണ്ണൂറുകളുടെ മദ്ധ്യം. വിട്ടുമാറാത്ത ചെറിയ പനി, ഭക്ഷണത്തോടുള്ള വിരക്തി, ക്ഷീണം... അങ്ങനെ കാഠിന്യമേറിയ ദിനങ്ങൾ. എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ പലതരം ടെസ്റ്റുകളും സ്കാനിംഗും മറ്റുും. ആകെയൊരു നിസഹായാവസ്ഥ. എല്ലാ ടെസ്റ്റുകളും നെഗറ്റീവ്. കൂടുതൽ പരിശോധനകൾക്കായി ആശുപത്രിവാസം തുടങ്ങാമെന്ന തീരുമാനത്തിനു തൊട്ടു മുമ്പ് ഡോക്ടർ പനി മരുന്ന് നിറുത്തി. അപ്പോഴല്ലേ യഥാർത്ഥരോഗം വെളിയിൽ വരുന്നത്, പല സന്ധികളിലും നീരുംവേദനയും. അങ്ങനെ വില്ലനെ കണ്ടെത്തി, റുമറ്റൊയ്ഡ് ആർത്രൈറ്റീസ്. ആമവാതം എന്ന് മലയാളത്തിൽ പറയുന്ന ഇത് ഒരു ഓട്ടോ ഇമ്മ്യൂൺരോഗമാണ്, അവരവരുടെ പ്രതിരോധശേഷിയെ  കടന്നാക്രമിക്കുന്ന രോഗാവസ്ഥ.
ഒരു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ. കിടന്നാൽ എഴുന്നേൽക്കാൻ പരസഹായം വേണം. നടക്കാൻ വയ്യ. ഭക്ഷണം എടുത്ത് വായിലേക്ക് കൊണ്ടുപോകാൻ പറ്റാത്ത ദയനീയാവസ്ഥ. ഹോംനേഴ്സും ഭർത്താവും അച്ഛനും വല്ലാതെ കഷ്ടപ്പെട്ട ദിവസങ്ങൾ. പ്രസവശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകളും അതിനെ വെല്ലുന്ന രോഗപീഡകളും. കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാനോ ലാളിക്കാനോ വയ്യാത്ത ഒരമ്മ.
എങ്ങിനെയാണ് ആ വേദനാപർവം അതിജീവിച്ചത് എന്നെനിക്കറിയില്ല. എങ്കിലും ഏന്തി വലിഞ്ഞ് കടന്നു കയറി ആ വിഷമഘട്ടം. അന്നത്തെ വേദനകൾ ഓർക്കുമ്പോൾ തന്നെ ഇന്നും ശരീരം തളരാറുണ്ട്. ആരോ അക്കാലത്ത് ഒരുവേദന സംഹാരി ഓയിന്റ്മെന്റ് സമ്മാനിച്ചു. മറ്റുള്ളവർക്ക് അത് പുരട്ടിയാൽ പുകച്ചിലാണ്, എനിയ്ക്കോ ഒന്നും തോന്നാറില്ലായിരുന്നു. എത്ര കഠിനമായിരുന്നു ആ വേദന എന്ന് ഊഹിക്കാമല്ലോ? ഇത്രയും പറഞ്ഞത് ആമവാതം മൂലമുള്ള ബുദ്ധിമുട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഇതെഴുതുന്നതെന്നു പറയാൻ മാത്രമാണ്. ഇനി ഈ രോഗത്തോട് പൊരുതിക്കൊണ്ടേയിരിക്കുന്ന മറ്റൊരാളുടെ ജീവിത കഥയിലേക്ക് പോകാം. സ്വന്തം വേദനയുടെ അനുഭവമുള്ളതിനാൽ അവരുടെ വേദനയിലേക്കെത്താൻ എനിക്ക് ഒട്ടും ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നില്ല.
നരകതുല്യവേദന നൽകുന്ന റുമറ്റോയ്ഡ് ആർത്രൈറ്റിസ് മൂലം പൂർണ്ണമായും ശയ്യാവലംബയായ ആ നാൽപത്തൊന്നുകാരി യാദൃച്ഛികമായാണ് എന്റെ പരിചിത വലയത്തിൽ എത്തുന്നത്. ആ കുട്ടിയുടെ സഹനങ്ങൾക്ക് മുമ്പിൽ ഞാനൊന്നുമല്ലായിരുന്നു. ഞാനവളെ ഹിമ എന്ന് വിളിക്കുന്നു. ഹിമകണംപോലെ, അനുഭവങ്ങളുടെ തണുപ്പുകൾ മുഴുവൻ ഏറ്റുവാങ്ങിയവൾ. സൂര്യരശ്മികൾ പതിയുമ്പോൾ ഹിമകണം വെട്ടിത്തിളങ്ങുംപോലെ ജീവിതത്തിലെ ഓരോ അനുഭവം അതിജീവനത്തിനുള്ള പാഠമാക്കിയ ഹിമ.
വളരെ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒറ്റപ്പുത്രിക്ക് ചിറ്റപ്പനും (അച്ഛന്റെ അനുജൻ) ചിറ്റയും മക്കളുമായിരുന്നു വീട്ടുകാർ. കോഴിക്കോട് ജില്ലയിലെ സാധാരണ കുടുംബമായിരുന്നു അവരുടേത്. പെൺമക്കളില്ലാത്ത ചിറ്റപ്പന്റെ പ്രിയപ്പെട്ടവളായിരുന്നു ഹിമ. സന്തോഷത്തോടെ നീങ്ങിയ ജീവിതം. 19-20 വയസ് വരെ സാധാരണ ജീവിതം നയിച്ചിരുന്ന ഹിമയ്ക്ക് വേദനകളും ശരീരത്തിൽ നീരുമെല്ലാം കൂട്ടായി എത്തിയ ബിരുദാനന്തരബിരുദ പഠനകാലം. കഠിനവേദനകൾക്കൊപ്പം തന്നെ പഠനവും മുന്നേറി. ചികിത്സയോടൊപ്പം ബിരുദാനന്തര ബിരുദവും നെറ്റും പഠിച്ച് സർക്കാർ കോളേജിൽ അദ്ധ്യാപകജോലിയും നേടിയെടുത്തു ഈ മിടുക്കി. അദ്ധ്യാപനവും എഴുത്തും വായനയുമായി മുന്നേറിയ ജീവിതത്തിൽ രോഗാധിക്യം വീണ്ടും പിടിമുറുക്കി. അങ്ങനെ ഇഷ്ടങ്ങളെ പിഴുതെറിഞ്ഞ് വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് പറിച്ചു നടേണ്ടിവന്നു ആ ജീവിതം. ആ ഇരിപ്പിലും മൂന്നു ബിരുദാനന്തര ബിരുദങ്ങൾകൂടി കൈപ്പിടിയിലാക്കി ഹിമ. ചിറ്റപ്പന്റെ പൂർണ്ണ പിന്തുണയും സമർപ്പണവുമാണ് ഈ നേട്ടങ്ങൾക്കെല്ലാം ആധാരം.

അപ്രതീക്ഷിതമായിരുന്നു ചിറ്റപ്പന്റെ മരണം. താങ്ങും തണലും നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ രോഗവും തൽസ്വരൂപം കാട്ടി. ഇത് ഈരോഗത്തിന്റെ ഒരു പ്രത്യേകതയാണ്, അമിതമായ വിഷമങ്ങളും ഉത്കണ്ഠയുമെല്ലാം രോഗവർദ്ധനവിന് രാസത്വരകങ്ങളാകും. തുടർ ചികിത്സകൾക്കായി 2006ൽ പയ്യന്നൂരിലെ പ്രശസ്തമായ ഒരു പ്രകൃതി ചികിത്സാകേന്ദ്രത്തിലെത്തിയപ്പോഴാണ് ഹിമയുടെ ജീവിതത്തിലേക്ക് ബിന്ദ്യ (പേര് മാറ്റി എഴുതുന്നു) കടന്നു വരുന്നത്. അവിടെജോലി ചെയ്തിരുന്ന ബിന്ദ്യ പിന്നീട് ഹിമക്ക് താങ്ങും തണലുമായി. അങ്ങനെ അവരുടെ വീട്ടിലൊരാളായി ഹിമയും. രോഗത്തിന് അല്പം ശമനമായപ്പോൾ  ഒരു അൺ എയ്ഡഡ് കോളേജുകാർ ജോലിക്ക് വിളിച്ചു. ഹിമയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവർ അവിടെത്തന്നെ ഒരു ചെറിയ ജോലി ബിന്ദ്യയ്ക്കും നൽകി. പക്ഷെ രോഗകാഠിന്യം മൂലം അധികനാൾ അത് തുടരാനായില്ല. കഴിഞ്ഞ ആറു വർഷമായി വീൽചെയറിൽ തളയ്ക്കപ്പെട്ട അവൾക്ക് തുണയായി കൂട്ടുകാരി കൂടെത്തന്നെയുണ്ട്. ഏകദേശം ഒരു വർഷം മുമ്പ് ഹിമയുടെ നിർബന്ധത്തിൽ ബിന്ദ്യ വിവാഹിതയായി. ബിന്ദ്യയെ മനസിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടിയത് ഇരുവരുടേയും ഭാഗ്യം.
2019ലാണ് ഹിമ പാലിയം ഇന്ത്യയുമായി പരിചയത്തിലാകുന്നത്. അതിന് നിമിത്തമായത് പാലിയം ഇന്ത്യയിലെ വോളന്റിയർ ലളിതയുടെ സുഹൃത്തായ ഹുസൈൻ വക്കീലാണ്. അദ്ദേഹം ചികിത്സാർത്ഥം പയ്യന്നൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഹിമയെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹത്തിലൂടെ   ലളിത ഹിമയെ അന്വേഷിച്ചെത്തുന്നു, ലളിതാന്റിയിലൂടെ പാലിയം ഇന്ത്യയും. ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഹിമ അതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ ആരോ അങ്ങകലെ ഒരു കൈത്താങ്ങായി സാന്ത്വനമായി ഉണ്ടെന്നൊരു വിശ്വാസം, അല്ല, ധൈര്യം കൂട്ടിനുണ്ട്. അതാണവൾക്ക് സാന്ത്വന ചികിത്സാ ലോകം നൽകിയ വില പിടിച്ച സമ്മാനം. ഹിമ എടുത്തു പറഞ്ഞ മറ്റൊരു പേരാണ്  നാരായണൻ. നീലേശ്വരത്തെ കരിന്തളത്തുള്ള സാന്ത്വന സേവകൻ. എപ്പോഴും സഹായമനസുമായി അദ്ദേഹവുമുണ്ട് കൂടെ. 2019 ഫെബ്രുവരി മുതൽ മറ്റൊരു പ്രകൃതി ചികിത്സാ കേന്ദ്രത്തിലാണ് ഹിമ ഉള്ളത്. അവിടത്തെ ചികിത്സ നല്ല ഫലം ചെയ്യുന്നുണ്ട്. ത്വക്കിന് വന്ന ഭാവഭേദങ്ങൾ മാറിത്തുടങ്ങി, വേദനകൾക്കും ആശ്വാസം കിട്ടി. ചിട്ടയായ ജീവിതചര്യയും ഭക്ഷണവുമാണ് അവിടെ പിന്തുടരുന്നത്. കാലുകൾ മരവിച്ച് ചൂടും തണുപ്പും തിരിച്ചറിയാത്ത, എന്നാൽ വേദനകൾ അറിയുന്ന ശരീരം ആശ്വാസ തീരത്തെത്തുമെന്നു തന്നെയാണ് ഹിമയുടെ പ്രതീക്ഷ. പാലിയം ഇന്ത്യയുടേയും അതുപോലുള്ള മറ്റു സാന്ത്വന ചികിത്സകരുടേയും നിർലോഭമായ പിന്തുണയാണ് ഹിമയുടെ പ്രതീക്ഷകളെ ഉന്മേഷഭരിതമാക്കുന്നത്.
'എന്റെ ജീവിതം ഇത്രയും അർത്ഥവത്താക്കിയത് അവരാണ്. അവർ നൽകുന്ന ധൈര്യം, കരുതൽ എല്ലാം അളവറ്റതാണ്. എന്നെക്കാളും ബുദ്ധിമുട്ടുന്നവരുടെ കഷ്ടപ്പാടും സങ്കടങ്ങളും എനിക്ക് നൽകുന്ന തിരിച്ചറിവ്, അതിനപ്പുറം എന്ത്!"
സ്വന്തമായി കാര്യങ്ങൾ നോക്കാൻ പറ്റുന്ന ഒരവസ്ഥയിലെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹിമ. സഹായത്തിനായി ഒരു ഹോം നഴ്സ് ഒപ്പമുണ്ട്. ആശുപത്രി വിട്ടാൽ കൂട്ടിക്കൊണ്ടു പോകാൻ ബിന്ദ്യ തയ്യാർ, പരിമിത സൗകര്യങ്ങളുടെ ആ ലോകത്ത് താങ്ങും തണലുമാകാൻ മടിയില്ലാത്ത കൂട്ടുകാരി ഒരത്ഭുതമോ അതോ വല്ലപ്പോഴും സംഭവിയ്ക്കുന്ന പ്രതിഭാസമോ? സുന്ദരമായ കവിതകളും ലേഖനങ്ങളും എഴുതുന്ന ഹിമയുടെ കവിതകൾ ഉടനെ അച്ചടി മഷി പുരളുകയാണ്. ബിന്ദ്യയേയും ഭർത്താവിനേയും കൊവിഡ് കാലത്തെ പണിനഷ്ടം സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും കൂട്ടുകാരിക്കു വേണ്ടി ഏത് ത്യാഗത്തിനും അവർ തയ്യാറാണ്. പക്ഷേ  ഇപ്പോഴത്തെ രീതിയിലുള്ള ഭക്ഷണക്രമീകരണത്തിനും മറ്റ് ചികിത്സകൾക്കും നല്ലൊരു തുക ദിനംപ്രതി കണ്ടെത്തേണ്ടി വരും. ആരു വരുമോ ഇവരുടെ രക്ഷകരായി!
ജീവിതത്തിലെ അതിതീഷ്ണഘട്ടങ്ങളെ ഇതുവരെ പതറാതെ നേരിട്ട ഹിമക്ക് ഇവർ അർഹിക്കുന്ന പരിഗണന, അതായത് അർഹമായ ചികിത്സ ഉൾപ്പടെയുള്ള ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നത് നമ്മളും സർക്കാരും ഉൾപ്പെടുന്ന പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ? ഇങ്ങനെ എത്രയോ മനുഷ്യർ പല രോഗാവസ്ഥയിൽ വീടുകങ്ങളിൽ കുടുങ്ങി കിടപ്പുണ്ടാവും?  അവരുടെ ശബ്ദത്തിനായി നമ്മളും ഒത്തു ചേരണം.
ഹിമയുടെ മനസ് 'സൗഹൃദം" എന്ന ഈ ചെറുകവിതയിലൂടെ നമുക്ക് ഒന്നു വായിച്ചെടുത്താലോ?
'നടുക്കടലിൽ ഒറ്റപ്പെട്ടപ്പോൾ
അവർ കൈകൾ ചേർത്ത് കരയ്ക്കണച്ചു.
സ്നേഹമൂട്ടി വിശപ്പകറ്റി
വിരലുകൾ ചേർത്ത് വീടൊരുക്കി
മനസ് കൊണ്ട് കട്ടിലൊരുക്കി
വാത്സല്യം കൊണ്ട് പുതപ്പിച്ചു
മൗനം കൊണ്ട് താരാട്ട് പാടി
ഹൃദയത്തോട് ചേർത്തുറക്കി.