
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്ന് കാർ മാർഗമാണ് ഞങ്ങൾ നോർവെയിലേക്ക് പോയത്. മകൻ അരുണാണ് കാർ ഓടിച്ചത്. അവിടത്തെ റോഡ് നിയമങ്ങൾ കൃത്യമായി അറിയാത്തവർക്ക് സ്വീഡനിലും നോർവെയിലും മറ്റും വാഹനമോടിക്കുക അത്ര എളുപ്പമല്ല. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയിട്ടുള്ള ഗെയ് രാംഗർ ഫിയോഡ് കാണാനാണ് ഞങ്ങൾ ആദ്യം പോയത്.
മനോഹരമായ പുൽത്തകിടികളും തണൽ വിരിക്കുന്ന വിശേഷ വൃക്ഷങ്ങളും കൊണ്ട് സമ്പന്നമായ ഒരു കോമ്പൗണ്ടിലുള്ള ഏതാനും കോട്ടേജുകളിൽ ഒന്നിലായിരുന്നു അവിടെ ഞങ്ങളുടെ താമസം. ആധുനികമായ എല്ലാ സൗകര്യങ്ങളും കോട്ടേജിലുണ്ട്. മുറികൾക്കകവും ബാത്ത് റൂമുംവരെ കഴുകി വൃത്തിയാക്കിവേണം തിരികെ നൽകാൻ എന്നുമാത്രം. കോട്ടേജിന് മുന്നിലും കോമ്പൗണ്ടിൽ പലയിടങ്ങളിലും ഒരു പ്രത്യേകതരം വൃക്ഷം നിൽക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കോട്ടേജുകളുടെ നടത്തിപ്പുകാരിയായ സ്ത്രീയോട് ചോദിച്ചപ്പോൾ അത് 'പിയോക്" മരങ്ങളാണെന്ന് മനസിലായി. ഇതിന്റെ പഴം ജ്യൂസ്, ജാം എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. മീൻകറി വയ്ക്കുന്നതിന്റെ കൂടെ ചേർക്കാറുണ്ടെന്നും അവർ പറഞ്ഞു. അതിനേക്കാൾ ഉപരി മുറ്റത്ത് നിൽക്കുന്ന പിയോക് മരം ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് നോർവെക്കാർ കാണുന്നത്.
വേനൽക്കാലത്തെ തണുപ്പുള്ള രാത്രിയുടെ സുഖമറിഞ്ഞുള്ള ഉറക്കം നല്ല അനുഭവമായിരുന്നു. അതിരാവിലെ തന്നെ ഫിയോഡുകൾ ലക്ഷ്യമാക്കി യാത്ര തുടങ്ങി. പാറക്കെട്ടുകൾ നിറഞ്ഞ പർവതങ്ങൾ. താഴ്വാരങ്ങളിൽ പൈനും മറ്റ് സ്തൂപികാഗ്രിത വൃക്ഷങ്ങളും ഒരുക്കുന്ന സുന്ദരകാഴ്ചകൾ. കയറ്റം കയറിയുള്ള ഹെയർപിൻ വളവുകൾ നിരവധി. പറമ്പിക്കുളത്തുനിന്ന് വാൽപ്പാറ വഴി കേരളത്തിലേക്കുള്ള യാത്ര ഓർമ്മിപ്പിക്കുന്ന ഹെയർപിൻ വളവുകൾ. ഏതാണ്ട് 2000 മീറ്റർ ഉയരമുള്ള നിരവധി മലകൾ കയറി അവിടെ നിന്ന് വളഞ്ഞും പുളഞ്ഞും ഇടയ്ക്ക് മൂടൽമഞ്ഞ് മൂടിക്കിടക്കുന്നതുമായ വഴിയിലൂടെ താഴേക്കുള്ള യാത്ര അതിസാഹസികം തന്നെയായിരുന്നു. താഴേക്കുള്ള യാത്രയിൽ ഓരോ ഹെയർപിൻ വളവ് കഴിയുമ്പോഴും അങ്ങ് ദൂരെ വൻമലകൾക്കിടയിലെ നീലജലാശയത്തിൽ പത്തും പതിനഞ്ചും നിലകളുള്ള കപ്പലുകൾ കിടക്കുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നി.
മൂടൽമഞ്ഞിനടിയിലൂടെ കാറോടിച്ച് അരുൺ ഗെയ് രാംഗർ തടാകത്തിനരികിലെത്തി. കാറിൽ നിന്നിറങ്ങി തടാകക്കരയിലെത്തിയപ്പോഴത്തെ വിസ്മയം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഉഗ്രൻ മലകൾക്കിടയിൽ കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയങ്ങളെയാണ് ഫിയോഡ് എന്നു വിളിക്കുന്നത്. അഗാധ നീലിമ എന്ന വാക്കിന്റെ അർത്ഥമെന്തെന്നറിയുന്നത് ഗെയ് രാംഗർ ഫിയോഡ് കാണുമ്പോഴാണ്. മലിനമാകാത്ത ഈ ശുദ്ധജലം കൈക്കുമ്പിളിൽ കോരിയെടുക്കാൻ കൊതി തോന്നും. വലിയ കപ്പലുകൾ, രണ്ടും മൂന്നു നിലകളുള്ള ബോട്ടുകൾ അവയിൽ നിറയെ സഞ്ചാരികൾ. ഇതിനുപുറമെ കോടികൾ വിലയുള്ള യാട്ടുകളും തടാകത്തിൽ നിരനിരയായി കിടക്കുന്നു.
സാമാന്യം വലിയ ഒരു ബോട്ടിൽ (കപ്പൽ) ഞങ്ങൾ കയറി. യാതൊരു തിക്കും തിരക്കുമില്ലാതെ ക്യൂ നിന്നാണ് എല്ലാവരും കയറുന്നത്. മുകളിലെ തുറസായ നിലയിൽ ഇരിക്കാൻ കസേരകൾ. അരികിലുള്ള കൈവരികളിൽപിടിച്ചുനിന്നുകൊണ്ട് കാഴ്ചകൾ കാണാനുള്ള സൗകര്യവും ഉണ്ട്. യാത്ര തുടങ്ങി അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ ഫിയോഡുകളൊരുക്കുന്ന മായികലോകം കൺമുന്നിൽ തെളിഞ്ഞു. ഇരുവശവും അഞ്ഞൂറും ആയിരവും മീറ്റർ ഉയരമുള്ള വലിയ മലനിരകൾ. ആ മലയിടുക്കുകളിൽ വിശാലമായ ജലപ്പരപ്പ്. പാറകൾ നിറഞ്ഞ മലകളുടെ മുകളിൽ വൃക്ഷങ്ങൾ കുറവാണ്. ചിലയിടങ്ങളിൽ ഇല്ലാതെയുമില്ല. കുറ്റിച്ചെടികളും പുൽപ്പടർപ്പുകളുമാണ് അധികവും. ഓരോ വളവുകൾ തിരിയുമ്പോഴും അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ. മലയുടെ മുകളിൽ നിന്ന് കുത്തനെ നിപതിക്കുന്ന ഈ നീരൊഴുക്കുകൾ അഴകിലും മിഴിവിലും അനിതരഭംഗി പുലർത്തുന്നു. യാത്രയുടെ തുടക്കത്തിൽതന്നെ ലഭിക്കുന്ന ഓഡിയോ ഗൈഡ് വളരെ പ്രയോജനപ്രദമാണ്. നോർവെയുടെ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും നോർവീജിയൻ ജീവിതരീതികളെക്കുറിച്ചും പറഞ്ഞശേഷം യാത്രയിൽ നമ്മൾ കടന്നുപോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ ആ പ്രദേശത്തിന്റെ ചരിത്രവും സവിശേഷതകളും നമുക്ക് മനസിലാക്കിതരും. കപ്പലിന്റെ സ്പീഡ് കണക്കാക്കി ഓരോ സ്ഥലത്തും എത്തുന്നതിനനുസരിച്ചുള്ള കമന്ററിയുടെ ടൈമിംഗ് കിറുകൃത്യമാണ്. തന്നെയുമല്ല നമ്മൾ കാണുന്ന കാഴ്ചകളുടെ വശ്യതയ്ക്കനുസരിച്ചുള്ള പശ്ചാത്തലസംഗീതം കൂടി ചെവിയിൽ മുഴങ്ങുമ്പോൾ സൗന്ദര്യസങ്കല്പങ്ങളുടെ ഏതോ സ്വപ്നലോകത്തിലെത്തിയതുപോലെ തോന്നും. പ്രത്യേകിച്ച് 'സെവൻ സിസ്റ്റേഴ്സ്', ' സ്യൂട്ടർ"തുടങ്ങിയ വെള്ളച്ചാട്ടങ്ങൾക്കരികിലെത്തുമ്പോൾ സഞ്ചാരികൾ സ്വയം മറന്ന് തുള്ളിച്ചാടുന്നതും ആർത്തുല്ലസിക്കുന്നതും കാണാമായിരുന്നു.

തടാകത്തിന് അതിരിടുന്ന പർവതനിരകളുടെ മുകൾപ്പരപ്പിൽ നിരന്നുകിടക്കുന്ന മഞ്ഞുപാളികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു. പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ തുള്ളിച്ചാടി ചിന്നിച്ചിതറി സമൃദ്ധമായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങളെ സ്വയംവര കന്യകളായ നവവധുക്കളായി നോർവെക്കാർ സങ്കല്പിക്കുന്നു. മധുവിധു ആഘോഷിക്കാനെത്തുന്ന യുവമിഥുനങ്ങൾക്കായി സങ്കല്പനം ചെയ്തിരിക്കുന്ന സ്യൂട്ടർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത മനസിൽ നിന്നു മായുന്നില്ല. ഒരേ നദി തന്നെ വലിയ പാറക്കെട്ടുകൾക്കു മുകളിലൂടെ വ്യക്തമായി അതിരിടുന്ന ഏഴു താരകളായി നിരന്നൊഴുകി തടാകത്തിലേക്ക് പതിക്കുന്ന ഏഴുസുന്ദരികൾ മറ്റൊരത്ഭുതമാണ്.
കുറേക്കൂടി മുന്നോട്ട് ചെന്നപ്പോൾ യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ ഗെരിംഗോ ഗ്രാമം കാണാനായി. പൂർണമായും തടി കൊണ്ടുമാത്രം നിർമ്മിച്ച കെട്ടിടങ്ങൾ. ഗ്രാമവാസികൾ താമസിക്കുന്ന കൊച്ചു വീടുകൾ. പഴമയുടെയും പാരമ്പര്യത്തിന്റെയും തനിമയുള്ള സാംസ്കാരിക ധാരകളായി നോർവെക്കാർ അവയെ സംരക്ഷിക്കുന്നു. രണ്ടുമണിക്കൂർ നീണ്ടബോട്ടുയാത്ര കഴിഞ്ഞ് തിരികെ കരിയിലിറങ്ങുമ്പോൾ ഗെയ്രാംഗർ ഫിയോഡ് എന്ന അത്ഭുത പ്രതിഭാസം വെറുതെയല്ല യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയതെന്നു ബോദ്ധ്യമായി. (ഇതേ ജലാശയത്തിലൂടെ 110 കി.മീ യാത്ര ചെയ്തു കഴിഞ്ഞാൽ നേരെ നോർവീജിയൻ കടലിലത്തും.)
ജലാശയത്തിന്റെ തുടക്കഭാഗത്ത് മാത്രമാണ് ഏതാനും കടകളും ഹോട്ടലുകളും മറ്റുമുള്ളത്. ബാക്കി മുഴുവൻ സ്ഥലവും വനപ്രദേശങ്ങളാണ്. അപൂർവങ്ങളായി മാത്രം ആപ്പിൾതോട്ടങ്ങളും ബെറിതോട്ടങ്ങളും. ഹോട്ടലുകളിൽ നല്ല തിരക്കായിരുന്നെങ്കിലും ഒരു റെസ്റ്റോറന്റിൽ സൗകര്യമായിരിക്കാൻ സ്ഥലം കിട്ടി. ബോട്ട് യാത്രയുടെ ആനന്ദവും സന്തോഷവും കുറേക്കൂടി ആസ്വാദ്യകരമാകുന്നതിനുതകുന്ന രുചികരമായ നല്ല ഭക്ഷണം. നോർവെയിലെ ജീവിത നിലവാരത്തോത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുന്നിലായതിനാൽ കോട്ടേജുകളുടെ നിരക്കും ഭക്ഷണസാധനങ്ങളുടെ വിലയും മറ്റു ചെലവുകളും എല്ലാം വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിന് 600 രൂപ (ഇന്ത്യൻ രൂപ) വിലവരും. അതിനനുസരിച്ച് മറ്റു ചെലവുകൾ ഊഹിക്കാവുന്നതേയുള്ളൂ. സ്വീഡിഷ്, നോർവീജിയൻ ഭാഷകൾ അരുണിന് അറിയാമായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. തങ്ങളുടെ ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്ന ഈ ജനത ഇംഗ്ലീഷ് ഉപയോഗിക്കുന്നതിൽ പൊതുവെ വിമുഖത കാണിക്കുന്നു.
അവിടെനിന്നും ഞങ്ങൾപോയത് ഗെയ് രാംഗറിലെ ഡാൽസ്നിബ സ്കൈവാക് കാണുന്നതിനാണ്. ഫിയോഡുകൾ കാണാൻ താഴേക്കിറങ്ങിയ അതേ റോഡിലൂടെ നിരവധി ഹെയർപിൻ വളവുകൾ കയറി, മൂടൽമഞ്ഞിനിടിലൂടെ മുകളിലെത്തി. അവിടെ നിന്നും 50 കി. മീ ദൂരമുണ്ട് മലമുകളിലെ ഡാൽസ്നിബയിലെത്താൻ. ഈ യാത്ര അത്യന്തം ഉദ്വേഗജനവും ഉല്ലാസകരവുമായിരുന്നു. കരിമ്പാറകൾ നിറഞ്ഞ മലമുകളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ. വെള്ളിക്കട്ടകൾ വാരിവിതറിയപോലെ മലമുകളിൽ ചിന്നിച്ചിതറി കിടക്കുന്ന മഞ്ഞുകൂനകൾ. അകലെനിന്നു കാണുമ്പോൾ ചെറുതെന്ന് തോന്നുമെങ്കിലും അുത്തുകാണുമ്പോൾ സാമാന്യം വലിപ്പമുണ്ട് ഈ മഞ്ഞുപാളികൾക്ക്. വേനൽക്കാലമായതുകൊണ്ടാണ് അങ്ങിങ്ങായി പാറയുടെ മുകളിലെ ചളുക്കുകളിൽ മഞ്ഞുകണങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത്. വഴിയരികിൽ കാർ നിറുത്തി മലമുകളിൽ കയറി. മഞ്ഞുകട്ടകൾ കൈയിൽ വാരിയെടുത്തപ്പോഴാണ് പഞ്ചസാരപോലെ തരിതരിയായി കിടക്കുന്ന ഐസ് കൂമ്പാരമാണിതെന്ന് മനസിലായത്.

ഈ യാത്രയിലെ മറ്റൊരത്ഭുത പ്രതിഭാസം മലമുകളിലെ ഹിമാനീകൃത തടാകങ്ങളാണ്. മഞ്ഞുരുകി ഒലിച്ചിറങ്ങിയ വെള്ളം മലയുടെ മുകളിൽ രണ്ടും മൂന്നും മലകൾക്കിടയിലെ ചളുക്കുകളിൽ വലിയ ജലാശയങ്ങളായി രൂപം കൊണ്ടതാണ് ഈ കടുംനീലനിറത്തിലുള്ള തടാകങ്ങൾ. അടുത്തും അകന്നും നിന്നുള്ള കാഴ്ച – വൃത്താകൃതിയിൽ ആഴമറിയാനാകാത്ത വിധം ഇന്ദ്രനീലിമയാർന്ന ചെറുതും വലുതുമായ ഈ നീലത്തടാകങ്ങൾ പ്രകൃതി ഒരുക്കിയ വശ്യസൗന്ദര്യത്തിന്റെ വിശ്വമോഹനത എന്നേ പറയാനാകൂ. അവയുടെ കരയിൽ എത്ര സമയം വേണമെങ്കിലും നാമറിയാതെ ലയിച്ചുനിന്നു പോകും. ഡാൽസ്നിബ സ്കൈവാക്കിലേക്കുള്ള ഹെയർപിന്റോഡുകൾ പലപ്പോഴും ഈ നീലത്തടാകങ്ങളെ വലംവച്ചുകൊണ്ടാണ് മുകളിലേക്ക് കയറുന്നത്. സ്കൈവാക്കിനു മുകളിൽ പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും അരകിലോ മീറ്റർ താഴെ വാഹനം ഒതുക്കിയിട്ട് ഞങ്ങൾ നടന്നാണ് മുകളിലേക്ക് കയറിയത്. അത്ര മനോഹരമാണ് നാലുപാടുമുള്ള കാഴ്ചകൾ. മഞ്ഞുപാളികൾ അലസമായി വാരിവിതറിയിട്ടിരിക്കുന്ന പർവതഗ്രാമങ്ങൾ. അവയ്ക്കിടയിൽ അഗാധനീലിമയുടെ ആഴക്കയങ്ങൾ. താഴ്വാരങ്ങളിൽ പച്ചപ്പിന്റെ ഹരിതാഭമായ കാഴ്ചകൾ. ദൂരെ വടക്കുപടിഞ്ഞാറായി വിദൂരത്തിൽ ഗെയ്രാംഗർ ഫിയോഡിന്റെ മനോഹരദൃശ്യം. അവിടെ കിടക്കുന്ന വലിയ കപ്പലുകളും മറ്റും ചെറുതായി കാണാം. അടിവാരത്തുനിന്ന് മുകളിലേക്ക് കയറിവന്ന സാമാന്യം വീതിയുണ്ടായിരുന്ന റോഡ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന വലിയ പെരുമ്പാമ്പിനെപ്പോലെ തോന്നിക്കുന്നു. 1500 മീ. ഉയരത്തിലുള്ള സ്കൈവാക്കിന് മുകളിലെത്തിക്കഴിഞ്ഞാൽ ഭൂമിക്കും ആകാശത്തിനുമിടയിലുള്ള വിസ്മയലോകത്താണ് നമ്മൾ.
മലയുടെ മുകളിൽ നിന്ന് വശങ്ങളിലേക്ക് നീട്ടിക്കൊടുത്തിരിക്കുന്ന ഇരുമ്പുപാളികൾക്ക് മുകളിൽ ഒരുക്കിയിരിക്കുന്ന തറയിൽ ചതുരക്കള്ളികളുള്ള വിടവുകളാണ്. അവയ്ക്ക് മുകളിലൂടെ നടന്നു നീങ്ങുമ്പോൾ താഴേക്ക് നോക്കിയാൽ തലകറങ്ങുന്നതു പോലെ തോന്നും. അത്ര ഭയം തോന്നിക്കുന്ന ഉയരത്തിലാണ് നമ്മൾ നിൽക്കുന്നതെന്ന് അപ്പോഴാണ് തിരിച്ചറിയുക. സ്കൈവാക്കിന് ചുറ്റിലുമുള്ള കൈവരികളിൽ പിടിച്ചുകൊണ്ട് പ്രകൃതിയൊരുക്കുന്ന വശ്യസൗന്ദര്യം ആസ്വദിച്ച് നിൽക്കുമ്പോൾ ത്രിശങ്കുസ്വർഗത്തെക്കുറിച്ചും മയന്റെ കൊട്ടാരത്തെക്കുറിച്ചുമൊക്കെ വായിച്ചറിഞ്ഞ അറിവുകൾ അനുഭവവേദ്യമാകുന്നതുപോലെ തോന്നി, കൈവരിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ വിദൂരത്തിലുള്ള ഗെയ്രാംഗർ തടാകവും (ഫിയോഡ്) അതിലെ കപ്പലുകളും വലുതായി തൊട്ടടുത്തു നിൽക്കുന്നതുപോലെ കാണാം. ചുറ്റുമുള്ള പർവതങ്ങൾക്ക് മുകളിലെ മഞ്ഞുപാളികൾ സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നു. താഴെയുള്ള ഹിമാനീകൃത തടാകങ്ങളിലെ അഗാധനീലിമ അന്തിവെയിലിന്റെ ചന്തത്തിൽ ആയിരം മടങ്ങ് കാവ്യഭംഗി ചൊരിയുന്നു. 'നീരന്ധ്രനീലജലദപ്പലകപ്പുറത്ത്..." എന്നെഴുതിയ ജി. ശങ്കരക്കുറുപ്പിന്റെ കാവ്യഭാവനയ്ക്ക് നന്ദി.
സ്കൈവാക്കിനുമുകളിൽ സദാവീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ കുളിർക്കാറ്റ് പ്രകൃത്യുപാസനയുടെ, ആസ്വാദനത്തിന്റെ അഴകും മിഴിവും അനുഭവപ്പെടുത്തിത്തരുന്നു. സ്കൈവാക്കിനുള്ളിൽ ഏറ്റവും ഉയർന്ന പാറയ്ക്ക് മുകളിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഒരുനിമിഷം ഓർത്തുപോയി. ഇത്തരത്തിൽ അവിസ്മരണീയമായ കാഴ്ച കാണാൻ കഴിഞ്ഞത് ജന്മപുണ്യം തന്നെ എന്ന്.
(ലേഖകന്റെ ഫോൺ : 9447037877)