kodiyeri

ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ഒരു നേതാവും സിപിഎമ്മിൽ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറിയും കൺവീനറുമായ എ വിജയരാഘവൻ. അത്തരത്തിൽ ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലാണ് എ വിജയരാഘവന്റെ അവകാശവാദം. ചില മന്ത്രിമാരുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ നടക്കുന്ന എൻഫോഴ്‌സ്മെന്റ് അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിജയരാഘവന്റെ മറുപടി.

'ഇഡി എന്നല്ല ഇംഗ്ളീഷ് അക്ഷരമാലയിൽ വേറെയും ചില അക്ഷരങ്ങളുണ്ടല്ലോ? അതൊക്കെ വച്ചുകൊണ്ട് ആര് അന്വേഷിച്ചാലും...ഒരുകാര്യം മറക്കരുത്, സിപിഎമ്മിന്റെ മന്ത്രിമാരുടെ വരുമാനവും സമ്പത്തും, അതിലെ കൂട്ടിച്ചേർക്കലുകളും കൃത്യമായി പരിശോധിക്കുന്ന ഒരു പാർട്ടിയാണ് സിപിഎം. എന്റെ വരുമാനം എന്തെന്ന് എല്ലാവർഷവും എന്റെ പാർട്ടി പരിശോധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ വരുമാനവും പരിശോധിക്കുന്നുണ്ട്. തെറ്റിദ്ധരിക്കരുത്, എന്റെ വരുമാനം എന്ന് പറഞ്ഞ് ഞാൻ സിപിഎമ്മിന് കൊടുക്കുന്നത് എന്റെ വരുമാനവും എന്റെ ഭാര്യയുടെ വരുമാനവും ചേർത്തുതന്നെയാണ്. അത് കേവലം ശമ്പളം മാത്രമല്ല; അവിവാഹിതരായ മക്കളുടെ വരുമാനവും പരിശോധനയ‌്ക്ക് വിധേയമാക്കാം. വളരെ കൃത്യമായ കാര്യമാണിത്. സ്ഥാപരജംഗമവസ്തൂക്കൾ, അതിൽ ഉണ്ടാകുന്ന വർദ്ധനവ്, ഓരോ വർഷവും അധികമായി ചിലവാക്കിയ പണം, അത് ലഭ്യമായ വഴി ഇതെല്ലാം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്ന സംവിധാനം സിപിഎമ്മിനുണ്ട്.

എല്ലാവർഷവും വാർഷിക സ്‌റ്റേറ്റ്മെന്റ് പാർട്ടി വാങ്ങുന്നു. അത് പരിശോധിക്കുന്ന സംവിധാനവും പാർട്ടിക്കുണ്ട്. ഇതുസംബന്ധിച്ച് ആർക്കുവേണമെങ്കിലും പരാതി നൽകാൻ പാർട്ടിയിൽ കഴിയും. സിപിഎമ്മിന്റെ നേതൃനിരയിൽ ഒരാളും അങ്ങനെ പെരുമാറില്ല എന്ന് എനിക്കുറപ്പുണ്ട്. ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെയെങ്കിലും കണ്ടാൽ അവർ ഈ പാർട്ടിയിൽ ഉണ്ടാകില്ല. ഞങ്ങളുടെ ഉയർന്ന കമ്മിറ്റിയിൽ ഒരാൾക്കും അങ്ങനെ അനധികൃതമായി സ്വത്ത് സമ്പാദിക്കേണ്ട കാര്യമില്ല. എനിക്ക് ഭക്ഷണമോ, വസ്ത്രമോ വേണ്ടിവന്നാൽ അത് സാധാരണ ഒരു സഖാവ് തന്നെ വാങ്ങിത്തരില്ലേ?- വിജയരാഘവൻ ചോദിച്ചു.