ajith

പാലക്കാട്: ലഹരി വിമുക്തി ചികിത്സയിലായിരുന്ന യുവാവിനെ വീടിനുളളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടഞ്ചേരി സ്വദേശി അജിത്താണ് മരിച്ചത്. 31 വയസായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ സി പി എം സ്ഥാനാർത്ഥി കല്യാണിക്കുട്ടിയുടെ മകനാണ് അജിത്.

വെടിവയ്‌ക്കാൻ ഉപയോഗിച്ച തോക്ക് മൃതദേഹത്തിന്റെ സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അജിത്തിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുളളതാണ് തോക്കെന്നാണ് പൊലീസ് പറയുന്നത്. ചിറ്റിലഞ്ചേരിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത് നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ തന്നെ കഴിഞ്ഞ അജിത് പുറത്തേയ്‌ക്കൊന്നും പോയിരുന്നില്ല.

സ്ഥാനാർത്ഥിയായ അമ്മ കല്യാണിക്കുട്ടിയും പിതാവ് രാജനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പ്രചാരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അജിതിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ വെടിയേറ്റ പാടുണ്ടായിരുന്നു. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡി വൈ എസ് പി പി ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.