
കൊവിഡിന്റെ നിഴലാട്ടമുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം അണമുറിയാതെ നോക്കാൻ നേതാക്കന്മാരും പ്രവർത്തകരും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. വീടുകൾ കയറിയുള്ള പ്രചരണവും, കുടുംബയോഗങ്ങളുമൊക്കെയായി പ്രധാന പാർട്ടികൾ എല്ലാം തന്നെ വാശിയോടെ മത്സര രംഗത്ത് സജീവമാണ്. ഇതിനിടയിൽ ബിജെപിയുടെ തുറുപ്പുഗുലാൻ ആരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, സൂപ്പർസ്‌റ്റാർ സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ ഇറങ്ങിയെങ്കിലും സിനിമയിലെ പഴയ ഗരിമ വീണ്ടെടുത്ത അദ്ദേഹം വെള്ളിത്തിരയിലും താരപരിവേഷം വീണ്ടെടുത്തുകഴിഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടയിലും എൻ ഡി എ സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങാൻ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി സമയം കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലും തന്റെ സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട് ചോദിക്കാൻ അദ്ദേഹം എത്തി. മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാനായിരുന്നു സൂപ്പർ സ്‌റ്റാറിന്റെ വരവ്.
തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്തെത്തിയപ്പോൾ, താരത്തോട് അവർ ആവശ്യപ്പെട്ടത് ഒരുകാര്യമായിരുന്നു- 'വെയിലിൽ നിന്നു മാറി നിൽക്കു സാറെ' എന്ന്. ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–' സുരേഷ് ഗോപി ഉപദേശിച്ചു.
'കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ' എന്നായി അടുത്ത ആവശ്യം. കണ്ണട ഊരി മാറ്റിയെങ്കിലും കൊവിഡ് സുരക്ഷ കരുതി മാസ്‌ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഒരു ഡിമാൻഡ് അദ്ദേഹം മുന്നോട്ടുവച്ചു. 'ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!'.
ഇടയ‌്ക്ക് തൊടാൻ ശ്രമിച്ചവരെ സ്‌നേഹപൂർവം വിലക്കിയെങ്കിലും ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. 'ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം'– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി. അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.