
ചുറ്റും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹരമായ നീലക്കടൽ. പവിഴപ്പുറ്റുകളും വ്യത്യസ്തമായ സാംസ്കാരിക പൈതൃകവും കൈമുതലാക്കിയ ഒരിടം. അതാണ് ലക്ഷദ്വീപ്, ദ്വീപിന്റെ പരിമിതികൾക്കുള്ളിൽ തന്റെ സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ച് മലയാളസിനിമയിലെത്തിയ പുതിയ മുഖമാണ് മുഹമ്മദ് യാസർ. ലക്ഷദ്വീപിൽ നിന്നെത്തി അഭിനയത്തിൽ സ്വന്തമിടം കണ്ടെത്തികൊണ്ടിരിക്കുന്ന യാസറിന്റെ സിനിമാ വിശേഷങ്ങളിലേക്ക്...
അഭിനയം എന്ന മോഹം
കുഞ്ഞുന്നാൾ മുതൽ അഭിനയം  എന്ന മോഹം മനസിലുണ്ട്. വീട്ടിൽ  അനിയന്റെ മുന്നിൽ  ഓരോന്ന് അഭിനയിക്കുമ്പോൾ അവന്റെ റിയാക്ഷൻസ് എന്നെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നതും ദ്വീപിന് പുറത്ത് നാടകം ചെയ്യുന്നതും. ദ്വീപിലെ ആന്ത്രോത്ത് കാരക്കാട്ട് യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് പോലുള്ള വളരെ പഴക്കമുള്ള അമച്വർ ക്ലബ്ബുകളിൽ നാടകം ചെയ്തിരുന്നു. ദ്വീപിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആളുകൾ കുറവായതിനാൽ പത്തിൽ പഠിക്കുന്ന സമയത്ത് പ്രായമുള്ള സ്ത്രീയായി, ഉപ്പയുടെ ഉമ്മയായി അഭിനയിക്കേണ്ടി വന്നു. ആ വേഷത്തിന് മികച്ച അഭിപ്രായം നേടാനുമായി. അഭിനയിക്കാനുള്ള താത്പര്യത്തെയും കഴിവുകളെയുമൊക്കെ തിരിച്ചറിഞ്ഞ സമയങ്ങളായിരുന്നു അത്. പഠനസമയത്താണ് ആദ്യത്തെ സിനിമയായ 'ഔട്ട് ഓഫ് സിലബസി"ന്റെ ഭാഗമായത്.
സിനിമയിലേക്ക്
ആസിഫ് അലി, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ 'മോസയിലെ കുതിരമീനുകളാ"യിരുന്നു രണ്ടാമത്തെ ചിത്രം. ദ്വീപിലെ ഭാഷ ട്രാൻസ്ലേറ്റ് ചെയ്യുന്നതിനും മറ്റ് ഡീറ്റെയിൽസിനുമായി അജിത്ത് പിള്ളയുമായുള്ള സൗഹൃദമാണ് ഈ സിനിമയുടെ ഭാഗമാവാൻ സഹായകമായത്. 'അനാർക്കലി"യാണ് പിന്നീട് ചെയ്തത്. ചെറുതാണെങ്കിലും പൃഥ്വിരാജിന്റെ കൂടെയുള്ള കോമ്പിനേഷൻ സീൻ ചെയ്യാനായതിൽ ഏറെ സന്തോഷം തോന്നിയിരുന്നു. സംഗീതസംവിധായകൻ എം. ജയചന്ദ്രൻ മുഖേനയാണ് 'മാർക്കോണി മത്തായി" എന്ന സിനിമയിലെത്തിപ്പെടുന്നത്. ആർജെയുടെ വേഷമാണ് ചെയ്തത്. മൂത്തോൻ, സിഞ്ചാർ, കഥ പറഞ്ഞ കഥ, പ്രണയമീനുകളുടെ കടൽ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മറക്കാനാവാത്ത അനുഭവങ്ങൾ
പൃഥ്വിരാജ്,  വിജയ് സേതുപതി,  ആസിഫ് അലി,  നിവിൻ പോളി  തുടങ്ങി  നിരവധി  മുൻനിര  താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണ്. എടുത്തു പറയാവുന്ന അനുഭവങ്ങളിൽ ഒന്ന് അനാർക്കലിയിലെ ഡീപ് വാട്ടർ സ്കൂബ ഡൈവിംഗായിരുന്നു. ആദ്യമായി ഔട്ടർ സീയിൽ 25 മീറ്റർ താഴെയ്ക്ക് ഡൈവ് ചെയ്യുക എന്നത് പ്രൊഫഷണൽ ഡൈവറല്ലാത്ത എന്നെ സംബന്ധിച്ച് സാഹസികത ആയിരുന്നു. രണ്ടാമത്തെ സംഭവം വിജയ് സേതുപതിയ്ക്കൊപ്പം നിന്നതാണ്. ഷൂട്ടിനിടെ ഒന്നു തൊട്ടോട്ടെ എന്നു ചോദിച്ചപ്പോൾ കെട്ടിപ്പിടിക്കെടാന്ന് പറഞ്ഞ് അദ്ദേഹം വല്ലാതെ ഞെട്ടിച്ചു. സൂപ്പർ സ്റ്റാർ എന്നൊന്നില്ലെന്നും നമ്മൾ നന്നായി ശ്രമിക്കുമ്പോൾ നല്ല  അവസരങ്ങൾ  വരുമെന്നും സ്ട്രഗിൾ ചെയ്യുതിനനുസരിച്ച്  റിസൾട്ട് കിട്ടുമെന്നൊക്കെ ഒരുപാട് മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്.
ശ്രദ്ധിക്കപ്പെട്ട കഥാപാത്രം
2018 ൽ ലക്ഷദ്വീപ് ഭാഷയായ ജെസ്രിയിൽ 'സിഞ്ചാർ" എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതിരിപ്പിക്കാനായി. സന്ദീപ് പാമ്പള്ളിയുടെ ആദ്യ സിനിമയാണ്. രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടിയ ചിത്രത്തിന് മറ്റു ഫിലിം ഫെസ്റ്റുകളിൽ മികച്ച പ്രതികരണം ലഭിച്ചു. പ്രധാന കഥാപാത്രമായ ശ്രിന്ദയുടെ സഹോദരവേഷമാണ് ചെയ്തത്. തുടക്കക്കാരനെ നിലയിൽ മികച്ച റോൾ ലഭിക്കുക, അതിന് നല്ല രീതിയിൽ പ്രതികരണം ലഭിക്കുക എന്നത് സന്തോഷവും ഭാഗ്യവുമായാണ് കണക്കാക്കുന്നത്. രമേഷ് ആന്റ്  സുമേഷ്  ആണ് ഷൂട്ട് പൂർത്തിയായിരിക്കുന്ന ചിത്രം. അയിഷ സുൽത്താന സംവിധാനം ചെയ്യുന്ന 'ഫ്ളഷ്" എന്ന ചിത്രമാണ് അടുത്തത്. ദ്വീപിലെ ആർട്ടിസ്റ്റുകളെയും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി കുറഞ്ഞ ബഡ്ജറ്റിൽ ദ്വീപിന്റേതായ ഒരു സിനിമ ചെയ്യാനുള്ള പ്ലാനിലാണ്. ഫെസ്റ്റിവെൽ- പനോരമ ലക്ഷ്യമിട്ടുള്ള ചിത്രമാണ്. രണ്ടു തലങ്ങളിലായി, അഭിനയ സാദ്ധ്യതകളുള്ളതും തികച്ചും വ്യത്യസ്തമായ രീതിയിലുള്ളതുമായ ഒരു കഥാപാത്രമായാണ് ആ സിനിമയിൽ എത്തുന്നത്. ആദ്യമായി ഒരു ലീഡ് റോള് ചെയ്യാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഇപ്പോൾ. ലക്ഷദ്വീപ് കലാ അക്കാദമി - ആർട്ട് ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു വരികയാണ് ഞാനിപ്പോൾ. ഉപ്പ പി.ഐ. കുഞ്ഞിക്കോയ, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഉമ്മ സയീദ ബീഗം, ഭാര്യ ഫാത്തിമ ദിൽഷാന, മകൻ അയാൻ യൂസഫ്.