ith

ആദിയിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ഒരു ജീവികൾക്കും ബാല്യവും കൗമാരവും യൗവനവും മറ്റും ഇല്ലായിരുന്നു. പൂർണവളർച്ച പ്രാപിച്ച രൂപത്തിലായിരുന്നു ജനനം. ത്രിമൂർത്തികളുൾപ്പെടെ എല്ലാ ദേവകളുടേയും ജനനം ഇങ്ങനെയായിരുന്നു. ഈ അവസ്ഥയ്‌ക്ക് മാറ്രം വരുത്തിയത് ബ്രഹ്മാവിന്റെ പുത്രിയായ സന്ധ്യാദേവിയാണ്. വസിഷ്‌ഠ മഹർഷിയുടെ ഭാര്യയായിരുന്ന അരുന്ധതി ദേവിയുടെ പൂർവ ജന്മമായിരുന്നു ബ്രഹ്മപുത്രിയായ സന്ധ്യ. തികഞ്ഞ രൂപ ലാവണ്യങ്ങളോടുകൂടിയ ഒരു തരുണീമണിയായാണ് അവൾ ജനിച്ചത്. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്‌ടരായി ബ്രഹ്മപുത്രന്മാരായ പ്രജാപതികൾ മതി മയങ്ങി. മാത്രമല്ല, പിതാവായ ബ്രഹ്മാവ് പോലും കാമമോഹിതനായി സന്ധ്യയെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. ഇതിനും പുറമേ സന്ധ്യയ്‌ക്ക് തിരിച്ച് അവരോടും ഒരഭിനിവേശം തോന്നാതിരുന്നില്ല. പിതാവിൽ നിന്നും സഹോദരന്മാരിൽ നിന്നും ഉണ്ടായ ഈ അനുഭവം സന്ധ്യയെ അസ്വസ്ഥയാക്കി. യുവതിയായി തന്നെ ജനിച്ചതു കൊണ്ടാണല്ലോ ഇത്തരം ഒരനുഭവം ഉണ്ടായതെന്നു ചിന്തിച്ച സന്ധ്യ ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിയുമോ എന്നും ചിന്തിച്ചു. ഏതായാലും ഇപ്പോഴുണ്ടായ പാപത്തിന് പ്രായശ്ചിത്തമായി അഗ്നിപ്രവേശനം ചെയ്‌ത് ശരീരം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. അതിനു മുമ്പായി ആത്മശുദ്ധി വരുത്തുന്നതിന് വനത്തിൽ പോയി തപസ് ചെയ്യാനൊരുങ്ങി. തപസിന്റെ ചിട്ടവട്ടങ്ങൾ അറിയാത്ത മകൾക്ക് അവ പറഞ്ഞുകൊടുക്കുന്നതിന് വസിഷ്‌ഠമഹർഷിയെ ബ്രഹ്മാവ് ചുമതലപ്പെടുത്തി. ഒരു ബ്രാഹ്മണ ബാലന്റെ രൂപം സ്വീകരിച്ച് സന്ധ്യയുടെ സമീപമെത്തിയ വസിഷ്‌ഠൻ ശരിയായ രീതിയിൽ തപസ് ചെയ്യാനുള്ള അനുഷ്‌ഠാനങ്ങളെല്ലാം പറഞ്ഞു കൊടുത്തശേഷം യാത്രയായി.

വസിഷ്‌ഠൻ പോയശേഷം ശരീര ശുദ്ധിവരുത്തിയ സന്ധ്യ മഹാവിഷ്‌ണുവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസിൽ മുഴുകി. സന്ധ്യയുടെ തപസ് എല്ലാ ലോകത്തും ചർച്ചയായി. ജനിച്ചയുടനേ തന്നെ തപസ് ചെയ്യാനുണ്ടായ സാഹചര്യം എന്തെന്നറിയാൻ വേണ്ടി മഹാവിഷ്‌ണു പ്രത്യക്ഷനായി സന്ധ്യയുടെ ആവശ്യം എന്താണെന്നു ചോദിച്ചു. ജനിച്ചപ്പോൾ ഉണ്ടായ ദുരനുഭവം സന്ധ്യവെളിപ്പെടുത്തി. ജീവികൾ ജനിച്ച് ശൈശവവും ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനം വരുമ്പോൾ മാത്രം കാമവികാരം ഉണ്ടായാൽ മതിയെന്ന ഒരു വ്യവസ്ഥ നടപ്പിൽ വരുത്തണമെന്ന് അവൾ ഭഗവാനോടപേക്ഷിച്ചു.

സന്ധ്യയുടെ അപേക്ഷ ന്യായമാണെന്നു തോന്നിയ ഭഗവാൻ ' അങ്ങനെ തന്നെ" എന്നനുഗ്രഹിച്ചശേഷം ''സന്ധ്യേ, ഈ ജന്മം നിന്റെ ശരീരം അഗ്നിയിൽ ഹോമിക്കപ്പെടണമെന്നത് നേരത്തെ തന്നെ കല്‌പിതമായതാണ്. അതിനാൽ സന്ധ്യയുടെ അടുത്ത ജന്മം മുതൽ എല്ലാ ജീവികൾക്കും ശൈശവവും ബാല്യവും കഴിഞ്ഞു മാത്രമേ ഇനി യുവത്വം ഉണ്ടാകൂ." എന്നും അനുഗ്രഹിച്ചു. അഗ്നിയിൽ പ്രവേശിക്കുമ്പോൾ അടുത്തജന്മം ആരെ ഭ‌ർത്താവായി ലഭിക്കണമോ ആ വ്യക്തിയെ മാത്രം മനസിൽ ധ്യാനിക്കണമെന്നും വിഷ്‌ണു ഉപദേശിച്ചു.

വിഷ്‌ണു അനുഗ്രഹിച്ച പ്രകാരം വസിഷ്‌ഠനെ മനസിൽ ധ്യാനിച്ച് അഗ്നിയിൽ പ്രവേശിച്ച സന്ധ്യ അരുന്ധതിയായി പുനർജനിച്ച് ശൈശവ ബാല്യ - കൗമാ ദശകൾ കഴിഞ്ഞ യുവതിയായപ്പോൾ വസിഷ്‌ഠന്റെ ഭാര്യയായി തീർന്നു. ഒപ്പം ഭൂമിയിലെ എല്ലാ ജീവികൾക്കും ജനിച്ചു കുറച്ചുനാളത്തെ വളർച്ച കഴിഞ്ഞുമാത്രം യൗവനം പ്രാപിച്ച് കാമവികാരം ഉണ്ടാക്കുന്ന സ്ഥിതിയും സംജാതമായി. അഗ്നിയിൽ ഹോമിക്കപ്പെട്ട സന്ധ്യയുടെ ശരീരം സൂര്യദേവൻ സ്വീകരിച്ച് രണ്ടായി വിഭജിച്ച് പ്രഭാത സന്ധ്യയായും സായന്തന സന്ധ്യയായും സൂര്യദേവന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചു. ഇതോടെ ഭൂമിയിൽ പ്രഭാതവും ത്രിസന്ധ്യയും ഉണ്ടായിത്തുടങ്ങി.