iran

ടെഹ്‌റാൻ: ഇറാനിയൻ ആണവ ശാസ്‌ത്രജ്ഞനായ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണത്തിലെന്ന് കണ്ടെത്തിയതായി ഇറാൻ. രാജ്യത്തെ പ്രധാന ദേശീയ സുരക്ഷ കൗൺസിലിന്റെ സെക്രട്ടറിയായ അലി ഷംഖാനിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇസ്രായേൽ തന്നെയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നതിന് സംശയമൊന്നുമില്ലെന്ന് അലി പറയുന്നു. കഴിഞ്ഞ 20 വർഷങ്ങളായി മൊഹ്‌സിൻ ഇസ്രായേലിന്റെ കണ്ണിലെ കരടാണെന്ന് അലി പറഞ്ഞു. സങ്കീർണമായ പ്രവർത്തനരീതിയുള‌ള ഉപകരണം റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിച്ചാണ് കൊലപാതകം. ഇസ്രായേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിനെ തീവ്രവാദ സംഘടനയായാണ് ഇറാൻ കണക്കാക്കുന്നത്.

ആക്രമണം നടന്ന സ്ഥലത്തിനടുത്തുണ്ടായിരുന്ന ട്രക്കിൽ നിന്ന് ആക്രമിച്ചു എന്നാണ് ആദ്യം ഇറാൻ കരുതിയിരുന്നത്. എന്നാൽ പിന്നീട് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ച തോക്കിന്റെ അവശിഷ്‌ടങ്ങളും വെടിയുണ്ടകളും ഇവിടെ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. ഇതോടെയാണ് റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണമാണെന്ന് അലി ഷംഖാനി ഉറപ്പിച്ച് പറയുന്നത്.

അതേസമയം, മൊഹ്സീൻ ഫക്രിസാദേയുടെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. ചടങ്ങിൽ രാജ്യത്തെ ഉന്നതരായ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പങ്കെടുത്തു. ഇറാൻ പ്രതിരോധ മന്ത്രി അമീർ ഹതാമിയും സൈന്യമായ റെവല്യൂഷണറി ഗാർഡിന്റെ മേധാവി ഹൊസൈനി സലാമിയും ഭരണകൂടത്തിന് വേണ്ടി സംസ്‌കാരചടങ്ങിന് നേതൃത്വം കൊടുത്തു.

കൊലപാതകത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിച്ചതിനു പിന്നാലെ ഇസ്രായേൽ എംബസികളുടെ സുരക്ഷ വർധിപ്പിച്ചു. സംഘർഷം വർദ്ധിക്കുന്ന പ്രവൃത്തികൾക്കു മുതിരാതെ ഏവരും സംയമനം പാലിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപും ഇറാന്റെ ആണവശാസ്ത്രജ്ഞർ വധിക്കപ്പെട്ടിട്ടുണ്ട്.ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.