
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് രണ്ട് വർഷമായി കഷ്ടത അനുഭവിക്കുകയാണ് അവിടെയുള്ള ജനങ്ങൾ. 2018ലാണ് പദ്ധതി തുടങ്ങിയത്. കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസന പദ്ധതിയാണ് കഴിഞ്ഞ രണ്ട് വർഷമായി ഇഴഞ്ഞു നീങ്ങുന്നത്. മാത്രമല്ല, നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണമേന്മയിൽ നാട്ടുകാർ സംശയവും ഉയർത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായുള്ള റോഡ് നവീകരണമാണ് ഇപ്പോൾ ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് സമ്മാനിച്ചിരിക്കുന്നത്. വാഴപ്പള്ളിയിൽ നിന്ന് ക്ഷേത്രത്തിലെ പടിഞ്ഞാറേ നട റോഡ്, കിഴക്കേ നടയിൽ നിന്ന് ട്രാൻസ്‌പോർട്ട് ഭവനിലേക്കുള്ള റോഡ്, വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി വരെയുള്ള റോഡ് എന്നിവയുടെ നവീകരണമാണ് ഇപ്പോൾ നടന്നു വരുന്നത്. 2018 ഡിസംബറിലാണ് ഈ റോഡുകളുടെ നവീകരണം തുടങ്ങിയത്. ബി.എം.ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടക്കുന്നത്. ഇതിനൊപ്പം തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള വൈദ്യുത കേബിളുകൾ ഇടുക, കാലപ്പഴക്കം ചെന്ന മാലിന്യ പൈപ്പുകളും കുടിവെള്ള പൈപ്പുകളും മാറ്രിസ്ഥാപിക്കുക, ഫുട്പാത്തിൽ ഗ്രാനൈറ്റ് പാകുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
അതേസമയം, ഇതുവരെ വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി വരെയുള്ള റോഡ് മാത്രമാണ് ടാർ ചെയ്തത്. മറ്റ് രണ്ട് റോഡുകൾ പൂർത്തീകരണത്തോട് അടുക്കുകയാണ്. ഇതിനായി സാധനങ്ങൾ എത്തിച്ചെങ്കിലും നിവർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ പ്രവർത്തനങ്ങൾ താളം തെറ്റിച്ചു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളയ്ക്കാണ്.
ഭൂഗർഭ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബിയും കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വാട്ടർ അതോറിട്ടിയുമാണ്. ഇരു സ്ഥാപനങ്ങളും ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, ഇവിടത്തെ പണികളെ തുടർന്ന് പല വീടുകളിലെയും മാലിന്യ പൈപ്പുകൾ തകരാറിലായിട്ടുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ.
നിർമ്മിച്ച റോഡിൽ കുഴി
ടാർ ചെയ്ത വെട്ടിമുറിച്ച കോട്ട -വാഴപ്പള്ളി റോഡിൽ ഇതിനോടകം തന്നെ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു. ഇത് ശ്രദ്ധയിൽപെട്ട കരാറുകാർ കുഴികളിൽ കോൺക്രീറ്റ് കൊണ്ട് അടയ്ക്കുകയാണ് ചെയ്തത്. ഗുണനിലവാരമില്ലാത്ത നിർമ്മാണമായതിനാലാണ് റോഡ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
78.5 കോടിയുടെ പദ്ധതി
ആകെ 78.5 കോടിയുടെ പദ്ധതിയാണ് സ്വദേശി ദർശന്റെ ഭാഗമായി നടപ്പാക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തെ ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് വികസനത്തിനായാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സന്ദർശകർക്കായി വടക്കേനടയിൽ രണ്ട് കോംപ്ലക്സുകൾ ഒരുക്കുന്നുണ്ട്. ഇവിടെ കഫറ്റേരിയ, വിശ്രമമുറി, കാത്തിരിപ്പുകേന്ദ്രം, മെഡിക്കൽ റൂം, ശൗചാലയം, കോൺഫറൻസ് ഹാൾ, കരകൗശല ഉത്പന്നങ്ങളുടെ വില്പനകേന്ദ്രം എന്നിവ ഉണ്ടാവുക. പാഞ്ചജന്യം കെട്ടിടത്തിന് സമീപത്തുള്ള പത്തായപ്പുരയുടെ നവീകരണം ഇതോടൊപ്പം നടക്കുന്നുണ്ട്. കരകൗശല ഉത്പന്നങ്ങളുടെ ഉത്പാദനം-പ്രദർശനം-വില്പന എന്നിവയാണ് ഇവിടെ ഉണ്ടാവുക. തുകയിൽ 16 കോടി രൂപ മാത്രം ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾക്കാണ് ചെലവിടുന്നത്. ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്കായി താമസിക്കാനുള്ള സൗകര്യം നവീകരണത്തിന്റെ ഭാഗമായി പാഞ്ചജന്യം കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. റൂമുകൾ, ഡോർമെറ്ററികൾ എന്നിവയാണവ.