
അനുഷ്‌ക ശർമ്മ അമ്മയാകാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ഗർഭകാലത്തെ പ്രധാനപ്പെട്ട ചിത്രങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോഴിതാ നിറവയറിൽ ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രമാണ് ഒരേസമയം അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുന്നത്.
'യോഗയ്‌ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്‌തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. എന്നാൽ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രം. കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്‌ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്‌ത് നിൽക്കാനും കൂടുതൽ സുരക്ഷയ്‌ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅദ്ധ്യാപികയുടെ മേൽനോട്ടത്തോടെയാണ് ഇതു ചെയ്‌തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.'–അനുഷ്‌ക കുറിച്ചു.