
മൂന്നുവഴികളിലൊരുയാത്ര
അത്രയും പ്രിയപ്പെട്ടൊരാൾ
ഒരു വിപത്തിൽ
മെല്ലെ മരിച്ചു കൊണ്ടിരിക്കുന്നു
സൗഖ്യങ്ങളെ പുറത്തുവച്ച്
പിൻവാതിൽ ബന്ധിച്ച്
അയാളോടൊപ്പം നാം
നിരന്തരം ഒഴുകുന്നു
അങ്ങനെ പോകപ്പോകെ
പിന്നീടെപ്പേഴോ
നാം മരിച്ചു പോകുന്നു
അത്രയും പ്രിയപ്പെട്ടൊരാൾ
ഒരു വിപത്തിൽ മെല്ലെ മരിച്ചു കൊണ്ടിരിക്കുന്നു
ഭൂമിയിൽ അയാൾക്കിനി
യാതൊന്നും ശേഷിക്കുന്നില്ലെന്ന തിരിച്ചറിവിൽ നാം
അയാൾക്ക് ദയാവധം വിധിയ്ക്കുന്നു
അയാളുടെ മരണശേഷം
ശേഷിക്കുന്ന പച്ചപ്പുകൾ തേടി നാം
യാത്ര പോകുന്നു
അത്രയും പ്രിയപ്പെട്ടൊരാൾ
കൺമുന്നിൽ
തൽക്ഷണം മരിച്ചു പോവുന്നു