
പേര് പോലെ തന്നെ ഇളം കാറ്റിന്റെ ശീതളിമയിൽ സ്വയം മറന്നിരിക്കാവുന്ന ഒരിടം, അതാണ് കോട്ടയം ജില്ലയിലെ 'നാലുമണിക്കാറ്റ് '. എന്നുകരുതി നാലു മണിക്ക് മാത്രമേ ഇവിടെ കാറ്റുണ്ടാകൂ എന്നു കരുതരുത്. ഏതു സമയം ഇവിടെയെത്തിയാലും നല്ല തണുത്ത കാറ്റ് സഞ്ചാരികളെ വന്നു പൊതിയുക തന്നെ ചെയ്യും. പക്ഷേ, വൈകുന്നേരങ്ങളിലാണ് ഇവിടം സജീവമാകുന്നതെന്നു മാത്രം. ചൂടു പഴംപൊരിയും മുട്ട ബജിയും കപ്പപുഴുക്കുമൊക്കെയായിട്ട് അസലൊരു സായം സന്ധ്യ 'നാലുമണിക്കാറ്റ്' സഞ്ചാരികൾക്ക് സമ്മാനിക്കും.
പച്ച പുതച്ച പാടങ്ങളും പടർന്നു പന്തലിച്ച് നിൽക്കുന്ന മരങ്ങളുമാണ് ഇവിടത്തെ മറ്റാകർഷണങ്ങൾ. മണർകാട് - ഏറ്റുമാനൂർ ബൈപ്പാസിൽ മണർകാട് ജംഗ്ഷനിൽ നിന്നും വെറും മൂന്നുകിലേമീറ്റർ ദൂരമേയുള്ളൂ ഈ മനോഹരയിടത്തേക്ക്. റബർമരങ്ങൾ തീർക്കുന്ന കവാടം കടന്നെത്തുന്നത് ഇരുവശവും പാടശേഖരങ്ങൾ നിറഞ്ഞ ഈ സുന്ദരഭൂമിയിലേക്കാണ്. സിമന്റിൽ തീർത്ത ചുണ്ടൻ വള്ളങ്ങളും ഇരിപ്പിടങ്ങളും സന്ദർശകരെ കാത്തിരിക്കുന്ന തട്ടുകടകളുമാണ് നാലുണിക്കാറ്റിനെ സമ്പന്നമാക്കുന്നത്.
എന്തുകൊണ്ട് ഇങ്ങനെയൊരു പേര് കിട്ടിയെന്ന് അറിയുമ്പോഴാണ് നാലുമണിക്കാറ്റിനോടുള്ള ഇഷ്‌ടം കൂടുക. ഒരുകാലത്ത് നഗരത്തിലെ പ്രധാനപ്പെട്ട മാലിന്യക്കൂനയായിരുന്നു ഇവിടം. അധികമാരും സഞ്ചരിക്കാൻ ഇഷ്‌ടപ്പെടാതിരുന്ന സ്ഥലം. ഈ പ്രദേശത്തെ മാലിന്യത്തിൽ നിന്നു രക്ഷിക്കാൻ റസിഡന്റ്സ് അസോസിയേഷനും ബൈപ്പാസ് അസോസിയേഷനും ചേർന്നാണ് മാറ്റിയെടുത്തത്. മാലിന്യങ്ങളെല്ലാം മാറ്റി, പാതയോരങ്ങളിൽ ചെടികൾ നട്ടുപിടിപ്പിച്ചും സിമന്റ് ബെഞ്ചുകൾ പാകിയുമൊക്കെയാണ് യാത്രികരെ ഇങ്ങോട്ടേക്ക് ആകർഷിച്ചത്. വൈകുന്നേരങ്ങളിൽ നല്ലൊരു പുസ്‌തകം വായിക്കണമെന്ന് തോന്നുന്നവർക്ക് വേണ്ടി 'നേരം പോക്ക്' എന്ന പേരിൽ ഒരു പുസ്‌തകശാലയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്നിപ്പോൾ ജില്ലയിലെ പ്രധാനപ്പെട്ട ഒരിടമായി നാലുമണിക്കാറ്റ് മാറികഴിഞ്ഞു.
എത്തിച്ചേരാൻ
മണർകാട് - ഏറ്റുമാനൂർ ബൈപ്പാസിൽ മൂന്നുകിലേമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടേക്കെത്താം.