
കൊച്ചി: സ്വർണക്കടത്ത് കേസിൽ രൂക്ഷ പരാമർശവുമായി കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുളള കോടതിയുടേതാണ് പരാമർശം. പ്രതികളുടെ മൊഴികളിൽ വൻ സ്രാവുകളെപ്പറ്റി പരാമർശമുണ്ട്. അധികാര ദുർവിനിയോഗം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറിനെ കേസിൽ പ്രതി ചേർത്തതിൽ ന്യായമുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിൽ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കണം. മൊഴി ചോർന്ന സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
അന്വേഷണ പുരോഗതി റിപ്പോർട്ട് മൂന്ന് മാസം തോറും നൽകണമെന്നാണ് ഹർജി തീർപ്പാക്കി കൊണ്ട് കോടതി പറഞ്ഞത്. ഒപ്പം, മൊഴി ചോർച്ച സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് എടുത്തതെന്നത് സീൽ വച്ച കവറിൽ കസ്റ്റംസ് കമ്മീഷണർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നീതിപൂർവമായി കാര്യങ്ങൾ നടക്കണമെങ്കിൽ മേൽനോട്ട പ്രക്രിയ ആവശ്യമാണ് എന്ന നീരീക്ഷണവും കോടതി നടത്തി. ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ വിമർശിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കി കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതിനിടയിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ഏഴാം തീയതി വരെയാണ് ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിട്ടത്.