
വെളുപ്പിന് അഞ്ചു മണിയ്ക്കുള്ള ഫ്ളൈറ്റിൽ എയർപോർട്ടിൽ എത്തിയ വൈശാഖൻ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനായി കാത്തു നിൽക്കുന്ന അനുജന്റെ അടുക്കലേക്ക് നടന്നു ചെന്നു. രണ്ടാളും പരസ്പരം ആലിംഗനം ചെയ്തു.. എന്തേ നിന്റെ ഭാര്യ വന്നില്ലേ എന്നുള്ള വൈശാഖന്റെ ചോദ്യത്തിന് വീട്ടിൽ അമ്മ തനിച്ചല്ലേയുള്ളൂ എന്ന് അവൻ മറുപടി നൽകി.രണ്ടുപേരും കൂടി ലഗേജുകളുമെടുത്തു കൊണ്ട് കാറിനടുത്തേക്കു നടന്നു. അനിയനാണ് ഡ്രൈവു ചെയ്തത്. വൈശാഖൻ സീറ്റിൽ ചാരിക്കിടന്നുകൊണ്ട് റോഡിലേക്ക് നോക്കി. നേരം പുലർന്നു വരുന്നതേയുളളുവെങ്കിലും ഹൈ വേയിൽ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നും കാണാനില്ല.. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും തിരക്കുകളും സമയക്കുറവും ആണ് മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അയാൾക്കു തോന്നി.തന്റെ കാര്യവും വ്യത്യസ്തമല്ല എന്നു വൈശാഖൻ ചിന്തിച്ചു. അനുജന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ജോലിത്തിരക്കിനിടയിൽ തനിക്ക് ആ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ വന്നതാണെങ്കിൽ തനിച്ചാണ്. പഠനവും ജോലിയുമൊക്കെയായി ഓടിനടക്കുന്ന തന്റെ ഭാര്യയ്ക്ക് നാട്ടിലേക്ക് വരുവാൻ വലിയ താത്പര്യമൊന്നും ഇല്ലെന്നു തന്നെ പറയാം.അമേരിക്കയിൽ ജനിച്ചു വളർന്ന അവളെ അക്കാര്യത്തിൽ കുറ്റപ്പെടുത്താനും പറ്റില്ല. മനുഷ്യൻ ശീലിച്ചതല്ലേ പാലിക്കൂ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ അംഗമായ അവൾ ഇതിനോടകം ഒന്നോരണ്ടോ തവണ മാത്രമാണ് കേരളത്തിൽ വന്നിട്ടുള്ളത്..
കേരളത്തിന്റെ മനോഹാരിതയൊന്നും അവളുടെ മനസിൽ പതിഞ്ഞിട്ടില്ലെന്നുവേണം കരുതാൻ. കഴിഞ്ഞ വർഷം യു.എസിൽ വച്ചു നടത്തിയ തന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തന്റെ അമ്മയും അനുജനും അവിടേക്ക് വരികയായിരുന്നു.
ശ്രദ്ധാപൂർവം ഡ്രൈവുചെയ്യുകയായിരുന്ന അനുജന്റെ മുഖത്തേക്ക് വൈശാഖൻ വാത്സല്യത്തോടെ നോക്കിയിരുന്നു.
അവന്റെ വിവാഹത്തിൽ പങ്കെടുക്കാത്തതിൽ അവനുള്ള പിണക്കം ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റുന്നുണ്ട്.
അവനുവേണ്ടി അമ്മയാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്ന് വിവാഹത്തിന് മുൻപൊരിക്കൽ ഫോൺ ചെയ്തപ്പോൾ അവൻ പറഞ്ഞിരുന്നു. പക്ഷേ ഉന്നത വിദ്യാഭ്യാസവും ജോലിയുമുളള ആരോഗ്യവാനും സുന്ദരനുമായ തന്റെ അനുജന് വധുവായി സംസാരശേഷിയില്ലാത്ത ഒരുപെൺകുട്ടിയെ തന്റെ അമ്മ തിരഞ്ഞെടുത്തതിന്റെ കാരണം എത്ര ആലോചിച്ചിട്ടും തനിക്ക് പിടികിട്ടിയിരുന്നില്ല. അതും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ പെൺകുട്ടി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞ ഉത്തരമൊന്നും തനിക്കു തൃപ്തികരമായി തോന്നിയില്ല. ഇക്കാര്യം പറഞ്ഞ് അമ്മയുമായി താനൊരിക്കൽ പിണങ്ങുകയും ചെയ്തു. പിന്നീട് അനുജന്റെ മനസ് മാറ്റാനും താൻ ശ്രമിച്ചു. പക്ഷേ 'ആ പെൺകുട്ടിയെ എനിക്ക് വളരെ ഇഷ്ടമാണ്, എന്നാണ് അവൻ തന്നോടു ഫോണിൽ പറഞ്ഞത്. ഓരോന്നാലോചിച്ചിരുന്ന് വൈശാഖൻ പതിയെ നിദ്രയുടെ കൈകളിലേക്ക് വഴുതിവീണു.
''ഏട്ടാ…വീടെത്തി.""
അനുജൻ തോളിൽ തട്ടിവിളിച്ചപ്പോളാണ് വൈശാഖൻ കണ്ണുകൾ തുറന്നത്..
കാറിൽ നിന്നിറങ്ങിയ അയാൾ തന്റെ അടുത്തേക്കു വന്ന അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ കൈപിടിച്ചു കൊണ്ട് വൈശാഖൻ വീടിനുളളിലേക്കു നടന്നു. സിറ്റിംഗ് റൂമിന്റെ ഭിത്തിയിൽ മാലചാർത്തി വച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്കു നോക്കി അയാൾ അൽപ്പസമയം നിന്നു. അച്ഛൻ പോയിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വൈശാഖൻ ദീർഘമായി ഒന്നു നിശ്വസിച്ചു. അപ്പോഴേക്കും ലഗേജുകളുമെടുത്തു അനുജൻ അങ്ങോട്ടു വന്നു.
''എന്റെ അനുജത്തിക്കുട്ടി എവിടെ?""
അവനോടു ചോദിക്കുന്നതിനിടയിൽ ചായയുമായി ഒരു പെൺകുട്ടി കടന്നുവന്നു. അവളുടെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ ചിരിച്ചിട്ട് വൈശാഖൻ അവൾക്കു വിവാഹസമ്മാനമായി നൽകാൻ വാങ്ങിക്കൊണ്ടു വന്ന ഡയമണ്ട് നെക്ലേസും വളകളു അടങ്ങുന്ന ബോക്സ് ബാഗിൽ നിന്നും എടുത്ത് അവളുടെ നേർക്കു നീട്ടി.
എന്നാൽ അതു വാങ്ങാൻ കൂട്ടാക്കാതെ, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ വേഗത്തിൽ അകത്തേക്ക് നടക്കുകയാണ് ചെയ്തത്. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന വൈശാഖനോട് അനുജൻ പറഞ്ഞു.
''വർഷങ്ങൾക്കു മുമ്പ് ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് ഡേയുടെ അന്ന് ഏട്ടന്റെ ബൈക്കു തട്ടി ഒരു പെൺകുട്ടി വീണതും തുടർന്നുണ്ടായ പ്രശ്നങ്ങളും ഏട്ടൻ മറന്നോ..?ആ പെൺകുട്ടിയാണ് എന്റെ ഭാര്യ ശാലിനി.""
കേട്ടതു വിശ്വാസം വരാതെ അനുജന്റെ മുഖത്തേക്ക് നോക്കിയ വൈശാഖന്റെ ചിന്തയിലേക്ക് ഓർമ്മകൾ ഇരമ്പിവന്നു. ഡിഗ്രി രണ്ടാംവർഷം. കോളജ് ഡേയുടെ അന്ന് ബൈക്കിലാണ് താൻ കോളജിൽ എത്തിയത്. ഉച്ചയ്ക്ക് കൂട്ടുകാരുമായി പുറത്തുപോയി ആഹാരം കഴിക്കുന്ന കൂട്ടത്തിൽ മദ്യവും കഴിച്ചു. തിരികെ കോളേജിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിൽ ബസ് കാത്തു നിന്ന ഒരു പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. തുടർന്ന് കേസും പ്രശ്നങ്ങളുമായി കുറേ ദിവസങ്ങൾ. മദ്യപിച്ചു വാഹനമോടിച്ചതുമാത്രമായിരുന്നില്ല തന്റെ പേരിലുള്ള കുറ്റം. തനിക്ക് വാഹനമോടിക്കാൻ ലൈസൻസും ഇല്ലായിരുന്നു. എന്നാൽ തന്റെ അച്ഛൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന്റെ ഭാവിക്ക് പോറൽ പോലും ഏൽക്കാത്ത രീതിയിൽ തന്നെ രക്ഷിച്ചെടുത്തു. പിന്നീടുളള തന്റെ പഠനം ബാംഗ്ലൂരിലുളള ഒരു കോളേജിലായിരുന്നു. അതും വല്യച്ഛന്റെ വീട്ടിൽ താമസിച്ചു കൊണ്ട്..
പി.ജി.പഠനം കഴിഞ്ഞ് അമേരിക്കയിലുളള അമ്മാവന്റെ അടുക്കലേയ്ക്ക് പോയ തനിക്ക് അവിടെ ഒരു ജോലിയും അമ്മാവൻ തരപ്പെടുത്തി തന്നു. അമ്മാവന്റെ ഒരു സുഹൃത്തിന്റെ മകളെയാണ് താൻ വിവാഹം ചെയ്തത്.
''ഏട്ടാ...""
അനുജന്റെ വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.
''അന്നത്തെ ആ അപകടത്തിൽ ശാലിയുടെ കാലിനുണ്ടായ ഒടിവൊക്കെ ക്രമേണ സുഖപ്പെട്ടു..എന്നാൽ ആ വീഴ്ചയുടെ ആഘാതത്തിൽ അവളുടെ സംസാരശേഷി നഷ്ടപ്പെട്ടു. നല്ലൊരു ഗായികയായിത്തീരണമെന്ന അവളുടെ ആഗ്രഹം അതോടെ അവസാനിച്ചു. അതോടെ ആ പാവം വീടിനുള്ളിലേക്ക് ഉൾവലിഞ്ഞു. നമ്മളാരും പിന്നീട് അവളെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒരു ദിവസം പഴയ കാലത്തെ കാര്യങ്ങളെക്കുറിച്ച് അമ്മയും ഞാനും കൂടി സംസാരിച്ചപ്പോൾ ഈ പെൺകുട്ടിയെക്കുറിച്ചറിയണമെന്നെനിക്കു തോന്നി. അമ്മയോട് അതേക്കുറിച്ച് പറയുകയും ചെയ്തു.
പലവഴിക്ക് നടത്തിയ അന്വേഷണത്തിനൊടുവിൽ ശാലിനിയുടെ വീട് ഞങ്ങൾ കണ്ടെത്തി. ആക്സിഡന്റ് നടന്ന സമയത്ത് നമ്മുടെ അച്ഛനായിരുന്നല്ലോ കേസിന്റെ കാര്യങ്ങളെല്ലാം നടത്തിയിരുന്നത്. അതിനാൽ എനിക്കോ അമ്മയ്ക്കോ ആ പെൺകുട്ടിയുടെ പേരല്ലാതെ മറ്റു വിവരങ്ങളൊന്നും അറിയുമായിരുന്നില്ല. ആ വീട്ടിൽ ചെന്നപ്പോഴാണ് ശാലിനിയുടെ യഥാർത്ഥ അവസ്ഥ ഞങ്ങൾക്കു ബോദ്ധ്യമായത്. ആദ്യം ഞങ്ങളുടെ അടുത്തേക്ക് വരാൻപോലും അവൾ കൂട്ടാക്കിയില്ല..
പിന്നീട് നമ്മുടെ അമ്മ ആ വീട്ടിലെ നിത്യസന്ദർശകയായി മാറി. ക്രമേണ അമ്മയുമായി അവൾ അടുത്തു.
ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ തല്ലിത്തകർത്തതിന്റെ പ്രായശ്ചിത്തം എന്ന നിലയ്ക്കാണ് അവളെ വിവാഹം ചെയ്യാമോ എന്ന് നമ്മുടെ അമ്മ എന്നോടു ചോദിച്ചത്. സത്യം പറയാലോ...ഏട്ടാ അവളെക്കണ്ടപ്പോൾ തന്നെ ഞാനിക്കാര്യം മനസിൽ ഉറപ്പിച്ചതാണ്. അമ്മയോടു പറഞ്ഞില്ലെന്നേയുള്ളൂ. അന്യ നാട്ടിൽ കഴിയുന്ന ഏട്ടനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ശാലിനിയുടെ വിവരങ്ങളൊന്നും ഞങ്ങൾ നേരത്തേ ഏട്ടനെ അറിയിക്കാതിരുന്നത്. വിദഗ്ധ ചികിത്സ നൽകിയാൽ ശാലിനിയുടെ സംസാരശേഷി വീണ്ടെടുക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പു പറയുന്നുണ്ട്. ഞങ്ങൾ അവളുടെ ചികിത്സകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.""
അനുജന്റെ വാക്കുകൾ കേട്ടപ്പോൾ വൈശാഖന്റെ ഹൃദയത്തിൽ കുറ്റബോധത്തിന്റെ നീറ്റൽ അനുഭവപ്പെട്ടു. അവന്റെ നന്മ നിറഞ്ഞ മനസിനു മുൻപിൽ താൻ തീരെ ചെറുതാകുന്നതുപോലെ തോന്നി.