royal-enfield

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെയാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ഹരമായി മാറിയത്. റെഡ്ഡിറ്റ്ച് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മോട്ടോർ സൈക്കിൾ കമ്പനിയായ റോയൽ എൻഫീൽഡിന്റെ ബൈക്കുകളായിരുന്നു രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സൈനികർ ഉപയോഗിച്ചിരുന്നത്. അക്കാലത്താണ് എൻഫീൽഡ് തങ്ങളുടെ ഭാരം കുറഞ്ഞ മോഡൽ ആയ ' ഫ്ലൈയിംഗ് ഫ്ലിയ ' ബ്രിട്ടീഷ് ആർമിയ്ക്ക് വേണ്ടി നിർമിച്ചത്.

ഈ 125 സിസി ബൈക്കുകകൾ യുദ്ധ ഭൂമിയിലേക്ക് പാരച്യൂട്ട് വഴി ഇറക്കാമായിരുന്നു. മുമ്പ് എങ്ങും കാണാത്ത വിധം ലൈറ്റ് വെയ്റ്റ് എൻഫീൽഡ് ബൈക്കുകളിൽ ബ്രിട്ടീഷ് സൈന്യം യുദ്ധഭൂമിയിൽ ശത്രുവിനെതിരെ പാഞ്ഞു. ഏതുമലയിടുക്കിലൂടെയും കരുത്തോടെ കുതിച്ചു പാഞ്ഞ എൻഫീൽഡ് ഒരു പോരാളിയായിരുന്നു.

royal-enfield

മറ്റ് ബ്രിട്ടീഷ് ബൈക്കുകൾക്കൊപ്പം എൻഫീൽഡിനെയും ഇന്ത്യയിലേക്ക് ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്തത് മദ്രാസ് മോട്ടോർസ് ലിമിറ്റഡിന്റെ ഉടമയായ കെ.ആർ. സുന്ദരം അയ്യരും അദ്ദേഹത്തിന്റെ അനന്തരവൻ കെ. ഈശ്വരനും ആണ്. റാലി, റഡ്ജ്, ഹംബർ, ബി.എസ്.എ, ഹെർകുലീസ്, റോയൽ എൻഫീൽഡ് തുടങ്ങിയ ബ്രിട്ടീഷ് ബ്രാൻഡുകളെ ഇവർ ഇറക്കുമതി ചെയ്തിരുന്നു.

1952ൽ ഇന്ത്യൻ ആർമിയിൽ നിന്നും മദ്രാസ് മോട്ടോഴ്സിന് 350 സിസിയുടെ 500 എൻഫീൽഡ് ബൈക്കുകളുടെ ഓർഡർ ലഭിച്ചു. റോയൽ എൻഫീൽഡ് കമ്പനി മൂന്ന് വർഷം മുമ്പായിരുന്നു 350 സിസി മോഡൽ ബ്രിട്ടനിൽ അവതരിപ്പിച്ചിരുന്നത്. അങ്ങനെ 1953ൽ മദ്രാസ് മോട്ടോഴ്സ് 350 സിസിയുടെ എൻഫീൽഡ് ബൈക്കുകൾ ഇന്ത്യൻ ആർമിയ്ക്ക് ബ്രിട്ടനിൽ നിന്നും എത്തിച്ചു നൽകി. സൈനികർ അതുവരെ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റതായിരുന്നു എൻഫീൽഡ്. അതിർത്തികളിൽ പട്രോളിംഗ് നടത്താനുൾപ്പെടെ സൈനികർ എൻഫീൽഡിനെ ഉപയോഗിച്ചു.

1947ന് ശേഷം ട്രൈയംഫ്, ബി.എസ്.എ എന്നിവയുടെ മോട്ടോർ സൈക്കിളുകളായിരുന്നു ഇന്ത്യൻ സൈന്യം അതിർത്തിയിലെ പട്രോളിംഗിന് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇവയ്ക്ക് മെക്കാനിക്കൽ തകരാറുകൾ പതിവായിരുന്നു. പക്ഷേ, എൻഫീൽഡിന് സൈനികർക്കിടെയിൽ വലിയ മതിപ്പ് ലഭിച്ചു. കൂടുതൽ ബൈക്കുകൾ എൻഫീൽഡിൽ നിന്നും ഓർഡർ ചെയ്യാൻ സൈന്യം ആഗ്രഹിച്ചു. എന്നാൽ ബൈക്കുകൾ പ്രാദേശികമായി നിർമിക്കണമെന്നായിരുന്നു ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായം.

royal-enfield

വളരെ പരിമിതമായ ബഡ്ജറ്റ് ആയിരുന്നു അന്നത്തെ നെ‌ഹ്‌റു സർക്കാരിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ന്യായമായ ചെലവിൽ മോട്ടോർ സൈക്കിളുകൾ സ്വന്തമാക്കാൻ സർക്കാർ ആഗ്രഹിച്ചു. പ്രാദേശികമായി നിർമിക്കാൻ പറ്റുന്ന ഒരു ബ്രാൻഡിനെയാണ് സർക്കാർ തിരഞ്ഞത്. ഇതിലൂടെ വ്യവസായ വത്കരണത്തിന് രാജ്യത്ത് വേരുറപ്പിക്കാൻ സാധിക്കുമെന്നും നെഹ്റു സർക്കാർ വിശ്വസിച്ചു.

ഇന്ത്യൻ സർക്കാരിന്റെ നിബന്ധനകളെ അംഗീകരിച്ചുകൊണ്ട് റോയൽ എൻഫീൽഡ് കമ്പനി 350 സിസി, 4 - സ്ട്രോക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തു. എൻഫീൽഡ് നിർമാണത്തിന് ഇന്ത്യയിൽ ഒരു പങ്കാളിയെ കണ്ടെത്തണമായിരുന്നു.

royal-enfield

അങ്ങനെ 1955ൽ കെ.ആർ. സുന്ദരം അയ്യർ, കെ. ഈശ്വരൻ എന്നിവരുടെ ഉടമസ്ഥതയിൽ റോയൽ എൻഫീൽഡ് ഇന്ത്യ സ്ഥാപിതമായി. 1960കളിൽ കെ. ഈശ്വരൻ എൻഫീൽഡിൽ നിന്നും പിൻമാറി മറ്റ് ബിസിനസ് വഴി തിരഞ്ഞെടുത്തിരുന്നു. ( ഇപ്പോൾ ഐഷർ മോട്ടോഴിസിന്റെ ഭാഗമായാണ് മദ്രാസ് മോട്ടോഴ്സ് പ്രവർത്തിക്കുന്നത്).

വടക്കൻ മദ്രാസിലെ തിരുവോട്ടിയൂരിൽ 1956ൽ എൻഫീൽഡിന്റെ നിർമാണ പ്ലാന്റ് സ്ഥാപിച്ചു. ഘട്ടം ഘട്ടമായാണ് നിർമാണം ആരംഭിച്ചത്. ആ വർഷം അവസാനം 163 എൻഫീൽഡ് ബുള്ളറ്റുകൾ ഈ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങി. എന്നാൽ ആദ്യത്തെ പൂർണ ' മെയ്ഡ് ഇൻ ഇന്ത്യ ' എൻഫീൽഡ് ബുള്ളറ്റ് പുറത്തിറക്കിയത് 1962ൽ ആണ്.

അങ്ങനെ റോയൽ എൻഫീൽഡ് ഒരു ഹരമായി രാജ്യമൊട്ടാകെ പടർന്നുപിടിച്ചു. റെക്കോർഡ് നിരക്കുകളിൽ ബൈക്കുകൾ വിറ്റുപോയി. മുമ്പ് നിലനിന്നിരുന്ന ട്രൈയംഫ് മോട്ടോർ സൈക്കിളിനുണ്ടായിരുന്ന വിൽപ്പന റോക്കോർഡുകൾ എല്ലാം എൻഫീൽഡ് കാറ്റിൽപറത്തി. ഇന്നും മോട്ടോർ സൈക്കിളുകളിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ഇന്ത്യൻ വാഹനപ്രേമികൾക്ക് ഒരൊറ്റ ഉത്തരമേയുള്ളു.... റോയൽ എൻഫീൽഡ്. !