
പൂനെ: ഓക്‌സ്ഫോർഡ് സർവകലാശാലയുടെ സഹകരണത്തോടെ തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിൻ സുരക്ഷിതവും പ്രതിരോധ ശേഷി നൽകുന്നതുമാണെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിൻ പരീക്ഷണത്തിൽ സഹകരിച്ച ചെന്നൈ സ്വദേശിക്ക് രോഗം വന്നതിൽ ദു:ഖമുണ്ടെന്നും എന്നാൽ രോഗകാരണം വാക്‌സിൻ പരീക്ഷിച്ചതല്ലെന്നും സെറം അധികൃതർ അറിയിച്ചു.
വാക്‌സിൻ പരീക്ഷണത്തിൽ സ്വീകരിക്കേണ്ട ധാർമ്മികവും സുരക്ഷിതവുമായ നടപടികളെല്ലാം കർശനമായി പാലിച്ചിട്ടുണ്ടെന്ന് സെറം അധികൃതർ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച അധികൃതർ വളണ്ടിയർക്ക് രോഗം ബാധിച്ചത് പരീക്ഷിച്ച വാക്‌സിനിൽ നിന്നല്ലെന്ന് അറിയിച്ചിട്ടുണ്ട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.
വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശി തനിക്ക് പരീക്ഷണ ശേഷമുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സെറത്തിനെതിരെ അഞ്ച് കോടി രൂപയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്‌റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഡി.സി.ജി.ഐ ആവശ്യപ്പെട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ നൽകിയതായും അതിന് ശേഷമാണ് പരീക്ഷണങ്ങൾ തുടരാൻ ഡി.സി.ജി.ഐ അനുവദിച്ചതെന്നും സെറം അറിയിച്ചു. നാഡി സംബന്ധമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു എന്ന് കാട്ടിയായിരുന്നു ചെന്നൈ സ്വദേശി കൊവിഷീൽഡ് വാക്‌സിനെതിരെ പരാതി നൽകിയത്.