
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിറുത്തിവച്ച ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചപ്പോൾ കൃത്യതയുടെ കാര്യത്തിൽ രാജ്യത്തെ ഏതൊരു റെയിൽവേ ഡിവിഷനെക്കാളും മുന്നിൽ തിരുവനന്തപുരം തന്നെ. മറ്റ് റെയിൽവേ ഡിവിഷനുകളെ അപേക്ഷിച്ച് 100 ശതമാനം കൃത്യതയാണ് കേരളം കൈവരിച്ചത്. 99.9 ശതമാനം കൃത്യതയുമായി പാലക്കാട് റെയിൽവേ ഡിവിഷനാണ് തൊട്ടുപിന്നിൽ. ലോക്ക് ഡൗൺ കാലം റെയിൽവേയെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമായിരുന്നു. കോച്ചുകളുടെ അറ്റകുറ്റപ്പണിയും മറ്റ് കാര്യങ്ങളും പൂർണമായി നടത്താൻ റെയിൽവേയ്ക്ക് ഈ സമയം ഉപകരിച്ചു.
ഭാഗികമായി ട്രെയിൻ സർവീസുകൾ ആരംഭിച്ച ശേഷം കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരം ഡിവിഷനിൽ 100 ശതമാനം കൃത്യതയോടെയാണ് ട്രെയിനുകൾ സർവീസ് നടത്തുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. കനത്ത മഴയെ തുടർന്ന് ട്രാക്കിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടത് ഒഴിച്ചാൽ കാര്യമായ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. റെയിൽവേ ഡിപ്പാർട്ട്‌മെന്റിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതെന്നാണ് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
അയൽ സംസ്ഥാനമായ തമിഴ്നാട് വരെയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നീളുന്നത്. പാലക്കാട് ഡിവിഷൻ മംഗളൂരു വരെയും നീളും. കൊവിഡ് മുമ്പ് പ്രതിദിനം 120 ട്രെയിനുകളാണ് തിരുവനന്തപുരം ഡിവിഷൻ കൈകാര്യം ചെയ്തിരുന്നത്. എന്നാലിപ്പോൾ അത് 32 മാത്രമാണ്.പാലക്കാട് ഡിവിഷനിൽ 100 ആയിരുന്ന ട്രെയിനുകൾ ഇപ്പോൾ 30 ആയി കുറഞ്ഞിട്ടുണ്ട്.
കോച്ചുകളുടെ അറ്റകുറ്റപ്പണി കൂടാതെ എൻജിനിയിറിംഗ്, സിഗ്‌നൽ, ടെലി കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ ജോലികളും റെയിൽവേ പൂർത്തിയാക്കി. ട്രെയിനുകൾ കൃത്യത പാലിക്കാൻ ഇതും കാരണങ്ങളായി. മികച്ച പാളങ്ങളും മറ്റ് സംവിധാനങ്ങളും കൃത്യമായി സർവീസ് നടത്താൻ സഹായകമായി. അഞ്ചും ആറും വർഷമായി മുടങ്ങിക്കിടന്ന ജോലികൾ പോലും ലോക്ക് ഡൗണിലെ എട്ടു മാസത്തെ സമയം കൊണ്ട് പൂർത്തിയാക്കാനായി.
കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ
ഈ മാസം മുതൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയോടെ ട്രെയിൻ ഗതാഗതം പൂർണമായും പതിവു രീതിയിൽ ആകും. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ നടത്തിയശേഷം പിന്നാലെ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. കൊവിഡ് വ്യാപനം കുറഞ്ഞ ബംഗാളിലും മഹാരാഷ്ട്രയിലും ലോക്കൽ ട്രെയിൻ സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കർണാടകയിലും ഭാഗികമായി ആരംഭിച്ചു. കൊവിഡ് വ്യാപനം കുറയാത്തതിനാൽ കേരളത്തിൽ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ചിട്ടില്ല. കേരളത്തിൽ 159 പാസഞ്ചർ ട്രെയിനുകളും 188 എക്‌സ്‌പ്രസുകളുമാണ് സർവീസ് നടത്തിവന്നത്. ഇപ്പോൾ 26 എക്‌സ്‌പ്രസ് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ ട്രെയിൻ സർവീസ് സാധാരണ നിലയിലാകുമ്പോൾ ഇപ്പോഴുള്ളവയ്ക്ക് പുറമെ കൊച്ചുവേളി- ബംഗളൂരു സൂപ്പർഫാസ്റ്ര്, കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്, തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, കന്യാകുമാരി- മുംബയ് ജയന്തി ജനത എക്‌സ്‌പ്രസ്, എറണാകുളം-ഗോരഖ്പൂർ എക്‌സ്‌പ്രസ്, വഞ്ചിനാട് എക്‌സ്‌പ്രസ്, മാവേലി എക്‌സ്‌പ്രസ്, മലബാർ എക്‌സ്‌പ്രസ്, പാലക്കാട് -മധുര എക്‌സ്‌പ്രസ് എന്നിവയും ഓടും.