modi

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികം വൈകാതെ കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താൻ പ്രധാനമന്ത്രിക്കു താൽപര്യമുണ്ടെന്ന് അറിയിപ്പു കിട്ടിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഓഫീസിൽ നിന്നും വ്യക്തമാക്കി. കഴിഞ്ഞ 20ന് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച ഇമെയിൽ സന്ദേശം ലഭിച്ചത്.

പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്യുമെന്നും ജി സുധാകരൻ വ്യക്തമാക്കി.

ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂർത്തിയാക്കി ഈ മാസം അവസാനമോ ജനുവരിയിലോ കമ്മിഷൻ ചെയ്യാമെന്നാണ് ആലോചിക്കുന്നത്. ആദ്യ പദ്ധതിയിൽ അപ്രോച്ച് റോഡുകൾ വിഭാവനം ചെയ്തിരുന്നില്ല. എൽഡിഎഫ് സർക്കാർ വന്ന ശേഷമാണ് അത്തരം പ്രശ്നങ്ങൾ പലതും പരിഹരിച്ചത്. ചിലവിന്റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.