
കിഴക്ക് നിന്ന് പടിഞ്ഞോട്ടാണ്
മടയാംതോടിന്റെ ജലപ്പുതപ്പ് വിരിച്ചിട്ടിരുന്നത്
കുട്ടിക്കാലം അതിൽ ഒഴുകി പരന്നു
വിനുവും, ഞാനും
പരലിന്റെ തിരുവാതിരയെ
തോർത്തുമുണ്ടിൽ കോരി എടുത്തിട്ടുണ്ട്.
'മൂർഖൻ" എന്ന് പേരുളള ചങ്ങാതി
മടയാംതോടിന്റെ അരികുകളെ
വടിവാളിനാൽ വെട്ടിയിട്ടിട്ടുണ്ട്.
മുറിഞ്ഞ മീനുകൾ
ഞങ്ങളുടെ വിശപ്പായിരുന്നു.
ടോർച്ചും, ചാക്കും, മഴയും
അന്നൊക്കെ ഞങ്ങൾക്കൊപ്പം
നടക്കാനിറങ്ങുമായിരുന്നു.
അങ്ങനങ്ങനെ
ഞങ്ങൾ പല കൈവഴികളായി
ഒഴുകിപ്പോയി…
ഇന്നക്കരയിലെ കാടുകൾ
ഇങ്ങോട്ട് ഒഴുകി എത്തിയിരിക്കുന്നു…
തോടിന്റെ ഓർമ്മയ്ക്കായ്
വീട്ടുപ്പേരുകൾ
'മടയാംതോട്ടുങ്കൽ" എന്നാക്കിയിട്ടുണ്ട്.
അവശേഷിക്കുന്ന ഓളങ്ങൾ
അതിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു