mvd

കാസർകോട്: മോട്ടോർ വാഹനവകുപ്പ് അധികൃതർ തടഞ്ഞ ട്രാവലർ വാഹനത്തിൽ തന്നെ കോടതി ജീവനക്കാർ ഇന്നലെയും ജോലിക്കെത്തി. തടയാനോ വാഹനം പിടികൂടാനോ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല. വെള്ളിയാഴ്ച നിയമവിരുദ്ധ യാത്രയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജീവനക്കാരുടെ രണ്ട് വാഹനം അധികൃതർ തടഞ്ഞ് പിഴ ഈടാക്കിയത്. യാത്ര നിയമ വിരുദ്ധമല്ലെന്നാണ് ജീവനക്കാരുടെ വാദം.

മോട്ടർ വാഹനവകുപ്പ് അധികൃതർ വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് നാല് ആർ.ടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതോടെ സംഭവം ഏറെ വിവാദമായിരുന്നു. സ്ത്രീകളടക്കമുള്ള ജീവനക്കാർ 20 പരാതിയാണ് ആർ.ടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ചത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെന്നിരിക്കെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് എത്തി നിൽക്കുന്നത്. അതേസമയം കേസ് ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കോടതി ജീവനക്കാരുമായി ബന്ധപ്പെടുകയാണ്. പ്രശ്നപരിഹാരം കോടതിക്ക് പുറത്തു വച്ചു നടത്താനാണ് നീക്കം.

കൊവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാലാണ് കോടതി ജീവനക്കാർ ടൂറിസ്റ്റ് യാത്രകൾക്ക് ഉപയോഗിക്കുന്ന കോൺട്രാക്ട് കാര്യേജ് ബസിലാണ് മാസങ്ങളായി കോടതിയിലെത്തിയിരുന്നത്. പയ്യന്നൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് 100 ഓളം പേരാണ് വിവിധ വാഹനങ്ങളിലായി ജോലിക്കെത്തിയിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നു പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വാഹനം തടഞ്ഞത്. കെ.എസ്.ആർ.ടി.സി അധികൃതർ കളക്ടർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 8000 രൂപ പിഴ അടപ്പിച്ചാണ് വാഹനം വിട്ടയച്ചത്. പിന്നീട് ഉദ്യോഗസ്ഥർ കാലുമാറി കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പരാതി നകിയതിനെ തുടർന്ന് ഗർഭിണികളായ സ്ത്രീകളടക്കമുള്ള 18 ജീവനക്കാർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ. കോടതി ജീവനക്കാർ 20 പരാതികളാണ് പൊലീസിന് നൽകിയത്. ഇതോടെ ഓരോ കേസിലും വെവ്വേറെ നിയമനടപടി കോടതിക്ക് സ്വീകരിക്കേണ്ടിവരും. ജില്ലാ കോടതി, സി.ജെ.എം.കോടതി, മുൻസിഫ് കോടതി, അഡീഷനൽ ജില്ലാ കോടതി, ഫസ്റ്റ് ക്ലാസ് ജില്ലാ മജിസ്‌ട്രേട്ട് കോടതി തുടങ്ങി പല കോടതി ജീവനക്കാരാണ് പരാതിക്കാർ. രണ്ടുവിഭാഗത്തിന് വേണ്ടിയും കെ.എസ്.ആർ.ടി ജീവനക്കാരുടെയും കോടതി ജീവനക്കാരുടെ സംഘടനകൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.