space-center

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയിരിക്കുയാണ് നാസ ഗവേഷകര്‍. ബഹിരാകാശത്ത് ഭാവിയില്‍ കൃഷി നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് നാസ. ഇതിന്റെ ഭാഗമായാണ് പരീക്ഷണം നടന്നത്. റാഡിഷ് ആണ് നാസ കൃഷി ചെയ്തത്. വിളവെടുപ്പിന് ശേഷം വിളകൾ ഭൂമിയിലേക്ക് തിരികെ അയക്കും. വ്യത്യസ്തമായ വെളിച്ചത്തിലും ഗുരുത്വാകര്‍ഷണം വളരെ കുറവായ സാഹചര്യങ്ങളിലും നടത്തുന്ന കൃഷിയുടെ സവിശേഷതകള്‍ തിരിച്ചറിയുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഉടന്‍ തന്നെ അടുത്ത പച്ചക്കറി കൃഷി നടത്താന്‍ തയാറെടുക്കുകയാണ് ബഹിരാകാശ നിലയത്തിലുള്ളവരെന്നും നാസ ട്വീറ്റ് ചെയ്തു.


എന്തുകൊണ്ട് റാഡിഷ് കൃഷി?

റാഡിഷ് തിരഞ്ഞെടുക്കാന്‍ പലതാണ് കാരണം. ഒന്നാമത് വളരെയധികം പോഷകഗുണം ഉള്ള പച്ചക്കറിയാണ് റാഡിഷ്. നേരിട്ട് കഴിക്കാം. വളരെ കുറഞ്ഞ സമയം മാത്രം മതി വളരാന്‍. കാബേജുമായി സാമ്യമുള്ള അറാബിഡോപ്‌സിസ് എന്ന ശാസ്ത്രീയ നാമത്തിലുള്ള സസ്യങ്ങളുമായി വളരെ അടുപ്പമുള്ള പച്ചക്കറിയാണ് റാഡിഷ്. മുന്‍പ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഈ സസ്യവിഭാഗത്തെയാണ് ഉപയോഗിച്ചിരുന്നത്. ഇത് റാഡിഷ് തിരഞ്ഞെടുക്കാന്‍ കാരണമായി.


എങ്ങനെയാണ് നാസ കൃഷി ചെയ്യുന്നത്?

അഡ്വാന്‍സ്ഡ് പ്ലാന്റ് ഹാബിറ്റാറ്റ് എന്ന് വിളിക്കുന്ന പ്രത്യേകം ഒരു അറയിലാണ് പച്ചക്കറി വളര്‍ത്തുന്നത്. 27 ദിവസമായിരുന്നു കൃഷിക്ക് വേണ്ടിവന്നത്. കാര്യമായ ശ്രദ്ധയൊന്നും ബഹിരാകാശ ഗവേഷകര്‍ ചെടികള്‍ക്ക് നല്‍കിയില്ല. കാരണം ഇതെല്ലാം നിയന്ത്രിക്കുന്ന സംവിധാനമാണ് ബഹിരാകാശ നിലയത്തിലുള്ളത്. എല്‍.ഇ.ഡി ലൈറ്റുകള്‍, കളിമണ്ണ്, വെള്ളം നനയ്ക്കാനും വളം ചേര്‍ക്കാനും ഓക്‌സിജന്‍ വിതരണത്തിനും പോഷകങ്ങള്‍ ചെടികളുടെ വേരിലേക്ക് എത്താനും യന്ത്രസംവിധാനം എന്നിവയുണ്ട്. ഏത് സമയത്തും ചെടികള്‍ വളരുന്ന അറയ്ക്കുള്ളിലെ മാറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ക്യാമറകളും സെന്‍സറുകളും ഉണ്ട്.


എന്തിനാണ് ഇപ്പോള്‍ നാസ കൃഷി ചെയ്യുന്നത്?

ഭാവിയിലെ പര്യവേഷണങ്ങളാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചാണ് അധികവും പരീക്ഷണങ്ങള്‍. ആര്‍ട്ടെമിസ് എന്ന പര്യവേഷണം ഉപയോഗിച്ച് ചന്ദ്രനില്‍ ദീര്‍ഘകാലം മനുഷ്യര്‍ക്ക് ചെലവഴിക്കാനുള്ള സാഹചര്യം നാസ പരിശോധിക്കുകയാണ്. ചൊവ്വയിലേക്കും ഇതുപോലെ ഒരു വര്‍ഷത്തിലധികം നീളുന്ന മിഷനുകള്‍ നാസ പരിഗണിക്കുന്നുണ്ട്. നീണ്ട ദൗത്യങ്ങള്‍ക്ക് വേണ്ടിവരുന്ന ഭക്ഷണം നിലവില്‍ ഗവേഷകര്‍ തന്നെ കൊണ്ടുപോകേണ്ടതാണ് ഇപ്പോഴത്തെ അവസ്ഥ. ഗുരുത്വാകര്‍ഷം കുറഞ്ഞ ബഹിരാകാശത്ത് ഭക്ഷ്യയോഗ്യമായി പച്ചക്കറികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാണെന്നാണ് നാസ കരുതുന്നത്.