
റോം: 101കാരിയായ മറിയ ഒറിഷിൻഗർ ശാസ്ത്രലോകത്തിനു തന്നെ അത്ഭുതമായി മാറുകയാണ്. ഒരു തവണ സ്പാനിഷ് ഫ്ളൂ, മൂന്ന് തവണ കൊവിഡ് ബാധിതയായിട്ടും അതിൽ നിന്നെല്ലാം രക്ഷപെട്ട് തികഞ്ഞ ആരോഗ്യവതിയായി ഇരിക്കുകയാണ് ഇറ്റലി സ്വദേശിയായ മറിയ ഒറിഷിൻഗർ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മറിയ മുത്തശ്ശിക്ക് ആദ്യമായി കൊവിഡ് പോസിറ്റീവായത്. ശാരീരികമായി അവശതകളുള്ള ഇത്രയും പ്രായമായ മുത്തശ്ശി കൊവിഡിനെ അതിജീവിക്കുമോയെന്ന് മറിയയെ ചികിത്സിച്ച ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുത്തശ്ശി തിരിച്ചുവന്നു. അതുമാത്രമല്ല ഇക്കഴിഞ്ഞ ജൂലായിൽ തന്റെ 101-ാം പിറന്നാൾ അടിപൊളിയായി ആഘോഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സെപ്തംബറിലാണ് ചെറിയൊരു പനിയുടെ രൂപത്തിൽ കൊവിഡ് വീണ്ടുമെത്തിയത്. 18 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മറിയ മുത്തശ്ശി കൊവിഡ് നെഗറ്റീവായി വീട്ടിൽ പോയി. ഇക്കഴിഞ്ഞ ആഴ്ച വീണ്ടും കൊവിഡ് പോസിറ്റീവായെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും മുത്തശ്ശിയെ അലട്ടുന്നില്ല. ചെവിക്ക് കേൾവിക്കുറവുണ്ട് എന്നതു മാത്രമാണ് മറിയ മുത്തശ്ശിയുടെ ആകെയുള്ള കുറവ്. അതുകാരണം സഹായിയായി മകളെ കൂടി ആശുപത്രിയിൽ നിറുത്തിയിട്ടുണ്ട് മുത്തശ്ശി. 1919 ജൂലായ് 21ന് ജനിച്ച മറിയ മുത്തശ്ശിക്ക് ചെറുപ്പകാലത്താണ് സ്പാനിഷ് ഫ്ളൂ പിടിപെട്ടത്.