
കാത്തുകാത്തിരുന്ന് കിട്ടിയ വേഷം അതിന് ലഭിക്കുന്ന നിറഞ്ഞ കൈയടികൾ. നാട്ടുകാരുടെയും വീട്ടുകാരുടെയും പൈങ്കിളിയാണ് ശ്രുതിയിപ്പോൾ. പ്രതീക്ഷിച്ചപ്പോഴൊന്നും കിട്ടാതെ പോയ അവസരങ്ങളായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ശ്രുതിയെ വേദനിപ്പിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോൾ, ഒട്ടും പ്രതീക്ഷിക്കാതെ, തന്റെയരികിലേക്കെത്തിയ 'സന്തോഷ"മായിരുന്നു പൈങ്കിളിയെന്ന് പറയുമ്പോൾ കണ്ണുകളിൽ തിളക്കം കൂടുന്നുണ്ട്. ചിരിക്കാനും ചിരിപ്പിക്കാനും ഏറെയിഷ്ടപ്പെടുന്ന, ഉള്ളിലെ കുട്ടിത്തം ഇപ്പോഴും വിട്ടുകളയാത്ത, ശ്രുതി ഓരോ നിമിഷവും പൈങ്കിളിയായി അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ്.
''ചക്കപ്പഴ"ത്തിലേക്കുള്ള എൻട്രി തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടിട്ട് സംവിധായകൻ ഉണ്ണികൃഷ്ണൻ സാറാണ് 'ചക്കപ്പഴ'ത്തിന്റെ സഹ സംവിധായകൻ രാഗേഷേട്ടനോട് അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കാൻ പറയുന്നത്. ഇതൊരു സിറ്റ്കോം പരിപാടിയാണെന്ന് ആദ്യമേ രാഗേഷേട്ടൻ പറഞ്ഞിരുന്നു. അത് ഒരുപാട് ഇഷ്ടമുള്ള സംഗതി ആയത് കൊണ്ടുകൂടിയാണ് ഞാൻ പൈങ്കിളി ആകാൻ എത്തിയത്. സ്ക്രീൻ ടെസ്റ്റുണ്ടായിരുന്നു. അത് ഓകെ ആയതോടെ അന്ന് തന്നെ പൈങ്കിളി ആകാൻ ഒരുങ്ങിക്കോളാൻ പറഞ്ഞു. ഇന്നിപ്പോൾ എല്ലാർക്കും ഞാൻ പൈങ്കിളിയാണ്. ലെക്കേഷനിലും പുറത്തുമൊക്കെ അങ്ങനെയാണ്. സ്വന്തം പേര് ഞാൻ തന്നെ മറന്നു പോകുന്ന അവസ്ഥയാണ് - ചിരിയോടെ ശ്രുതി പറയുന്നു..
ഇതിന് മുന്നേ എവിടെയായിരുന്നുവെന്ന് ചോദിക്കുന്നവരുണ്ട്, സ്ട്രഗിളിംഗായിരുന്നു എന്നതാണ് സത്യം. ബാലതാരമായിട്ടാണ് തുടക്കം കുറിക്കുന്നത്. അന്ന് സീരിയലിലായിരുന്നു തട്ടകം. പിന്നീട് പഠനം കാരണം ബ്രേക്കെടുത്തു. അത് കഴിഞ്ഞപ്പോൾ വീണ്ടും അഭിനയമോഹം തുടങ്ങി. പക്ഷേ, ആഗ്രഹം വന്നപ്പോൾ നല്ല അവസരങ്ങളൊന്നും കിട്ടിയില്ല. ചുരുക്കിപ്പറഞ്ഞാൽ കാത്തിരിപ്പായിരുന്നു. ആറു വർഷത്തോളം നല്ലതുപോലെ സ്ട്രഗിൾ ചെയ്തു. ഓഡിഷനൊക്കെ ഒത്തിരി പങ്കെടുത്തിട്ടുണ്ട്. ഒാരോന്നിനും പ്രതീക്ഷയോടെ പോയിട്ട്, നിരാശയോടെയാണ് മടങ്ങി വരും. മറ്റുള്ളവരുടെ കളിയാക്കലും കൂടിയാകുമ്പോൾ മനസ് ഒത്തിരി വേദനിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ വേദനയ്ക്കൊക്കെ ഫലമുണ്ടായതെന്ന് തോന്നുന്നു.

ഈ പൈങ്കിളി ഞാൻ തന്നെയാണ്
ചക്കപ്പഴം നല്ലൊരു അവസരമാണ് തുറന്നു തന്നത്. ജോയിൻ ചെയ്യുന്ന സമയത്തൊന്നും ഇത്ര പെട്ടെന്ന് ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. പക്ഷേ, അണിയറപ്രവർത്തകർക്കെല്ലാം ആ കാര്യത്തിൽ നല്ല ഉറപ്പായിരുന്നു. ഇത്ര പെട്ടെന്ന് പൈങ്കിളിയെ പ്രേക്ഷകർ സ്വീകരിച്ചത് എനിക്ക് പോലും അതിശയമാണ്. ഇന്നിപ്പോൾ പുറത്തൊക്കെ വച്ച് കാണുമ്പോൾ നമ്മുടെ പൈങ്കിളിയല്ലേ ഇതെന്ന് പറയുന്നവരുണ്ട്. ആ പേര് തന്നെയാണ് എനിക്കിത്രയേറെ ജനപ്രീതി തന്നത്.
പൈങ്കിളി എല്ലായിടത്തും ഉള്ള ആളാണ്. പുറമേ എത്ര റഫായാലും വീട്ടിൽ സ്വന്തം അച്ഛനും അമ്മയ്ക്കും ആങ്ങളമാർക്കുമിടയിൽ ഇങ്ങനെ തന്നെയാകും എല്ലാ പെൺകുട്ടികളും. വീട്ടിൽ എനിക്കുമുണ്ട് ഒരു സഹോദരൻ. ഞാനും അവനും പൈങ്കിളിയെയും സുമേഷിനെയും പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ പൈങ്കിളിയാകാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ഇത്ര അടിയില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ ഞങ്ങൾ അടിയുണ്ടാക്കാറുണ്ട്. പിന്നെ ഉറങ്ങുന്നത് എന്റെയും ഹോബിയാണ്. മൊത്തത്തിൽ എന്നെ കണ്ടെഴുതിയത് പോലെയുണ്ട് പൈങ്കിളിയെന്ന കഥാപാത്രം.
അടിപൊളി ചക്കപ്പഴം ഫാമിലി
സ്വന്തം വീട് പോലെയാണ് ഇപ്പോൾ ചക്കപ്പഴത്തിന്റെ സെറ്റും. വീട് പോലെ സ്വതന്ത്രമായി ഇടപെടാൻ കഴിയും. ആർട്ടിസ്റ്റുകൾ മാത്രമല്ല ടീം മൊത്തം അങ്ങനെയാണ്. അണിയറപ്രവർത്തകരുമായി ഞങ്ങൾക്കെല്ലാം നല്ലൊരു ബോണ്ടിംഗ് ഉണ്ട്. നാത്തൂനും ചേട്ടന്മരോടുമൊക്കെ പെരുമാറുന്നത് സ്വന്തം വീട്ടിലെ ആൾക്കാരെ പോലെയാണ്. എന്റെ മകനായി അഭിനയിക്കുന്ന കുട്ടിയും ഓഫ് സ്ക്രീനിൽ എന്നെ അമ്മയെന്ന് തന്നെയാണ് വിളിക്കുന്നത്. ഞങ്ങൾക്കിടയിലെ ബോണ്ടിംഗ് ഇത്രയേറെ ശക്തമായതു കൊണ്ടാകാം പ്രേക്ഷകർക്കും ചക്കപ്പഴം പ്രിയപ്പെട്ടതാകുന്നതും. പിന്നെ ലെക്കേഷനിലും അധികം ആൾക്കാരില്ല. കൊവിഡ് കൂടിയായതുകൊണ്ട് ലെക്കേഷനിലും നിയന്ത്രണങ്ങളുണ്ട്. കുറച്ച് പേരാകുമ്പോൾ അടുപ്പവും സ്വാഭാവികമായും കൂടും.
ചക്കപ്പഴത്തിൽ അടുപ്പം കൂടുതൽ ആരോടെന്ന് ചോദിച്ചാൽ അത് സുമയോട് തന്നെയാകാനാണ് സാദ്ധ്യത. റാഫി എന്നാണ് കക്ഷിയുടെ പേര്. ഡയറക്ടർ കട്ട് പറഞ്ഞാലും ഞങ്ങൾ ചേച്ചിയും അനിയനുമാണ്. സ്ക്രീനിൽ കാണുന്നതുപോലെയാണ് അടിയും ബഹളവുമൊക്കെ. പിന്നെ നാത്തൂനായി വരുന്ന അശ്വതിചേച്ചിയും അടിപൊളിയാണ്. എനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ്. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. ശ്രീകുമാർ ചേട്ടനോട് ആദ്യമൊക്കെ സീനിയർ അല്ലേന്ന് കരുതി കുറച്ച് ബഹുമാനത്തോടെയാണ് നിന്നിരുന്നത്. ഇപ്പോൾ പക്ഷേ സ്വന്തം ചേട്ടനെ പോലെയാണ്. വെറുതിയിരിക്കുമ്പോൾ ചുമ്മാ പോയി ഓരോ കുത്ത് കൊടുക്കും. അപ്പോൾ പുള്ളിയും തിരിച്ചു തരും. പിന്നെ അടിയായി ബഹളമായി ആകെ മൊത്തം അലമ്പാകും. അതിലെന്റെ ഭർത്താവായിട്ട് വരുന്ന അർജുനേട്ടനോടും നല്ല കമ്പനി ആണ്. പുള്ളിക്കാരന്റെ സംസാരം തന്നെ രസമാണ്.
കാമറയ്ക്ക് പുറത്തെ ഞാൻ
പഠനം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. ഏവിയേഷൻ കോഴ്സ് ചെയ്തിരുന്നു. ഇപ്പോൾ എം.എ ജേണലിസവും കഴിഞ്ഞു. അദ്ധ്യാപനമാണ് ഇഷ്ടം. ജേണലിസം പഠിച്ചതും പാഷൻ കൊണ്ടാണ്. മാദ്ധ്യമപ്രവർത്തനത്തിൽ തന്നെ അദ്ധ്യാപനരംഗത്തേക്ക് തിരിയണമെന്നാണ് ആഗ്രഹം. ഇനി പി.എച്ച്ഡി എടുക്കണമെന്നും ആഗ്രഹമുണ്ട്. എന്തായാലും പഠനം വിട്ടൊരു കളിയില്ല. പിന്നെ, വരുന്നത് എന്തായാലും അതപ്പോൾ നോക്കാമെന്നതാണ് എന്റെ രീതി. വലിയ പ്ലാനിംഗ് ഒന്നും നടത്താറില്ല. നടത്തിയാലും അതൊന്നും നടക്കാറില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ജീവിതത്തിൽ നല്ല കാര്യങ്ങളൊക്കെ സംഭവിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാകാട്ടെ. സിനിമയിൽ അഭിനയിക്കണമെന്ന് മാത്രമായിരുന്നു സ്വപ്നം, പക്ഷേ ഇപ്പോൾ പൈങ്കിളി തരുന്ന ജനപ്രീതി എത്രയോ വലുതാണ്.
സിനിമയാണ് അന്നും ഇന്നും എന്റെ പാഷൻ. ഇപ്പോഴും സീരിയലിൽ നിന്ന് ക്ഷണം വന്നിരുന്നു. പക്ഷേ, തത്കാലം സീരിയലുകൾ ചെയ്യേണ്ടെന്ന് തീരുമാനം. പഠിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് സീരിയലും പഠനവും കൂടി ഒരുമിച്ച് നടക്കില്ല. സിനിമയാകുമ്പോൾ വളരെ കുറച്ച് ദിവസങ്ങളുടെ ആവശ്യമേയുള്ളൂ. പിന്നെ അത്രയും എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രത്തെ കിട്ടിയാൽ ആലോചിക്കാമെന്നേയുള്ളൂ.
കുടുംബം പോലെയല്ല, കുടുംബം തന്നെയാണ്
പൈങ്കിളിയും ഞാനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. പിന്നെ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ചോദിച്ചാൽ ഞാൻ അത്ര പെട്ടന്ന് ആൾക്കാരുമായി അടുക്കുന്ന കൂട്ടത്തിലല്ല. നല്ല ക്ലോസായിട്ടുള്ളവർക്കിടയിൽ മാത്രമേ എനിക്ക് വാതോരാതെ സംസാരിക്കാൻ കഴിയൂ. ഏറ്റവുമടുത്ത ആൾക്കാരൊക്കെ പറയാറുണ്ട് നിനക്ക് ഇതിൽ അഭിനയിക്കേണ്ടി വരുന്നില്ലല്ലോയെന്ന്. പക്ഷേ, അത്ര അടുപ്പമില്ലാത്തവരെല്ലാം നന്നായി ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. അവർക്ക് എന്റെ ശരിക്കുള്ള സ്വഭാവം അറിയില്ല, അതു തന്നെയാണ് കാരണം. പിന്നെ കഥാപാത്രം ഒരു വെല്ലുവിളിയാണെന്നൊന്നും പറയാനാകില്ല. എന്റെ ഏതാണ്ടൊക്കെയുള്ള സ്വഭാവമെല്ലാം ഇതിലും വരുന്നുണ്ട്. പിന്നെ ഓരോ നിമിഷവും നല്ലതാക്കണമെന്ന് ചിന്തിച്ചാണ് അഭിനയിക്കുന്നത്. ഷൂട്ടില്ലാത്ത ദിവസങ്ങളിലെല്ലാം ഏറ്റവുമധികം മിസ് ചെയ്യുന്നതും ആ ലൊക്കേഷനാണ്.
പുതിയ സിനിമാക്കഥകൾ കേട്ടുകൊണ്ടിരിക്കുകയാണ്, കഥാപാത്രവും ഡേറ്റും ഒക്കെ ഒത്തുവന്നാലല്ലേ ചെയ്യാൻ പറ്റൂ. എന്തായാലും അധികം വൈകാതെ സിനിമയിൽ കാണാൻ കഴിയും.' കുഞ്ഞെൽദോ" എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ റിലീസിംഗ് മാറിപ്പോയതാണ്. സിനിമയിൽ നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
പിന്തുണയും വിമർശനവും വീട്ടിൽ തന്നെ
ഞാൻ അമ്പലപ്പുഴക്കാരിയാണ്, ഷൂട്ട് നടക്കുന്നത് ചോറ്റാനിക്കരയിലും. അവിടെ ഞങ്ങൾക്ക് ഒരു വില്ലയെടുത്ത് തന്നിട്ടുണ്ട്. ഇപ്പോൾ സ്വന്തം വീട്ടിൽ നിൽക്കാൻ അധികം സമയം കിട്ടാറില്ല. മോഡലിംഗും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ മൊത്തത്തിൽ ബിസിയാണ്. മോഡലിംഗിനോട് ചെറുപ്പം മുതലേ ഇഷ്ടമാണ്. പക്ഷേ, സീരിയസായി കാണാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നേയുള്ളൂ. ഇപ്പോൾ മോഡലിംഗിൽ അത്യാവശ്യം ആക്ടീവാണെന്ന് പറയാം. ചിലപ്പോൾ പാരമ്പര്യവും ഒരു ഘടകമായിട്ടുണ്ടാകും. ചെറിയച്ഛൻ ഫേട്ടോഗ്രാഫറാണ്, അച്ഛൻ വീഡിയോഗ്രാഫറും. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ പോസിംഗ് എനിക്ക് അത്ര പാടുള്ള പണിയല്ല . പിന്നെ ജേണലിസം കൂടിയായതോടെ കാമറ എപ്പോഴും കൂടെയുള്ളതാണല്ലോ. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ നല്ല വർക്കുകൾ കിട്ടുന്നുണ്ട്.
അച്ഛൻ രജനികാന്ത്, അമ്മ ലേഖ, അനിയൻ സംഗീത്. ഇവരൊക്കെ തന്നെയാണ് പിന്തുണയും വിമർശനവും. രാത്രി പത്ത് മണിയാകാനുള്ള കാത്തിരിപ്പിലാണ് അവരിപ്പോൾ. ചക്കപ്പഴം കണ്ടിട്ട് വേണമല്ലോ എന്നെ കളിയാക്കാൻ.