
പത്തനാപുരം: കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളിൽ പൊലീസ് റെയ്‌ഡ്. ബേക്കൽ പൊലീസാണ് റെയ്‌ഡ് നടത്തുന്നത്. എം.എൽ.എയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പരിശോധന നടക്കുന്നത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്താനാണ് പരിശോധന.
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിന് ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കാസർകോട് സ്വദേശിയായ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ ബന്ധുക്കൾ വഴിയും നേരിട്ടും ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപിനെതിരായ കേസ്. ദിലീപ് തടവിലായിരുന്നപ്പോൾ രണ്ട് തവണ ഗണേഷ് കുമാറിനൊപ്പം കാണാൻ പോയിട്ടുണ്ടെന്ന് പ്രദീപ് മുൻപ് പൊലീസിനെ അറിയിച്ചിരുന്നു.