
ജമ്മു കാശ്മീര്‍: പാര്‍ട്ടിയില്‍ ചേരാന്‍ മൂന്ന് കോടി രൂപ വാങ്ങിയിട്ടുണ്ടെന്ന പിതാവിന്റെ ആരോപണം തള്ളി മുൻ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയും ആക്ടിവിസ്റ്റുമായ ഷെഹ്‌ല റഷീദ്. ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റില്‍ ചേരുന്നതിനാണ് ബിസിനസുകാരനായ സഹൂര്‍ വതാലിയില്‍ നിന്ന് പണം വാങ്ങിയതെന്ന് ഷെഹലയുടെ പിതാവായ അബ്ദുല്‍ റഷീദ് ഷോറയുടെ ആരോപണം. ഷെഹ്‌ല,മാതാവ്, സഹോദരി, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.
എന്നാല്‍, പിതാവിനെതിരെ ഇപ്പോള്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ആരോപണം ഇദ്ദേഹം ഉന്നയിക്കുന്നതെന്ന് ഷെഹ്‌ല വ്യക്തമാക്കി. പിതാവിന്റെ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതവുമാണെന്ന് ഷെഹല പറഞ്ഞു. ഗാര്‍ഹിക പീഡനത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ മറുപടിയുമായി നവംബര്‍ 17 ന് ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി വിലക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡി.ജി.പിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മൂന്ന് പേജ് കത്തും റഷീദ് പുറത്തുവിട്ടിട്ടുണ്ട്. ഷെഹ്‌ല നടത്തുന്ന എന്‍.ജി.ഒകളെ കുറിച്ച് അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും പിതാവ് പറയുന്നു.
'ഭാര്യയെ മര്‍ദ്ദിക്കുന്ന അയാള്‍ക്കെതിരെ ഞങ്ങള്‍ തിരിഞ്ഞതിന്റെ പ്രതികരണമാണിത്. അയാളുടെ മാനസികവും ശാരീരികവുമായ പീഡനങ്ങളും അക്രമവും അമ്മ കാലങ്ങളായി സഹിച്ചു. കുടുംബത്തിന്റെ അന്തസിനെ ഓര്‍ത്താണ് നിശബ്ദരായത്. ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കാന്‍ അയാള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി. അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒന്നും ഗൗരവമായി എടുക്കരുത്', ഷെഹ്‌ല വ്യക്തമാക്കി.