
പോർട്ട്ബ്ളെയർ: കടൽ സുരക്ഷയ്ക്ക് കരുത്തുകൂട്ടി ഇന്ത്യൻ നാവികസേന. കരയിൽ നിന്നും കപ്പലുകളെ തകർക്കാൻ കഴിയുന്ന ബ്രഹ്മോസ് കപ്പൽ വേധ സൂപ്പർസോണിക് മിസൈലിന്റെ നാവികസേനാ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ 9.25ന് ആന്റമാൻ നിക്കോബാർ ദ്വീപിലായിരുന്നു പരീക്ഷണം. ഐ.എൻ.എസ് രൺവിജയ് എന്ന പടക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്.
ബംഗാൾ ഉൾക്കടലിൽ കാർനിക്കോബാർ ദ്വീപിന് സമീപം നങ്കൂരമിട്ട ഡമ്മി കപ്പലിനെ തകർത്തതായി നാവികസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു.
ശബ്ദത്തെക്കാൾ 2.8 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതും കുതിച്ചുയർന്ന ശേഷം ദിശ മാറാനും കെല്പുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ബ്രഹ്മോസ് കപ്പൽ വേധ സൂപ്പർസോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
ഇന്ത്യൻ കരസേനയുടെ സഹകരണത്തോടെയാണ് പരീക്ഷണം വിജയകരമാക്കിയതെന്ന് നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ പരീക്ഷണം. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആർ.ഡി.ഒ) റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടക്കുന്നത്.
അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു. മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ സേവനങ്ങളെ നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രഹര പരിധി: 300 കിലോമീറ്റർ
 നിർമ്മാണം: ഡി.ആർ.ഡി.ഒയും റഷ്യൻ എൻ.പി.ഒ മാഷിനോസ്ട്രൊയേനിയയും ചേർന്ന്.
 സംഘർഷം നിലനിൽക്കുന്ന ചൈന, പാകിസ്ഥാൻ അതിർത്തികളിൽ ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ വിന്യസിച്ചിട്ടുണ്ട്.