
റിപ്പോർട്ട് പുറത്തുവിട്ട് ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസി
ടെഹ്റാൻ: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഫാർസ്. മൊഹ്സിനെ വധിക്കാൻ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണാണ് ഉപയോഗിച്ചതെന്നും മൂന്നു മിനിട്ടിൽ അദ്ദേഹം ജീവൻ വെടിഞ്ഞുവെന്നുമാണ് വിവരം.
ഫഖ്രിസാദയുടെ കാറിന് സമീപത്തായി നിറുത്തിയിട്ടിരുന്ന നിസാൻ കാറിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗൺ ഉണ്ടായിരുന്നു. ഈ കാറിൽ നിന്നാണ് വെടിയുതിർത്തിരിക്കുന്നത്. ഫഖ്രിസാദ സഞ്ചരിച്ച കാർ ബുള്ളറ്റ് പ്രൂഫായിരുന്നു. വെടി ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കവേയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
‘കാർ അപകടത്തിൽപ്പെട്ടെന്ന് ഫഖ്രിസാദ കരുതി. പുറത്തിറങ്ങിയ അദ്ദേഹത്തിന് അടുത്തുള്ള നിസാൻ വാഹനത്തിന് മുകളിലെ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണിൽ നിന്ന് വെടിയേറ്റു. തുടർന്ന് മെഷീൻ ഗൺ ഉപയോഗിച്ച നിസാൻ വാഹനം പൊട്ടിത്തെറിച്ചു’ - ഇസ്രയേൽ പത്രപ്രവർത്തകൻ അമാചായ് സ്റ്റെയ്ൻ ട്വീറ്റ് ചെയ്തു.
ആക്രമണത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചതായി ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും വ്യക്തമാക്കി. സംഭവസ്ഥലത്ത് കൊല നടത്താനായി ഒരു വ്യക്തിയും ഉണ്ടായിരുന്നില്ലെന്നും ഷംഖാനിയുടെ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സാറ്റലൈറ്റ് കണക്ഷൻ വഴിയാണ് നിയന്ത്രിച്ചതെന്നാണ് കണ്ടെത്തൽ. ആക്രമണത്തിൽ യു.എസും ഇസ്രയേലും പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം ഇസ്രയേൽ ശൈലിയിലുള്ള ഒരു ആയുധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. എന്നാൽ അക്രമികളുമായിി ഫഖ്രിസാദയുടെ സുരക്ഷാ സംഘം ഏറ്റുമുട്ടിയെന്നും ആക്രമണത്തിനിടെ നാലുപേരെ കൊന്നുവെന്നും റിപ്പോർട്ടുകളുണ്ട്.