
ബെയ്റൂട്ട്: ബെയ്റൂട്ടിലെ ബോംബ് സ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കായി പാവകളുണ്ടാക്കുകയാണ് ഒരു മുത്തശ്ശി. ബെയ്റൂട്ടിലെ കലാകാരിയായ യൊലാന്റ ലബാക്കിയാണ് കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട പെൺകുഞ്ഞുങ്ങൾക്കായി പാവകൾ ഉണ്ടാക്കുന്നത്. സ്ഫോടനം നടന്നതിന്റെ അടുത്ത ദിവസം മുതൽ പുലർച്ചെ 5 മണിക്ക് ഉണരുന്ന ലബാക്കി പാവ നിർമ്മാണം ആരംഭിക്കും.
ഇതുവരെ എൺപതോളം പാവകൾ ഉണ്ടാക്കി. ഓരോ പാവയിലും അത് ലഭിക്കേണ്ട കുഞ്ഞിന്റെ മേൽവിലാസവും രേഖപ്പെടുത്തും. ഇനി 20 ഓളം പാവകൾ കൂടി നിർമ്മിക്കേണ്ടതുണ്ടെന്നാണ് ലബാക്കി പറയുന്നത്.
അക്രം നെഹ്മയെന്ന വ്യക്തിയാണ് ലബാക്കി മുത്തശ്ശിയെക്കുറിച്ചും അവരുടെ പുതിയ സംരംഭത്തെക്കുറിച്ചും ലോകത്തെ അറിയിച്ചത്. നഷ്ടമായ കളിപ്പാട്ടങ്ങൾക്ക് പകരം കിട്ടുന്ന പുഞ്ചിരിയാണ് മുത്തശ്ശിയുടെ പ്രതിഫലമെന്നും നെഹ്മ കുറിക്കുന്നു. മുത്തശ്ശിയെക്കുറിച്ച് ലോകമറിഞ്ഞതോടെ പാവകളുണ്ടാക്കാനുള്ള സാധനങ്ങൾ നൽകാനായി നിരവധി പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, അതെല്ലാം തന്റെ മാത്രം സന്തോഷമായിരിക്കണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം. ഓഗസ്റ്റ് നാലിനാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനമുണ്ടായത്.