swiggy

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയെ. മാദ്ധ്യമങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ വരെ കർഷകരുടെ പ്രതിഷേധം ചർച്ചാ വിഷയമാണ്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു. പ്രശസ്ത ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പങ്കുവച്ച ട്വീറ്റ് ഇപ്പോൾ ട്വിറ്ററിലെ തർക്ക വിഷയമാണ്.

ട്വിറ്ററിലെ ഒരു ട്വീറ്റിന് റിപ്ലൈ നൽകിയതോടെയാണ് സ്വിഗ്ഗിയ്ക്ക് നേരെ ചിലർ പാഞ്ഞെടുത്തിരിക്കുന്നത്. കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിനാണ് സ്വിഗ്ഗി മറുപടി നൽകിയത്. നിമോ തായ് 2.0 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നായിരുന്നു കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

'കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ 'ഭക്ത്' സുഹൃത്തുമായി തർക്കമുണ്ടായി. ഭക്ഷണത്തിനായി കർഷകരെ അവർ ആശ്രയിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. നമുക്ക് എപ്പോഴും സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുമല്ലോ...... അവൻ ജയിച്ചു.' ഇങ്ങനെയായിരുന്നു ട്വീറ്റ്.

Had an argument with my Bhakt friend over farmers protest.

He said that we are not dependent on farmers for food. We can always order food from Swiggy.

He won.

— Nimo Tai 2.0 (@Cryptic_Miind) November 30, 2020

തമാശ രൂപേണയുള്ള ട്വീറ്റിന് തമാശ രൂപത്തിൽ തന്നെ സ്വിഗ്ഗിയും മറുപടി ട്വീറ്റ് നൽകി. ' ക്ഷമിക്കണം, വിദ്യാഭ്യാസം ഞങ്ങൾക്ക് റീഫണ്ട് ചെയ്യാനാകില്ല' എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി ട്വീറ്റ്.

sorry, we can't refund education 🤷🏻‍♀️

— Swiggy (@swiggy_in) November 30, 2020

എന്നാൽ സ്വിഗ്ഗിയുടെ കമന്റ് മറ്റൊരർത്ഥത്തിലെടുത്ത ചിലർ സംഭവം വിവാദമാക്കുകയായിരുന്നു. ഇങ്ങനെ പറഞ്ഞത് വലതുപക്ഷ രാഷ്ട്രീയ ചായ്‌വുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണെന്നും ഫുഡ് ഡെലിവറി ആപ്പിന്റെ ആളുകൾ പക്ഷം പിടിക്കുന്നത് ശരിയല്ലെന്നും ഇവർ പറയുന്നു. തുടർന്ന് ചിലർ സ്വിഗ്ഗിയെ ബോയ്ക്കോട്ട് ചെയ്യണമെന്നുൾപ്പെടെയുള്ള ഹാഷ്ടാഗുമായി രംഗത്തെത്തുകയായിരുന്നു. അതേസമയം, സ്വിഗ്ഗിയ്ക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.