
ന്യൂഡൽഹി: രാജ്യം മുഴുവൻ കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെതിരായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിനേഷൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. വസ്‌തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്‌ത്രീയ പ്രശ്‌നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൊവിഡ് കേസുകൾ ഒമ്പത് ലക്ഷം കടക്കുകയും ഒരു ലക്ഷത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌ത സഹചര്യത്തിലാണ് രാജേഷ് ഭൂഷൺ ഈക്കാര്യം വ്യക്തമാക്കിയത്. "ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല. വസ്‌തുതാപരമായ വിവരങ്ങളെ അടിസ്ഥാനമാക്കി ശാസ്‌ത്രീയ പ്രശ്‌നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്." രാജേഷ് ഭൂഷൺ പറഞ്ഞു.
ഇന്ത്യയിലെ ദിനംപ്രതി കൊവിഡ് പോസിറ്റീവ് നിരക്ക് 3.72 ശതമാനം മാത്രമാണെന്നും(ഒരു ദശലക്ഷത്തിൽ 211 കേസുകൾ) മറ്റു വലിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാക്‌സിൻ സമയക്രമങ്ങളെ പ്രതികൂല സംഭവങ്ങൾ ഒരു തരത്തിലും ബാധിക്കില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ചു കൊണ്ട് രാജേഷ് ഭൂഷൺ പറഞ്ഞു.