chennithala

തിരുവനന്തപുരം: ബാർക്കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷത്തിന് അനുമതി നൽകിയ
സ്പീക്കർ ശ്രീരാമകൃഷണന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പീക്കർ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവയാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ്
വിജിലൻസ് അന്വേഷണമെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍ എങ്കില്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി വിജയന്‍ വിചാരിച്ചാൽ യു.ഡി എഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തെ ധീരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടർന്നായിരുന്നു സ്‌പീക്കറുടെ നടപടി.