urmila

മുംബയ്: നടിയും മുൻ കോൺഗ്രസ് നേതാവുമായ ഊർമിള മതോന്ദ്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലേക്ക് പാർട്ടി പരിഗണിക്കുന്ന 12 പേരുടെ പട്ടികയിൽ ഊർമിളയുടെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടി ശിവസേനയിൽ ചേരുന്നത്. പാർട്ടി പ്രവേശനത്തിന് പിന്നാലെ നിരവധി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ഊർമിള കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

"കങ്കണയെ പറ്റി നിരവധി കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ പ്രാധാന്യം അവർക്ക് നൽകേണ്ട ആവശ്യമില്ല. വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കും ഉണ്ട്, അവൾക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ഈ അഭിമുഖത്തിൽ കങ്കണയുമായി ബന്ധപ്പെട്ട് ‌ പ്രതികരിച്ചിട്ടില്ലെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ഊർമിള മതോന്ദ്കർ പറഞ്ഞു.

മുംബയ് മയക്കുമരുന്നിന്റെ നാടാണെന്ന് കങ്കണ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി മയക്കുമരുന്നിന്റെ ഉറവിട കേന്ദ്രമാണ് ഹിമാചല്‍ പ്രദേശെന്നും ആദ്യം സ്വന്തം നാട്ടിൽ പോയി അന്വേഷിക്കാനും കങ്കണയോട് ഊർമിള പറഞ്ഞിരുന്നു. തുടർന്നാണ് ഊർമിള പോൺ സ്റ്റാറാണെന്ന വിവാദ പ്രസ്‌താവന കങ്കണ പുറപ്പെടുവിച്ചത്. മുംബയ് നഗരം പാക് അധീന കാശ്മീരിന് തുല്ല്യമാണെന്ന കങ്കണയുടെ പ്രസ്‌താവനയാണ് ശിവസേന നേതാക്കളും കങ്കണയുമായുള്ള സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.